Articles
വര്‍ഗീയതയുടെ കുഴല്‍വിളി: ഇതാരുടെ ക്വട്ടേഷനാണ്?

കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കൂടെനിര്‍ത്തി മുസ്‌ലിം വിദ്വേഷം കൂടുതുറന്നുവിടാനുള്ള ആര്‍ എസ് എസ് അജന്‍ഡയെ കുറിച്ച് ഇതേ പേജില്‍ എഴുതിയിരുന്നു. (മുനപോയ വാക്കത്തികളാണ്; പക്ഷേ… 2021 മാര്‍ച്ച് 29). ആര്‍ എസ് എസിന്റെ ആഭ്യന്തര ശത്രുപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെങ്കിലും മുസ്‌ലിംകളുമായുള്ള “ഫൈറ്റില്‍” തങ്ങള്‍ ക്രൈസ്തവര്‍ക്കൊപ്പമാണ് എന്ന് വരുത്തിത്തീര്‍ത്ത് അവരുടെ വിശ്വാസം ആര്‍ജിക്കാമെന്നും കേരളത്തില്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാമെന്നും ആര്‍ എസ് എസ് കണക്കുകൂട്ടുന്നുവെന്ന് അന്നെഴുതുമ്പോള്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലായിരുന്നു. ഫലം വന്നപ്പോള്‍ പക്ഷേ ആര്‍ എസ് എസിന്റെ പ്രതീക്ഷകള്‍ കരിഞ്ഞു. ബി ജെ പി തകര്‍ന്നു. വിജയം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എവിടെയും നിലംതൊട്ടില്ല. ബി ജെ പിയെ എന്ന പോലെ ബി ജെ പിക്കുവേണ്ടി പണിയെടുത്ത ക്രിസ്ത്യന്‍ ഗ്രൂപ്പുകളെയും ജനം തിരസ്‌കരിച്ചു. ചില ക്രിസ്ത്യന്‍ ബെല്‍റ്റുകളില്‍ നേരിയ മുന്നേറ്റം നടത്താന്‍ സാധിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ക്കോ മുസ്‌ലിംവിരുദ്ധ അജന്‍ഡകള്‍ക്കോ സാധിച്ചില്ല.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് “പ്രമുഖ ദേശീയ പാര്‍ട്ടി”യുമായി ബന്ധപ്പെട്ട കുഴല്‍പ്പണ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആ പ്രമുഖ ദേശീയ പാര്‍ട്ടി ബി ജെ പി അല്ലെന്നും ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണച്ചെലവിന് പണം നല്‍കിയത് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ആണെന്നും അല്ലാത്ത ഒരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ഏപ്രില്‍ 28ന് സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. വ്യാജം പ്രചരിപ്പിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സുരേന്ദ്രന്‍ മറന്നില്ല. തിരഞ്ഞെടുപ്പ് ഫലം അറിവാകുവോളം വാര്‍ത്തകളിലെ ഈ അനാഥത്വം തുടര്‍ന്നു. പതിയെ ചിത്രം തെളിഞ്ഞു. ബി ജെ പി വാര്‍ത്തകളില്‍ ദൃശ്യപ്പെട്ടു തുടങ്ങി. പാര്‍ട്ടിയുടെ പേര് പറയാന്‍ പേടിച്ചവര്‍ ഉള്ളി ചേര്‍ത്ത് കുഴലപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് മെനു എഴുതി വായനക്കാരെ വിരുന്നൂട്ടി. കേസന്വേഷണം പുരോഗമിക്കവേ വാര്‍ത്താ വിശകലനങ്ങളിലേക്ക് കെ സുരേന്ദ്രന്റെ പേര് തന്നെ കയറിവന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ മകനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് വാര്‍ത്തയുണ്ടായി. ബി ജെ പി പ്രതിരോധത്തിലായി. നേതാക്കള്‍ കൂട്ടമായി പത്രസമ്മേളനം നടത്തി. എന്നിട്ടും ജനങ്ങളുടെ സംശയം നീങ്ങിയില്ല. സമൂഹ മാധ്യമങ്ങളില്‍ ബി ജെ പിയും സുരേന്ദ്രനും കുഴലും കൊടകരയും നിറഞ്ഞു. അന്നേരമാണ് സമൂഹ മാധ്യമങ്ങളില്‍ പഴയ ചര്‍ച്ച വീണ്ടും കത്തിപ്പിടിക്കുന്നത്; വ്യാജാരോപണങ്ങളും മസാലക്കഥകളും പിന്നെ കൂടിയ അളവില്‍ വര്‍ഗീയതയും ചേര്‍ത്തുള്ള മുസ്‌ലിംവിരുദ്ധ വായ്ത്താരികള്‍.
