Business
ഗ്ലാസ്‌ഡോറിന്റെ മികച്ച നൂറ് സി ഇ ഒമാരുടെ പട്ടികയില്‍ നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്ത്

ന്യൂഡല്‍ഹി | ഫെയ്‌സ്ബുക്ക് സിഇഒയും സഹസ്ഥാപകനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഗ്ലാസ്‌ഡോറിന്റെ മികച്ച നൂറ് സിഇഒമാരുടെ പട്ടികയില്‍ നിന്ന് പുറത്തായി. 2013 ന് ശേഷം ആദ്യമായാണ് ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ നിന്ന് മാര്‍ക്ക് ഒഴിവാക്കപ്പെടുന്നത്. ജീവനക്കാരുടെ അംഗീകാര റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് ഗ്ലാസ്‌ഡോര്‍ റാങ്കിംഗ് കണക്കാക്കുന്നത്. മാര്‍ക്കിന്റെ കാര്യത്തില്‍ അത് ഗണ്യമായി കുറഞ്ഞു.
ജീവനക്കാരുടെ അംഗീകാര റേറ്റിംഗ് 99 ശതമാനം ഉയര്‍ത്തി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിലെ റിക്ക് ലെസ്സര്‍, അഡോബിന്റെ ശാന്താനു നാരായണ്‍, ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ എം.ഡി പീറ്റര്‍ പിസ്റ്റേഴ്‌സ് എന്നിവര്‍ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലിടം നേടി. പട്ടികയില്‍ അവസാനമായി ഉണ്ടായിരുന്ന വ്യക്തിക്ക് 90 ശതമാനം ജീവനക്കാരുടെ അംഗീകാര റേറ്റിംഗുകള്‍ ലഭിച്ചു.
എന്നാല്‍ മാര്‍ക്കിലേക്ക് വരുമ്പോള്‍, 2019 മുതല്‍ 2021 വരെ അദ്ദേഹത്തിന്റെ റേറ്റിംഗില്‍ വലിയ ഇടിവ് സംഭവിച്ചതായി വ്യക്തം. 2019 ല്‍ അദ്ദേഹത്തിന് 94 ശതമാനം ജീവനക്കാരുടെ അംഗീകാര റേറ്റിംഗ് ലഭിച്ചുവെങ്കിലും 2021 ല്‍ അദ്ദേഹത്തിന്റെ റേറ്റിംഗ് 89 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് മികച്ച 100 സി ഇ ഒമാരുടെ പട്ടികയില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടത്.
2013 ല്‍ ഗ്ലാസ്‌ഡോര്‍ പട്ടിക ആരംഭിക്കുമ്പോള്‍ 99 ശതമാനം അംഗീകാരത്തോടെയാണ് സുക്കര്‍ബര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. എന്നാല്‍ 2020 അവസാന മാസങ്ങളിലും 2021 ന്റെ തുടക്കത്തിലും റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 700 ഓളം ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയിലാണ് ഗ്ലാസ്‌ഡോര്‍ സര്‍വേ നടത്തിയത്. അതീവ രഹസ്യമായാണ് ജീവനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
അവലോകനങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അവരുടെ തൊഴില്‍ അനുഭവവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ റേറ്റുചെയ്യാന്‍ ജീവനക്കാരോട് ഗ്ലാസ്‌ഡോര്‍ ആവശ്യപ്പെട്ടിരുന്നു.