Kerala
ലക്ഷദ്വീപിലെ പരിഷ്‌ക്കാര നടപടികള്‍; ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി
കൊച്ചി | ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാര നടപടികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്. ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് അഭിപ്രായം അറിയിക്കാന്‍ സാവകാശം വേണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് നിവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പുതുതായി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് റെഗുലേഷന്‍ 2021 എന്ന പേരിലുള്ള നിയമ നിര്‍മാണത്തിന്റെ കരട് ചോദ്യം ചെയ്തുള്ള ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. ഒരുമാസത്തെ സാവകാശം വേണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നതാണെന്നും 593 അഭിപ്രായങ്ങള്‍ ഇതേവരെ ജനങ്ങളില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍, അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയമായ പരിഷ്‌ക്കാര നടപടികളോട് ജനങ്ങള്‍ക്കിടയില്‍ കടുത്ത വിയോജിപ്പുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. ഇതോടെയാണ് രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി ഉത്തരവായത്.