Kerala
കെ ടി ഡി സി ഹോട്ടലുകളിൽ ഭക്ഷണം ഇനി കാറിലേക്ക് വരും; 'ഇന്‍ കാര്‍ ഡൈനിംഗ് ' 30 മുതൽ
തിരുവനന്തപുരം | കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറൻ്റുകളിൽ “ഇൻ കാർ ഡൈനിംഗ് ” എന്ന നൂതന പരിപാടിക്ക് തുടക്കമാവുകയാണ്.
“ഇൻ കാർ ഡൈവിംഗി”ൻ്റെ ഉദ്ഘാടനം ജൂൺ 30 ന് വൈകുന്നേരം നാലു മണിക്ക് കായംകുളം ആഹാർ റസ്റ്റോറൻ്റിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ ടി ഡി സി ആഹാർ റസ്റ്റോറൻ്റുകളിലും ഇതോടൊപ്പം ” ഇന്‍ കാര്‍ ഡൈനിംഗ് ” ആരംഭിക്കും.
പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ഹോട്ടലുകളിൽ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കും. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യേണ്ട. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും. കോവിഡ് വ്യാപിക്കുന്ന സാഹചര്യം കുറക്കാനുമാകും.
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങാനും ആലോചിക്കുന്നുണ്ട്.