National
സ്വിസ് ബേങ്കിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിക്ക് മുകളില്‍
ന്യൂഡല്‍ഹി | ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബേങ്കുകളിലെ നിക്ഷേപം 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്(20,700 കോടി രൂപയിലധികം) മുകളിലെത്തിയതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡ് സെന്‍ട്രല്‍ ബേങ്കിന്റെ വാര്‍ഷിക കണക്കിലാണ് ഇത് സംബന്ധിച്ച സൂചന. ഉപഭോക്താക്കളുടെ പണനിക്ഷേപത്തില്‍ കുറവുണ്ടെങ്കിലും കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയായി സ്വിസ് ബേങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. ബേങ്കുകളുടെ ഇന്ത്യയിലുള്ള ശാഖകളിലൂടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലൂടെയുമുള്ള നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും.
2019ന്റെ അവസാനത്തില്‍ 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്(6,625 കോടി രൂപ)ആയിരുന്ന ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകാരുടെ ആകെ നിക്ഷേപം. എന്നാല്‍ രണ്ട് കൊല്ലത്തിനിടെ വന്‍ വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2006 ല്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ആയിരുന്ന റെക്കോഡ് ഇന്ത്യന്‍ നിക്ഷേപത്തില്‍ 2011, 2013, 2017 എന്നീ വര്‍ഷങ്ങളിലൊഴികെ ഇടിവുണ്ടാകുന്ന പ്രവണതയാണ് 2019 വരെ പ്രകടിപ്പിച്ചിരുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.2020 അവസാനത്തോടെനിക്ഷേപം 2554.7 മില്യണ്‍ സ്വിസ് ഫ്രാങ്ക്(20,706 കോടി രൂപ) ആണെന്നാണ് സ്വിസ് നാഷണല്‍ ബേങ്ക് (എസ്എന്‍ബി)അറിയിക്കുന്നത്.