സമീപ നാളുകളില്‍ പ്രചുരപ്രചാരം നേടിയ ക്ലബ് ഹൗസ് എന്ന ലൈവ് ഓഡിയോ റൂമിലാണ് ക്രൈസ്തവ സമൂഹത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്ന ചിലര്‍ ഈ വായ്ത്താരിക്ക് തുടക്കം കുറിച്ചത്. വിഷയങ്ങള്‍ പഴയത് തന്നെ. ലവ് ജിഹാദ്, മതം മാറ്റം, ന്യൂനപക്ഷാവകാശം, സ്‌കോളര്‍ഷിപ്പ്… മൈക്കെടുത്തവര്‍ മുഴുവന്‍ വെളിച്ചപ്പാടാകുന്ന ദുരന്തം. വസ്തുനിഷ്ഠമായി സംസാരിക്കാന്‍ ശ്രമിക്കുന്നവരെ പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ സ്പീക്കേഴ്‌സ് പാനലില്‍ നിന്ന് ഓഡിയന്‍സിലേക്ക് തള്ളിയിടുന്ന അസഹിഷ്ണുത. സത്യം മൂടിവെച്ച്, നുണകള്‍ക്കു മേല്‍ രാഷ്ട്രീയ സിംഹാസനം പണിയാനുള്ള അജന്‍ഡകള്‍ക്ക് തലവെച്ചു കൊടുക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. കേരളത്തില്‍ ബി ജെ പി കുഴല്‍പ്പണ ബന്ധത്തിന്റെ പേരില്‍ ജനവിചാരണ നേരിടുന്ന കാലത്ത് വിഷയത്തെ വഴിതിരിച്ചുവിട്ട്, മുസ്‌ലിംവിരുദ്ധത എന്ന ഒറ്റബിന്ദുവിലേക്ക് ചര്‍ച്ചകള്‍ ഏകോപിപ്പിക്കുകയാണ്.
ക്ലബ് ഹൗസില്‍ “ക്രിസ്ത്യന്‍ യുവത്വമേ, ഇതിലെ വരൂ” ചര്‍ച്ച നയിച്ച ചിലരുടെയെങ്കിലും രാഷ്ട്രീയാഭിമുഖ്യം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. “ബി ജെ പി അംഗവും ആര്‍ എസ് എസില്‍ വിശ്വസിക്കുകയും ചെയ്യുന്ന…” എന്നാണ് മോഡറേറ്റര്‍മാരിലൊരാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് ഈ ചര്‍ച്ചയുടെ ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി വിലയിരുത്തവേ, ഒരു മുന്നറിയിപ്പുമില്ലാതെ, സംസാരം പൂര്‍ത്തിയാക്കാന്‍ പോലും ക്ഷമ കാണിക്കാതെ ഓഡിയന്‍സിലേക്ക് തട്ടിയത് ഇതേ മോഡറേറ്റര്‍ ആയിരുന്നു. മതേതര, ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിക്കുന്ന സ്വസമുദായത്തിലെ വിവേകശാലികളോട് പോലും ഇതാണ് സമീപനമെങ്കില്‍ ഈ ചര്‍ച്ച (അല്ല, ഏകപക്ഷീയമായ വര്‍ഗീയ പ്രക്ഷേപണം) ആര്‍ക്കുവേണ്ടിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യഥാര്‍ഥത്തില്‍ എന്താണ് ഇവരുടെ പ്രശ്‌നം?
