Connect with us

Gulf

ഇന്റർനാഷണൽ ഡെന്റൽ കോൺഫറൻസും എക്സിബിഷനും ചൊവ്വാഴ്ച തുടങ്ങും

Published

|

Last Updated

ദുബൈ | ദുബൈ എമിറേറ്റ്സ് ഇന്റർനാഷണൽ ഡെന്റൽ കോൺഫറൻസും അറബ് ഡെന്റൽ എക്സിബിഷനും (എഇഇഡിസി ദുബായ് 2021) ചൊവ്വാഴ്ച തുടങ്ങും. സിൽവർ ജൂബിലി പതിപ്പാണ് ഈ വര്ഷത്തേത്. സഊദി അറേബ്യ അതിഥി രാജ്യമായിരിക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടികൾ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും.

കോൺഫറൻസുകൾ, ഫോറങ്ങൾ, പ്രധാനപ്പെട്ട ആഗോള ഇവന്റുകൾ എന്നിവയ്‌ക്കായുള്ള ആഗോള ലക്ഷ്യസ്ഥാനമായും നേതാക്കൾ, ചിന്തകർ, പണ്ഡിതന്മാർ എന്നിവരുടെ സംഗമവേദിയായും ദുബൈ മാറുകയാണെന്ന് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവദ്  അൽ കെത്ബി പറഞ്ഞു. ലോകത്തിലെ മെഡിക്കൽ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ എന്നിവരിൽ നിന്നും സ്മാർട്ട് സാങ്കേതികവിദ്യകളും പരിഹാരങ്ങളും നിർമ്മിക്കുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികളിൽ നിന്നും അറിയാനുള്ള അവസരം കോൺഫറൻസും പ്രദർശനവും നൽകുന്നു.

ആരോഗ്യമേഖലയിൽ സഊദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ഈ മേഖലയിൽ കൂടുതൽ സഹകരണം വളർത്താനും ഡിഎച്ച്എ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡെക്സ് ഹോൾഡിംഗ് ആണ് എഇഇഡിസി സംഘാടകർ. 155 രാജ്യങ്ങളിൽ നിന്നുള്ള 55,000 ത്തോളം പങ്കാളികളെയും സന്ദർശകരെയും ആകർഷിക്കും. മൂവായിരത്തിലധികം കമ്പനികൾ 4,000ലധികം ബ്രാൻഡുകളിലൂടെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും പ്രദർശിപ്പിക്കും.  പ്രൊഫസർമാർ, ഡോക്ടർമാർ, ശസ്ത്രക്രിയാ വിദഗ്ധർ, പ്രഭാഷകർ എന്നിവരുൾപ്പെടെ 75 വിദഗ്ധരുമായി 173ലധികം ചർച്ചാ സെഷനുകൾ നടക്കും. അമേരിക്ക, ഇറ്റലി, ജർമനി, ദക്ഷിണ കൊറിയ അടക്കം പവലിയൻ ഒരുക്കി ഏറ്റവും പുതിയ സേവനങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കും.

Latest