National
പ്രതിഷേധങ്ങളുടെ ആസൂത്രണം: ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം
തിരുവനന്തപുരം | അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങളുടെ കരട് വിജ്ഞാപനം പിന്‍വലിക്കുന്നതുവരെ വിത്യസ്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍, ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അമിത്ഷാ ഉറപ്പുകൊടുത്തതായി എം പി അറിയിച്ചു.
ഇന്നലെ കേന്ദ്ര ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ദ്വീപിലെ ബി ജെ പി നേതൃത്വവും ചര്‍ച്ച നടത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ലക്ഷദ്വീപിന് മാത്രമായി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ബി ജെ പി ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.