Connect with us

Kozhikode

മുഖം മിനുക്കി കോഴിക്കോട്; അക്ഷരക്കൂട്ടിന് പിന്നിൽ മുഖ്‌താർ

Published

|

Last Updated

തിരുന്നാവായ | കോഴിക്കോട് കടപ്പുറത്ത് സന്ധ്യാസമയത്ത് അവിടെ എത്തിയാൽ വെളിച്ചം പകരുന്ന മനോഹരമായ ഒരു അക്ഷരക്കൂട്ടം നിങ്ങളുടെ മനം നിറക്കും. “നമ്മുടെ കോഴിക്കോട്” എന്ന മനോഹരമായ ഒരു ടൈപ്പോഗ്രഫി ആർട്ട്. കോഴിക്കോടിന്റെ ആതിഥ്യ സൗന്ദര്യം വിളിച്ചോതുന്ന ഒരു മനോഹരമായ നിർമിതി.

തിരുന്നാവായ കൊടക്കൽ സ്വദേശിയും കൊളത്തൂർ ഇർശാദിയ്യ വിദ്യാർഥിയുമായ ഫാസിൽ മുഖ്താറാണ് ഇതിന് പിന്നിൽ. കോഴിക്കോട് ജില്ല ഭരണകൂടത്തിന് വേണ്ടി കലക്ടറേറ്റ് ഡിസൈൻ ടീമിന്റെ ആവശ്യപ്രകാരമാണ് ഫാസിൽ ടൈപ്പോഗ്രഫി തയ്യാറാക്കിയത്.

കുഞ്ഞുനാളിലെ അറബിക് കാലിഗ്രാഫിയിൽ താത്പര്യമുണ്ടായിരുന്ന മുഖ്താർ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് ഈ രംഗത്തെ തന്റെ കഴിവുകള്‍ കൂടുതൽ പ്രയോജനപ്പെടുത്തിയത്. ദഅ്‌വ കോളജിലെ ആർട്ട് ഫെസ്റ്റും എസ് എസ് എഫ് സഹിത്യോത്സവുകളും അവസരങ്ങളായി. സ്റ്റേറ്റ് സുന്നി ഡിസൈനേഴ്‌സ് വിംഗ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ വലിയ മുതൽക്കൂട്ടായതായി അദ്ദേഹം പറയുന്നു. ടൈപ്പോഗ്രഫിയുടെ ഡിജിറ്റൽ സാധ്യത മനസ്സിലാക്കി ലോക്ക് ഡൗൺ കാലം പൂർണമായും ഉപയോഗപ്പെടുത്തി. ആവശ്യക്കാരുടെ കൂടി ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി തയ്യാറാക്കുന്നത് കാരണം ഇത്തരം ഡിസൈൻ ആണ് ഇപ്പോൾ ട്രെൻഡ്.

യൂട്യൂബ് ചാനലുകൾക്കും മദ്ഹ് ഗാനങ്ങൾക്കും ടൈറ്റിൽ എഴുതി ശ്രദ്ധേയനായ ഫാസിൽ അറബി കാലിഗ്രാഫിയിൽ നിരവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. കടപ്പുറത്തെ ബോർഡ് ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് പല സർക്കാർ ഏജൻസികൾ ഡിസൈൻ ചെയ്യാനായി ഇപ്പോൾ മുഖ്താറിനെ സമീപിക്കുന്നുണ്ട്. സ്വന്തമായി മലയാളം ഫോണ്ടുകൾ തയാറാക്കാനുള്ള ശ്രമത്തിലാണ് ബിരുദ ഒന്നാം വർഷ വിദ്യാർഥിയായ ഈ പ്രതിഭ. സൂർപ്പിൽ മുസ്തഫയുടെയും ഫസീലയുടെയും മകനാണ് ഫാസിൽ മുഖ്താർ. അഫ്‌ലഹ്, ഫാഇസ് സഹോദരങ്ങളാണ്.