Malappuram
മലപ്പുറത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം മുന്നോട്ട് വരണം: കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം | ജില്ല രൂപീകരണം നടന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്ന ജില്ലയുടെ പുരോഗതിക്കായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ല ഭരണകൂടം അടിയന്തിരമായി മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.വിസ്തൃതിയിലും ജനസാന്ദ്രതയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ജില്ലയുടെ വികസനത്തിനായി വിഭവ വിതരണത്തില്‍ പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് ജില്ലയുടെ സ്ഥാനം. ഇതിനു സമയബന്ധിതമായ പരിഹാരത്തിനായി മുഴുവന്‍ ജനപ്രതിനിധികളും രാഷ്ട്രിയ സാമൂഹ്യ സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇടുങ്ങിയ പ്രാദേശിക സാമുദായികവുമായ വേര്‍തിരിവുകള്‍ അവസാനിപ്പിച്ച് ആദിവാസികളുള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന സ്ഥലമെന്ന പരിഗണന നല്‍കി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണം.
ഉന്നത പഠന മേഖലയിലെ കുറവുകള്‍ ഇനിയും നികത്താതിരിക്കുന്നതും പേരിന് മാത്രമായി പ്രവര്‍ത്തിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ത്വരിതപ്പെടുത്താതും ജനാധിപത്യ സമൂഹത്തിലെ ഒരു സര്‍ക്കാറിനും ഭൂഷണമല്ല. സംസ്ഥാനത്തെ മുഴവന്‍ പ്രദേശങ്ങളുടെയും തുല്യമായ വളര്‍ച്ചയിലൂടെയാണ് നവകേരളം യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും കമ്മിറ്റിയുണര്‍ത്തി. കേവല ഭരണ പങ്കാളിത്തം നഷ്ടപ്പെടുമ്പോഴുളള മുറവിളികളല്ല ജില്ലയുടെ പുരോഗതിക്കാവശ്യം.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, സയ്യിദ് കെ.കെ എസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി.കെ.യു മൗലവി, പി.എസ് കെ ദാരിമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദു റഹ്മാന്‍ സഖാഫി, പി.കെ. ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെ.പി. ജമാല്‍ കരുളായി, എ. അലിയാര്‍ കക്കാട് സംബന്ധിച്ചു.