Kerala
മാര്‍ക്സിസ്റ്റ് വിരുദ്ധതയുടെ ചാമ്പ്യന്‍ പദവി; മുല്ലപ്പള്ളി പരാജയപ്പെട്ടിടത്ത് സുധാകരന്റെ വിജയമന്ത്രം
കോഴിക്കോട് | മാര്‍ക്സിസ്റ്റ് വിരുദ്ധതയില്‍ എങ്ങനെ ചാമ്പ്യനാവാം എന്നതായിരിക്കും പുതിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വിജയ മന്ത്രം. കമ്മ്യൂണിസ്റ്റ് വിരുദ്ധത ആളിപ്പടര്‍ത്തുന്നതില്‍ മുല്ലപ്പള്ളിക്കുണ്ടായ പരാജയത്തെ മറികടക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പാക്കാമെന്നാണ് കെ സുധാകരന്‍ കരുതുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധത തന്നെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കുമ്പോഴും കോണ്‍ഗ്രസ് മുഖ്യമായി പരിഗണിച്ചത്. എന്നാല്‍ പാരമ്പര്യമായി കിട്ടിയ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ അതേ അളവില്‍ പ്രയോഗിക്കുന്നതില്‍ മുല്ലപ്പള്ളി പരാജയപ്പെട്ടപ്പോഴാണ് തീവ്ര കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ മുഖമുദ്രയുള്ള കെ സുധാകരനു വേണ്ടി ഒരു വിഭാഗം മുറവിളി ഉയര്‍ത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ മുല്ലപ്പള്ളിയെ അട്ടംപരതി ഗോപാലന്റെ മകനെന്ന് വിശേഷിപ്പിച്ചത് മുല്ലപ്പള്ളിയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത വെളിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് എം എസ്പിക്കാരുടെ കൂടെ ചെന്ന് കമ്മ്യൂണിസ്റ്റുകാരെ കാണിച്ച് കൊടുത്ത ഗുണ്ടാ സേനയെ നയിച്ചത് അക്കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് മുല്ലപ്പള്ളി ഗോപാലനായിരുന്നു. ആ ഒറ്റിന്റെ ചരിത്രമാണ് അട്ടംപരതി എന്ന പ്രയോഗത്തിലൂടെ അന്ന് പിണറായി തുറന്നിട്ടത്.
1948ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധന കാലത്ത് അന്നത്തെ മലബാര്‍ പോലീസുകാര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി ഗ്രാമങ്ങളില്‍ അലഞ്ഞു. അവരുടെ കൂടെ ചെന്ന് കമ്മ്യൂണിസ്റ്റുകാരെ ചൂണ്ടിക്കൊടുക്കുന്ന കോണ്‍ഗ്രസിന്റെ സംഘത്തെ ചെറുപയര്‍ സേന എന്നാണ് മലബാറുകാര്‍ വിളിച്ചത്. വീടിന്റെ മച്ചിലും മറ്റും ഇവര്‍ ഒളിവുകാരെ അന്വേഷിച്ചെത്തുന്നതിനാലാണ് അട്ടംപരതികള്‍ എന്ന പേരുവീണത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ഗോപാലന്‍ സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇത്തരം കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഫലമായാണ് ഒഞ്ചിയത്ത് എട്ടുപേരെ എം എസ് പിക്കാര്‍ വെടിവച്ചുകൊന്നത്. ആ വെടിവെപ്പിന് ഉത്തരവിട്ട ഇന്‍സ്‌പെക്ടര്‍ മുക്കാളി ടൗണില്‍ ഇറങ്ങിയപ്പോള്‍ ആദ്യമായി കണ്ടതും സംസാരിച്ചതും മുല്ലപ്പള്ളി ഗോപാലനെയാണ്്. കമ്മ്യൂണിസ്റ്റുകാരെ ഒറ്റിക്കൊടുത്ത ഒഞ്ചിയം പോലൊരു കമ്മ്യൂണിസ്റ്റ് ഗ്രാമം നല്‍കിയ പേരാണ് അട്ടംപരതി എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിശദീകരിക്കുന്നു.
കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുല്ലപ്പള്ളിയുടെ വളര്‍ച്ച. യു പി എ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയും ഏഴ് തവണ ലോക്സഭാംഗവുമായിരുന്ന മുല്ലപ്പള്ളി കെ എസ് യുവിലൂടെ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി. കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1978 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളിയായിരുന്നു. അന്ന് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ച് നിന്നു. കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട 1984 ല്‍ തന്നെ മുല്ലപ്പള്ളിയെ ഇന്ദിരാ ഗാന്ധി നേരിട്ട് കെ പി സി സി ജനറല്‍ സെക്രട്ടറിയാക്കി. 1988 ല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി. 91 ല്‍ പി വി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയും 2009 ല്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയുമായി. കെ പി സി സി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ പദവി ഒഴിഞ്ഞപ്പോള്‍ ആക്ടിംഗ് പ്രസിഡന്റായ എം എം ഹസന്‍ പകരം കെ പി സി സി പ്രസിഡന്റായി മുല്ലപ്പള്ളിയെ കൊണ്ടുവരുമ്പോള്‍ കേരളത്തിലെ സി പി എമ്മിനെ നേരിടാന്‍ മുല്ലപ്പള്ളിക്ക് പാരമ്പര്യമായി ലഭിച്ച മാര്‍ക്സിസ്റ്റ് വിരോധം തുണയാവുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പാര്‍ട്ടി പദവികളിലും പാര്‍ലിമെന്ററി പദവികളിലും ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന് സി പി എമ്മിനെ തളര്‍ത്താന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം പദവി ഒഴിയേണ്ടി വന്നു.
മുല്ലപ്പള്ളിക്ക് ആളിക്കത്തിക്കാന്‍ കഴിയാതിരുന്ന മാര്‍ക്സിസ്റ്റ് വിരോധത്തിനു തീക്കൊളുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉത്തേജനം പകര്‍ന്ന് കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തമാണ് ഇപ്പോള്‍ കെ സുധാകരനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോയി വീണ്ടും തിരിച്ചെത്തിയപ്പോള്‍ താനാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ് വിരോധി എന്നു കോണ്‍ഗ്രസുകാരെ ബോധ്യപ്പെടുത്താന്‍ അന്നു കാണിച്ച നീക്കങ്ങളാണ് സുധാകരന് കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാളിയുടെ മുഖം നല്‍കിയിത്.
കെ സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ സുപരിചിതനാവുന്നത് സി പി എമ്മിനെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകത്തിലൂടെയാണ്. അതാണ് അദ്ദേഹത്തിന്റെ കരുത്തിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടുന്നത്. 1993 മാര്‍ച്ച് നാലിന് നാല്‍പാടി വാസുവിനെ വെടിവെച്ചു വീഴ്ത്തിയത് സുധാകരന്റെ സംഘമായിരുന്നു. സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ അക്കാലത്ത് അരങ്ങേറിയ സി പി എമ്മുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളില്‍ ഒന്നായിരുന്നു നാല്‍പാടി വാസു വധം. കണ്ണൂര്‍ നഗരമധ്യത്തിലെ സേവറി ഹോട്ടലിനു നേരെ ഉച്ചനേരത്ത് ബോംബെറിഞ്ഞ് നാണു എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഇതിന് ഏതാനും ദിവസം മുമ്പായിരുന്നു.
സി പി എം ക്യാമ്പിനു നേരെ ആക്രമണം നടത്തി കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് ഭീകരതയെന്ന പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു സുധാകരന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി. സുധാകരന്‍ നടത്തിയ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജാഥയ്ക്കിടെ ആയിരുന്നു മട്ടന്നൂരിനടുത്തു വച്ച് വഴിയോരത്ത് നില്‍ക്കുകയായിരുന്ന നാല്‍പാടി വാസുവിനു നേരെ വെടിവെച്ചത്. “ഞങ്ങള്‍ ഒരുത്തനെ വെടിവെച്ചു കൊന്നിട്ടാണ് ഇവിടെ എത്തിയത്” എന്ന് മട്ടന്നൂര്‍ കവലയിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചതോടെ സുധാകരന്‍ ധീരതയുടെ പര്യായമായി ഉയര്‍ത്തപ്പെട്ടു.
ഡി സി സി ഓഫീസിലെ ബോംബുശേഖരം മാധ്യമ പ്രവര്‍ത്തകനു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കെ സുധാകരന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ചാമ്പ്യനായി. പാര്‍ട്ടിയിലെ എതിരാളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇതേ രീതിയില്‍ തന്നെ തിരിച്ചടി നല്‍കി കരുത്തിന്റെ പ്രതീകമായി വളര്‍ന്നു. രാഷ്ട്രീയ ശത്രുവായ ഇ പി ജയരാജനെ തീവണ്ടിയില്‍ വച്ചു വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പേര് ഉള്‍പ്പെട്ടതോടെയാണ് കേരളത്തില്‍ സി പി എമ്മിനോട് ഏറ്റുമുട്ടാന്‍ പറ്റിയ നേതാവ് എന്ന പ്രതിച്ഛായ സുധാകരനു സ്വന്തമായത്.