മുസ്‌ലിം യുവാക്കള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റുന്നു എന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം, അഥവാ കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നു എന്ന്. ഇത് പുതിയ ആരോപണമല്ല. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ തന്നെ ഇക്കാര്യം നേരത്തേ ഉന്നയിച്ചതാണ്. ഈ ആരോപണത്തിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. സംസ്ഥാന, ദേശീയ അന്വേഷണ ഏജന്‍സികള്‍ ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചതാണ്. ആരോപിതരായ മുസ്‌ലിം യുവാക്കളെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തതാണ്. ഒടുവില്‍ അങ്ങനെയൊന്നില്ല എന്ന് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തതാണ്. തെളിവുകളുടെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാത്ത ആ ആരോപണം ഇപ്പോഴും ആവര്‍ത്തിക്കുന്നത് ഒട്ടും നിഷ്‌കളങ്കമായല്ല. ആരുടെ തിരക്കഥ എന്നത് അവ്യക്തവുമല്ല.
ഇനി മതം മാറ്റത്തിന്റെ കാര്യമാണോ? ലോകത്ത് മതം മാറ്റത്തിനു വേണ്ടി മാത്രം ഫണ്ടുകള്‍ നീക്കിവെക്കുകയും അതിനുവേണ്ടി സംഘടിതമായ ശ്രമം നടത്തുകയും ചെയ്യുന്നത് ക്രൈസ്തവ സഭകളാണ് എന്നത് രഹസ്യമായ കാര്യമല്ലല്ലോ. ഇന്ത്യയിലും അതൊരു വസ്തുനിഷ്ഠ യാഥാര്‍ഥ്യമല്ലേ. അത് മൂടിവെച്ചുകൊണ്ടാണ് മുസ്‌ലിം യുവാക്കളുടെ മേല്‍ മതപരിവര്‍ത്തനം ആരോപിക്കുന്നത്. ഇനി പ്രണയം സാക്ഷാത്കരിക്കാന്‍ വേണ്ടി സ്വന്തം ഇഷ്ടാനുസൃതം ഒരാള്‍ സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതത്തില്‍ പ്രവേശിച്ചു എന്നിരിക്കട്ടെ ഇന്ത്യന്‍ ഭരണഘടന പ്രകാരം അതൊരു തെറ്റാകുന്നില്ലല്ലോ. സുപ്രീം കോടതി അഭിഭാഷകനായ പ്രമോദ് പുഴങ്കര കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: “ക്രിസ്ത്യന്‍ സഭകള്‍ ലോകത്തെമ്പാടും സജീവമായി നടത്തിയ ഒരു സംഗതിയാണ് മതംമാറ്റം. അഥവാ മതംമാറ്റമാണ് ക്രിസ്ത്യന്‍ സഭകളെ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചത്. അതുകൊണ്ട് മതംമാറ്റത്തെക്കുറിച്ചുള്ള സഭാകുലതകള്‍ മറ്റുള്ളവര്‍ അംഗീകരിക്കണമെന്നില്ല. ഒരാള്‍ക്ക് മതം മാറാം എന്ന യുക്തിയെ നിങ്ങള്‍ അംഗീകരിക്കുന്നു എങ്കില്‍ ഒരാള്‍ക്ക് അതിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതുപയോഗിച്ചാണ് ഇന്ത്യയില്‍ ആദിവാസി മേഖലകളിലടക്കം പലരും മതം മാറുന്നതും അല്ലെങ്കില്‍ മതം മാറ്റുന്നതും. എന്നാല്‍ തീര്‍ത്തും ആത്മീയമായ കാരണങ്ങള്‍ കൊണ്ട് മാത്രമേ മതം മാറാവൂ എന്നൊന്നും നിര്‍ബന്ധമില്ല. അതിനു മാനദണ്ഡങ്ങളും വെക്കുന്നില്ല. എന്നാല്‍ അത്തരത്തില്‍ മതം മാറ്റത്തിന് കാരണങ്ങള്‍ കാണിക്കണമെന്നും അതിനു ഇന്‍ക്യുബേഷന്‍ പിരീഡ് വേണമെന്നും വിവാഹ മതംമാറ്റത്തിന് നിയന്ത്രണം വേണമെന്നും ഒക്കെയുള്ള നിയമങ്ങള്‍ സംഘ്പരിവാറിന്റെ സംസ്ഥാന സര്‍ക്കാറുകളാണ് കൊണ്ടുവരുന്നത്”. ഇപ്പോള്‍ ലവ് ജിഹാദ് എന്ന പേരില്‍ ക്രിസ്ത്യന്‍ സഭ നടത്തുന്ന ആരോപണത്തിന്റെ യുക്തി അംഗീകരിച്ചാല്‍ ഈ പ്രലോഭന മതംമാറ്റത്തിന്റെ സംഘ്പരിവാര്‍ യുക്തി അംഗീകരിക്കലാകുമെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നുണ്ട്.
