Covid19
കൊവിഡ്: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം
തിരുവനന്തപുരം | കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. എം കെ മുനീര്‍ എം എല്‍ എയാണ് നോട്ടിസ് നല്‍കിയത്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നതായും സര്‍ക്കാര്‍ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രോഗാണുവിന്റെ ഏത് വകഭേദം കൊണ്ടാണ് മരണങ്ങള്‍ ഉണ്ടായതെന്ന് പഠനം നടത്തിയോ എന്ന് സംശയമാണ്. അമ്പതില്‍ വയസില്‍ താഴെയാണ് കൂടുതല്‍ മരണങ്ങളും. മൂന്നാം തരംഗം കൂട്ടികളെ കൂടുതല്‍ ബാധിക്കുമെന്നാണ് പഠനങ്ങളെന്നും ഇതിനെ നേരിടാന്‍ ഇപ്പോഴെ തയ്യാറെടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലക്ക് വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നുവെന്നും മുനീര്‍ ആരോപിച്ചു.
എന്നാല്‍ ഇതിന് മറുപടി നല്‍കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാക്‌സിന്‍ വിതരണം ശാസ്ത്രീയമായാണെന്ന് വ്യക്തമാക്കി. രണ്ടാം തരംഗത്തിന് മുമ്പ് തന്നെ മെഡിക്കല്‍ കപ്പാസിറ്റി കൂട്ടാന്‍ കേരളം ശ്രമിച്ചുവെന്നും കൊവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളംവെക്കുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വീണ ജോര്‍ജ്ജ് വിശദീകരിച്ചു. കൂടുതല്‍ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണെന്നും വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് കാലത്തെ സര്‍ക്കാര്‍ ജനത്തെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തി. ഒരാള്‍ പോലും പട്ടിണി കിടന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടും ആരോഗ്യ മന്ത്രിക്ക് പുല്ലു വിലയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്ക് വേണ്ടെങ്കിലും ജനങ്ങള്‍ക് വേണ്ടി പ്രതിപക്ഷം സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.