Ongoing News
യൂറോ കപ്പിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും
റോം | കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് ഇറ്റാലിയൻ നഗരമായ റോമിൽ തുടക്കമാകും. ഇന്ന് മുതൽ ജൂലൈ 12 വരെയാണ് ടൂർണമെന്റ്നടക്കുക. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരക്കും. 2019 മാർച്ച് മുതൽ നവംബർ വരെ നടന്ന 55 ടീമുകൾ പങ്കെടുത്ത യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ വഴിയെത്തിയ 20 ടീമുകളും പ്ലേ ഓഫ് വഴിയെത്തിയ നാല് ടീമുകളും അടക്കം 24 ടീമുകളാണ് യൂറോപ്യൻ കിരീടപോരാട്ടത്തിൽ അണിനിരക്കുന്നത്.
ആദ്യ മത്സരത്തിൽ ഇന്ന് ഇറ്റലി തുർക്കിയെ നേരിടും. പുലർച്ചെ 12.30നാണ് മത്സരം. മത്സരം നടക്കുന്ന പ്രദേശത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് കാണികൾക്കുള്ള പ്രവേശം. മത്സരം തത്സമയം സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ-3 ചാനലുകളിൽ കാണാം.
ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപെയും ഹാരി കെയ്‌നും, കരീം ബെൻസീമയും തുടങ്ങി ലോക ഫുട്‌ബോളിലെ മിന്നും താരങ്ങൾ ഇന്ന് മുതൽ യൂറോയുടെ കളിത്തട്ടിലാണ്. നിലവിലെ ചാമ്പ്യന്മാരുടെ പകിട്ടുമായെത്തുന്ന പോർച്ചുഗൽ, ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഇറ്റലി, സ്‌പെയിൻ, നെതർലാൻഡ്‌സ്, കന്നിക്കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട്, ബെൽജിയം ടീമുകളാണ് രംഗത്ത്.
ശക്തം ഗ്രൂപ്പ് എഫ്
ഇത്തവണത്തെ യൂറോ കപ്പിൽ ഗ്രൂപ്പ് എഫ് ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലാണ് ഗ്രൂപ്പിലെ പ്രധാന ടീം. ബ്രൂണോ ഫെർണാണ്ടസ്, ജോയോ കാൻസെലൊ, റൂബെൻ ഡയെസ്, ദ്യേഗോ ജോട്ട, ബെർണാഡോ സിൽവ, പെപെ തുടങ്ങിയ മിന്നും താരങ്ങളും ഒപ്പം ചേർന്നാൽ പോർച്ചുഗലിനെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കും.
ജർമനിയും ഫ്രാൻസുമാണ് ഗ്രൂപ്പിൽ പോർച്ചുഗലിന് പ്രധാന വെല്ലുവിളിയുയർത്തുക. ഹംഗറിയാണ് ഗ്രൂപ്പിലെ നാലാം ടീം. ജോക്വിം ലോക്ക് കീഴിലുള്ള അവസാന പ്രധാന ടൂർണമെന്റാണ് ജർമനിക്ക്. തോമസ് മുള്ളറുടെ തിരിച്ചുവരവാണ് ജർമൻ സ്്ക്വാഡിന്റെ പ്രതീക്ഷ. കയ് ഹവേർട്‌സ്, ടിമോ വെർണർ എന്നീ യുവതാരങ്ങളുടെ മാറ്റുരക്കുന്ന ടൂർണമെന്റാകും ഇത്.
അതേസമയം ഫ്രാൻസ് ലോകകപ്പിനൊപ്പം യൂറോയുടെ കിരീടവും കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. എംബാപ്പെ, ഒൺടോയ്ൻ ഗ്രീസ്മാൻ, കരീം ബെൻസീമ, എൻഗോളോ കാന്റെ, പോൾ പോഗ്ബ, ബഞ്ചമിൻ പവാർദ് തുടങ്ങി ലോകോത്തര താരങ്ങളാണ് ഫ്രഞ്ച് ടീമിൽ.
ഗ്രൂപ്പ് ഡിയിൽ ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിന്റെയും ഒരുക്കം മികച്ചതാണ്. ഫിൽ ഫോദെനും ജെയ്ഡൻ സാഞ്ചോയും ഉൾപ്പെടുന്ന യുവനിര ഇക്കുറി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. ക്രൊയേഷ്യ, സ്കോട്്ലൻഡ്, ചെക് റിപ്പബ്ലിക് എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുന്നു.
സ്പെയിൻ, സ്വീഡൻ, പോളണ്ട്, സ്ലൊവാക്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഇയിലുള്ളത്. എന്നാൽ നിലവിൽ കൊവിഡ് ബാധമൂലം സ്‌പെയിൻ പ്രതിസന്ധിയിലാണ്. ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഉൾപ്പെടെയുള്ളവർക്ക് കൊവിഡാണ്. യുവനിരയാണ് ലൂയിസ് എന്റിക്വെയുടെ സംഘത്തിന്റേത്. തുർക്കി, ക്രൊയേഷ്യ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ ടീമുകളും അട്ടിമറിക്ക് കെൽപ്പുള്ള സംഘമാണ്.
അതേസമയം ഗ്രൂപ്പ് സിയിൽ മികച്ച മുന്നേറ്റം ആര് നടത്തുമെന്ന് കണ്ടറിയണം. നെതർലാൻഡ്സ്, ഉക്രൈൻ, ആസ്്ത്രിയ തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്. ഗ്രൂപ്പ് ബിയിൽ റഷ്യ, ബെൽജിയം, ഫിൻലാൻഡ്, ഡെന്മാർക്ക് ടീമുകളാണ്..
ഗ്രൂപ്പുകൾ ഇങ്ങനെ
ഗ്രൂപ്പ് എ – ഇറ്റലി, സ്വിറ്റ്‌സർലാൻഡ്, തുർക്കി, വെയിൽസ്.
ഗ്രൂപ്പ് ബി- ബെൽജിയം, ഡെന്മാർക്ക്, ഫിൻലൻഡ്, റഷ്യ.
ഗ്രൂപ്പ് സി- ആസ്്ത്രിയ, നെതർലാൻഡ്‌സ്, വടക്കൻ മാസിഡോണിയ, ഉക്രെയ്ൻ.
ഗ്രൂപ്പ് ഡി- ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, സ്‌കോട്‌ലാൻഡ്
ഗ്രൂപ്പ് ഇ- പോളണ്ട്, സ്ലൊവാക്യ, സ്‌പെയിൻ, സ്വീഡൻ.
ഗ്രൂപ്പ് എഫ്- ഫ്രാൻസ്, ജർമനി, ഹംഗറി, പോർച്ചുഗൽ.