ക്രൈസ്തവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ കവര്‍ന്നെടുക്കുന്നു എന്നാണ് മറ്റൊരു ആരോപണം. ഏത് കഠിനയുക്തി ഉപയോഗിച്ചും സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത വാദമാണിത്. എന്തുകൊണ്ട്? 2011 ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ 61,41,269 ആണ്. അഥവാ ആകെ ജനസംഖ്യയുടെ (3,34,06,061) 18.38 ശതമാനം. കേരള ക്രൈസ്തവരില്‍ 61 ശതമാനം റോമന്‍ കത്തോലിക്കരാണ്. 37.44 ലക്ഷം വരും കത്തോലിക്കരുടെ എണ്ണം. റോമന്‍ കത്തോലിക്കരില്‍ മൂന്ന് സഭകളാണ് കേരളത്തില്‍ ഉള്ളത്; സീറോ മലബാര്‍ സഭയും ലത്തീന്‍ കത്തോലിക്കാ സഭയും സീറോ മലങ്കര സഭയും. ഇതില്‍ സീറോ മലബാര്‍ വിഭാഗക്കാര്‍ക്കാണ് ക്രൈസ്തവ ജനസംഖ്യയില്‍ മേല്‍ക്കൈ ഉള്ളത്. 23,46,000 ആണ് അവരുടെ എണ്ണം. തൊട്ടുപിറകില്‍ ലത്തീന്‍ കത്തോലിക്കരാണ്, 9,33,000 പേര്‍. യാക്കോബായ സിറിയന്‍ വിഭാഗം 7,42,000. ഓര്‍ത്തഡോക്‌സ് സിറിയന്‍ വിഭാഗം 5,58,000. മാര്‍ത്തോമാ സിറിയക്കാര്‍ 4,05,000. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ) വിശ്വാസികള്‍ 2,74,000. പെന്തക്കോസ്ത്/ചര്‍ച്ച് ഓഫ് ഗോഡ് വിഭാഗക്കാര്‍ 2,14,000. ദളിത് ക്രൈസ്തവര്‍ 1,60,000. ഇതാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ എണ്ണക്കണക്ക്. ഇതില്‍ ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത (ദളിത്) ക്രിസ്ത്യാനികളും മാത്രമാണ് പിന്നാക്ക സമൂഹത്തില്‍ ഉള്‍പ്പെടുന്നത്. ബാക്കി 80 ശതമാനം ക്രൈസ്തവരും മുന്നാക്ക സമുദായമാണ്. അവര്‍ക്ക് മുന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് അവിടെ നിന്ന് ഒരാനുകൂല്യവും കിട്ടുകയില്ല. അപ്പോള്‍ പിന്നെ ക്രൈസ്തവരുടെ അവകാശങ്ങളിലോ ആനുകൂല്യങ്ങളിലോ മുസ്‌ലിംകള്‍ പങ്കുപറ്റി എന്ന് എങ്ങനെ പറയാനാകും?
കേരളത്തിലെ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് വേണ്ടി കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. 3.11.2016ന് രാജു എബ്രഹാമിന് അന്നത്തെ പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ കെ ബാലന്‍ നല്‍കിയ മറുപടി പ്രകാരം, പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ മുഖേന പരമാവധി 21,50,000 രൂപ വിവിധ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നുണ്ട്. അതില്‍ ചില്ലിക്കാശ് പോലും മുസ്‌ലിംകള്‍ക്ക് കിട്ടില്ല. കാരണം അത് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പ്രത്യേകമായി അനുവദിക്കുന്ന വായ്പകളാണ്. ലത്തീന്‍ കത്തോലിക്കരില്‍ മഹാഭൂരിപക്ഷം മത്സ്യത്തൊഴിലാളികളാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍. അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഏത് പദ്ധതിയിലാണ് മുസ്‌ലിം സമുദായം കൈയിട്ടുവാരിയിട്ടുള്ളത്. ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴില്‍ അനുവദിക്കപ്പെടുന്ന സ്‌കോളര്‍ഷിപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കുമായുള്ള 20 ശതമാനത്തില്‍ അര്‍ഹതപ്പെട്ട ആരെയെങ്കിലും തഴഞ്ഞ് അതുകൂടി മുസ്‌ലിംകള്‍ക്ക് എടുത്തുകൊടുത്തു എന്നാണോ വാദം? എങ്കില്‍ അത് വസ്തുതകള്‍ നിരത്തി തെളിയിക്കുകയല്ലേ വേണ്ടത്? അങ്ങനെ സംഭവിച്ചതുകൊണ്ടല്ല ഇപ്പോള്‍ കോടതി 80:20 അനുപാതം റദ്ദാക്കിയിരിക്കുന്നത്. വിധിന്യായം വായിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ക്രൈസ്തവര്‍ക്ക് കിട്ടേണ്ട ആനുകൂല്യം മുസ്‌ലിംകള്‍ക്ക് വകമാറ്റിക്കൊടുത്തു എന്നൊരു പരാതി കോടതിക്ക് മുമ്പില്‍ എത്തിയിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായെങ്കിലല്ലേ പരാതി ഉന്നയിക്കാനാകൂ.
