Kerala
ലക്ഷദ്വീപില്‍ കാവി, കോര്‍പറേറ്റ് അജന്‍ഡ അടിച്ചേല്‍പ്പിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം ലക്ഷദ്വീപില്‍ നടപ്പാക്കുന്ന സംഘ്പരിവാര്‍ അജന്‍ഡക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപ് ജനതയുടെ സവിശേഷ ജീവിതത്തിലേക്ക് കടന്നുകയറ്റത്തിന് ശ്രമം നടക്കുന്നതായും ഇത്തരം ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതക്ക് പിന്തുണ അറിയിച്ച്, അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ചില ഭേദഗതികള്‍ നിര്‍ദേശിച്ച പ്രമേയം സഭ ഐക്യകണ്‌ഠേന പാസാക്കി.
കോര്‍പറേറ്റ്, കാവി അജന്‍ഡകള്‍ ഒരു ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമാണ് നടക്കുന്നത്. അവിടത്തെ ജനാധിപത്യ സംവിധാനങ്ങെല്ലാം അടിച്ചമര്‍ത്തി ഉദ്യോഗസ്ഥ ഭരണം നടപ്പാക്കാനാണ് ശ്രമം. ദ്വീപ് നിവാസികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്രം വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.
ദ്വീപുകാരുടെ ഉപജീവനത്തേയും ഭക്ഷണക്രമത്തേയും തകര്‍ക്കാനാണ് ശ്രമം. മത്സ്യബന്ധനത്തെ തകര്‍ന്നു. ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിക്കുന്നു. തെങ്ങുകളില്‍ പോലും കാവി നിറം പൂശുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന വിചിത്രമായ വാദം ഉന്നയിക്കുന്നു. ഭൂമിയും സ്വത്തും തട്ടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. ദ്വീപ് പഞ്ചായത്തുകളുടെ അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ കവരുകയാണെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, മാത്യൂ ടി തോമസ്, ഇ ചന്ദ്രശേഖരന്‍, റോഷി അഗസ്റ്റിന്‍ പ്രസംഗിച്ചു. കേരളത്തിന്റെ ഗവര്‍ണറായിരുന്ന ആര്‍ എല്‍ ഭാട്യ, മന്ത്രിമാരായിരുന്ന കെ ്ആര്‍ ഗൗരിയമ്മ, ആര്‍ ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി എ കുര്യന്‍ കെ എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവന്‍ എന്നിവര്‍ക്ക് ചരമോപാരം അര്‍പ്പിച്ചുകൊണ്ടാണ് സഭാസമ്മേളനം ആരംഭിച്ചത്.