Connect with us

Articles

കര്‍ഷക സമരം പിടിച്ചുനില്‍ക്കുന്നതും മുന്നേറുന്നതും

Published

|

Last Updated

കര്‍ഷക സമരം പ്രതിസന്ധികളെയും ഭരണകൂട ഭീകരതകളെയും അതിജീവിച്ച് മുന്നേറുകയാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് നമ്മുടെ മഹാത്മാവാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗവും സമ്പദ് ഘടനയുടെ നട്ടെല്ലും കൃഷിയാണ്. രാജ്യസുരക്ഷയുടെ അടിസ്ഥാനം ഭക്ഷണമുത്പാദിപ്പിക്കുന്ന കര്‍ഷകരുമാണ്. എന്നാല്‍ നിയോലിബറല്‍ മുതലാളിത്തത്തിന്റെ പരിചാരകനായ മോദി കര്‍ഷകരെയും കൃഷിയെയും കോര്‍പറേറ്റുവത്കരിക്കുകയാണ് ചെയ്യുന്നത്.

രാഷ്ട്രപിതാവ് രാഷ്ട്രത്തിന്റെ ആത്മാവായി വിശേഷിപ്പിച്ച ഗ്രാമങ്ങളില്‍ ഇന്ന് തദ്ദേശീയ ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൃഷിയും കര്‍ഷകരും നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ചോരവറ്റി വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ചയാണിന്ന് രാജ്യം ദര്‍ശിക്കുന്നത്. കൃഷിത്തകര്‍ച്ചയും വിളനഷ്ടവും കടക്കെണിയും കൊടും പട്ടിണിയും ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും അതേത്തുടര്‍ന്നുള്ള കൂട്ടപ്പലായനങ്ങളും ആത്മഹത്യകളും നിത്യസംഭവങ്ങളായിരിക്കുന്നു. അപ്പോഴും പൗരന്മാരോട് കൊഞ്ഞനംകുത്തുകയാണ് ഭരണകൂട സംവിധാനങ്ങള്‍. വിലക്കയറ്റമടക്കമുള്ള ജനദ്രോഹ നയങ്ങള്‍ക്കൊപ്പം ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും സാമ്പത്തിക അരാജകത്വത്തിന്റെയും മുന്‍ഗണനാ അട്ടിമറിയുടെയും കെടുതികള്‍ വേറെ.

പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ വിസ്തക്ക്, പാര്‍ലിമെന്റ് മന്ദിരത്തിന് ചെലവാക്കുന്നത് 20,000 കോടി രൂപയാണ്. പ്രധാനമന്ത്രിക്ക് ഉലകം ചുറ്റാന്‍ 8,400 കോടിയുടെ ആഡംബര ആകാശവാഹനം. ഔദ്യോഗിക വസതിയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് പോകാന്‍ തുരങ്കപാത തുടങ്ങി പഞ്ചനക്ഷത്ര സൗകര്യങ്ങളുടെ പട്ടിക നീളുകയാണ്. മോദിയുടെ ഇതുവരെയുള്ള വിദേശ യാത്രക്ക് 2,000 കോടിയിലധികം ചെലവഴിച്ചു. പട്ടേല്‍ പ്രതിമക്ക് മൂവായിരം കോടി, കുംഭമേളക്ക് അയ്യായിരം കോടി, പശു സംരക്ഷണത്തിന് 150 കോടി, കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ ജഡങ്ങള്‍ പുല്ലിന്‍കൂനപോലെ കൂട്ടിയിട്ടു കത്തിക്കുന്ന ശവപ്പറമ്പായ ഉത്തരേന്ത്യയുടെ മുഖച്ചിത്രമാണിത്.

കര്‍ഷകരും തൊഴിലാളികളും ആദിവാസികളുമടക്കം അടിസ്ഥാന വിഭാഗങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ രാജ്യമാകെ വിവരണാതീതമായ അസംതൃപ്തി പടരുകയാണ്. ചര്‍ച്ചകളില്ലാതെ കേന്ദ്രം അടിച്ചേല്‍പ്പിച്ച, ബഹുരാഷ്ട്രാ ഭീമന്മാര്‍ക്കുമാത്രം തുണയാകുന്ന, അമിത വാണിജ്യവത്കരണം ലക്ഷ്യമാക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ തുറന്നുകാട്ടി രാജ്യ തലസ്ഥാനത്ത് കിസാന്‍ സംഘടനകളുടെ സംയുക്ത സമിതി ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭം ഏഴ് മാസം തികഞ്ഞിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനത്തിന്റെ തീവ്രതയും അനിശ്ചിതത്വവും അപകടസാധ്യതയും കുറഞ്ഞു തുടങ്ങിയതിനാല്‍ ചെറുത്തുനില്‍പ്പ് കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.