വസ്തുതകള്‍ ഇതായിരിക്കെ ഇപ്പോള്‍ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് വര്‍ഗീയതയുടെ മുളക് തേച്ച് അവതരിപ്പിക്കുന്നവര്‍ ലക്ഷ്യമിടുന്നത് എന്തായിരുന്നാലും ശരി, അതിന്റെ ഗുണഭോക്താക്കള്‍ നിശ്ചയമായും സംഘ്പരിവാര്‍ തന്നെയായിരിക്കും. സമഗ്രാധിപത്യ സര്‍ക്കാറിനെതിരെയോ അവരുടെ പാര്‍ട്ടിക്കെതിരെയോ പ്രതിഷേധമുയരുന്ന എല്ലാ ഘട്ടങ്ങളിലും മറികടക്കാന്‍ അവര്‍ പുറത്തെടുത്ത ഏറ്റവും മാരകമായ ആയുധം “എതിരാളികളില്‍” നിന്നുതന്നെ ഒറ്റുകാരെ സൃഷ്ടിക്കുക എന്നതാണ്. ഇന്ത്യയില്‍ ആര്‍ എസ് എസിന്റെ എതിരാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുസ്‌ലിംകളാണ്, തൊട്ടുപിറകില്‍ ക്രൈസ്തവരാണ്. ഒറ്റുകാരുടെ ഇടം ചരിത്രത്തില്‍ എവിടെയാണ് എന്ന് സമൂഹ മാധ്യമങ്ങളിലെ പുതിയ യൂദാസുമാര്‍ വായിച്ചറിയുന്നത് നല്ലതാണ്.
അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രചാരണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് കത്തോലിക്കാ യുവജന വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കെ സി വൈ എമ്മിന്റെ പേര് ദുരുപയോഗിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില ചര്‍ച്ചകള്‍ നടന്നത് എന്നതുകൊണ്ടാകാം വിഷയം വളരെ ഗൗരവമായി കണ്ട് ഇടപെടാന്‍ സംഘടന മുന്നോട്ടുവന്നത്. “നിങ്ങള്‍ക്ക് ഏതൊരു വിഷയത്തെപ്പറ്റിയും, സംസ്ഥാന സമിതി ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പേരും ഇടവകയും വ്യക്തമാക്കിക്കൊണ്ട് കെ സി വൈ എം സംസ്ഥാന സമിതിക്ക് നിര്‍ദേശം നല്‍കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും ചെയ്യാതെ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങള്‍ സംശയദൃഷ്ടിയോടെ മാത്രമേ നോക്കി കാണാന്‍ സാധിക്കുകയുള്ളൂ. ക്രൈസ്തവ യുവജനങ്ങള്‍ക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നല്‍കുന്ന ഇത്തരം പ്രവണതകള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ ശക്തമായ നടപടികളുമായി കെ സി വൈ എം മുന്നോട്ടുപോകും”. അപ്പോള്‍ സീന്‍ കൂടുതല്‍ തെളിയുകയാണ്. ഇപ്പോള്‍ ചില ക്രൈസ്തവ ഗ്രൂപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ ക്രൈസ്തവ സഭക്ക് വേണ്ടിയല്ല. പിന്നെയോ? അതിന്റെ ഉത്തരം ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളിലുണ്ട്.