“കൃഷി സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ” എന്ന സുപ്രധാന ആവശ്യം മുറുകെ പിടിച്ച് കര്‍ഷകര്‍ അഖിലേന്ത്യാ തലത്തില്‍ രാജ്ഭവനുകള്‍ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായ, പൗരാവകാശങ്ങള്‍ക്ക് വിലങ്ങിട്ട, അഭിപ്രായ സ്വാതന്ത്ര്യം കുഴിച്ചുമൂടിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ നാല്‍പ്പത്തിയാറാം വാര്‍ഷികം കടന്നു പോയ ദിവസങ്ങളിലാണ് രാജ്യ വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നത്. സംഘ്പരിവാര്‍ കാര്‍മികത്വത്തിന് കീഴില്‍ മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടമാടുന്നതെന്ന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയതും പ്രധാനം. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെല്ലാം അതിന്റെ ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്. സമര നേതാക്കളുമായി വീണ്ടും കൂടിയാലോചനക്ക് തയ്യാറാണെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇടക്ക് മോദി നയങ്ങളുടെ സ്തുതിപാഠകരെയും വരേണ്യവാദ നിലപാടുകളുടെ പ്രചാരകരെയും തിരുകിക്കയറ്റിയ വിദഗ്ധ സമിതിയെ നിയമിച്ച് കര്‍ഷകരെ കബളിപ്പിക്കാനും ശ്രമമുണ്ടായല്ലോ. എന്തെല്ലാം കൗശലങ്ങളാണ് പയറ്റുന്നത്. കര്‍ഷകര്‍ കെണിയിലൊന്നും വീഴാതിരിക്കാന്‍ പ്രത്യേകം ജാഗ്രത കാണിച്ചു. മോദിയുടെ തട്ടിപ്പുകളെ അതിജീവിച്ചു കൊണ്ടാണ് സമരം തുടരുന്നത്.

രാജ്യാതിര്‍ത്തിയില്‍ 2020 നവംബര്‍ 26നാണ് ദേശീയ പാതകള്‍ ഉപരോധിച്ച് ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധത്തിന് കര്‍ഷകര്‍ തുടക്കമിട്ടത്. മരംകോച്ചുന്ന തണുപ്പിനെയും ഉരുകിയൊലിപ്പിക്കുന്ന ചൂടിനെയും മാത്രമല്ല മഹാമാരിയെയും വകവെക്കാതെയായിരുന്നു വന്ദ്യവയോധികരും കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള ജനസഞ്ചയം പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡുകളിലും തെരുവിലും ടെന്റുകളിലും സമരം തുടര്‍ന്നത്. രണ്ടാം ഘട്ടമായി, തങ്ങളുടെ നിത്യജീവിതം താറുമാറാക്കിയ കോര്‍പറേറ്റനുകൂല നിലപാടുകള്‍ക്കെതിരെ ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ സമര കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. പലരും ട്രാക്ടറുകളിലാണ് എത്തിയത്. ഭക്ഷണം പാകംചെയ്യാനും വിശ്രമിക്കാനും ഉറങ്ങാനും കൊച്ചുകുട്ടികളെ ഊഞ്ഞാലാട്ടാനും അത് ഉപയോഗിക്കുന്നു. മോദി ഭരണത്തിന്റെയും അതിന്റെ അനുബന്ധമായ ഡല്‍ഹി പോലീസിന്റെയും പലവിധ അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ പരാജയപ്പെടുത്തിയായിരുന്നു അത്. പോലീസ്, പട്ടാള വാഹനങ്ങള്‍ ഓടിച്ചുകയറ്റിയും കണ്ണീര്‍വാതക ഷെല്ലുകളും വെടിയുണ്ടകളും വര്‍ഷിച്ചും കര്‍ഷക രോഷത്തെ ചോരയില്‍ മുക്കിക്കൊല്ലാനും ശ്രമമുണ്ടായി. ജെ എന്‍ യു വിദ്യാര്‍ഥി പ്രതിഷേധ നാളുകളിലെന്ന പോലെ ഗുരുതര വകുപ്പുകള്‍ ചുമത്തിയുള്ള കള്ളക്കേസുകള്‍ മറ്റൊരു തന്ത്രം. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തെ “ദേശവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം” എന്നാണ് അപഹസിക്കപ്പെട്ടത്. അതിന്റെ ചുവടുപിടിച്ച് ഹീനമായ അപവാദ പ്രചാരണങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്. സര്‍ക്കാര്‍ അനുകൂല മാധ്യമ ശൃംഖലകളുടെയും കോര്‍പറേറ്റ് നുണനാവുകളുടെയും കള്ളക്കഥകള്‍ അതിജീവിച്ചാണ് കര്‍ഷക സമരം പിടിച്ചുനില്‍ക്കുന്നതും മുന്നേറുന്നതും. ദേശീയ രംഗത്തെ നേതാക്കളും സുപ്രധാന ട്രേഡ് യൂനിയനുകളും വിദ്യാര്‍ഥി, യുവജന, സ്ത്രീ സംഘടനകളും ആക്ടിവിസ്റ്റുകളും കലാകാരന്മാരും ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ടെന്നത് കര്‍ഷക സമരത്തിന് കരുത്തു പകരുന്നതാണ്.

കര്‍ഷക സമരം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നിര്‍ണയിക്കുമെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. ബി ജെ പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിലും കേന്ദ്ര സര്‍ക്കാറിനെതിരായ മുന്നണി രൂപപ്പെടുത്തുന്നതിലും പ്രേരക ഘടകമായി മാറുന്ന അവസ്ഥയാണ് രാജ്യത്ത് വളര്‍ന്നു വന്നിരിക്കുന്നത്.

Latest