Kerala
ബേപ്പൂരിലേക്ക് കണ്ടെയ്നര്‍ കപ്പല്‍; കേരളത്തിന്റെ ജലഗതാഗത മേഖലയില്‍ നാഴികക്കല്ലാവും
കോഴിക്കോട് | ബേപ്പൂര്‍ തുറമുഖത്ത് ബുധനാഴ്ച ആദ്യ കണ്ടയിനര്‍ കപ്പല്‍ എത്തുമ്പോള്‍ അത് കേരളത്തിന്റെ ജല ഗതാഗത മേഖലയില്‍ നാഴികക്കല്ലായിത്തീരും. ഹ്രസ്വദൂര ചരക്കുകപ്പല്‍ സര്‍വീസ് കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആദ്യ കണ്ടെയിനര്‍ കപ്പല്‍ ബേപ്പൂരില്‍ എത്തുന്നത്. കൊച്ചി- ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളെ കൂട്ടിയിണക്കിയാണ് ആദ്യഘട്ടം ചരക്കുനീക്കം. രണ്ടാം ഘട്ടം കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ കോര്‍ത്തിണക്കും.
രണ്ടാം ഇടതു സര്‍ക്കാറിന്റെ പ്രകടന പത്രികയില്‍ ബദല്‍ പാത എന്ന നിലയില്‍ ജല ഗതാഗതത്തിന് ഉയര്‍ന്ന പ്രാധാന്യമാണു നല്‍കുന്നത്. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും എന്നതു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. സര്‍ക്കാറിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് ആദ്യ കണ്ടെയ്നര്‍ എത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്ന വാഗ്ദാനം കൂടി നടപ്പാകുമ്പോള്‍ ചരക്കുകടത്തിന്റെ വലിയ സാധ്യതകള്‍ തുറക്കുമെന്നാണു പ്രതീക്ഷ.
തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കുക, ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കുക, കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കുക, വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാക്കുക, അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കുക തുടങ്ങിയ പദ്ധതിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുംബൈ ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റ് ഷിപ്പിങ് കമ്പനിയാണ് കൊച്ചി- ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളെ കൂട്ടിയിണക്കി “എം വി ഹോപ് സെവന്‍” എന്ന കണ്ടെയിനര്‍ കപ്പല്‍ സര്‍വീസ് നടത്തുന്നത്. ആദ്യം ഗുജറാത്തില്‍നിന്ന് മലബാര്‍ മേഖലയിലേക്കുള്ള തറയോടുകളുമായാണ് കപ്പലെത്തുന്നത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന കപ്പല്‍ കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തേക്ക് പോയി ബുധനാഴ്ച ബേപ്പൂര്‍ തുറമുഖത്തെത്തും.
സമുദ്ര മാര്‍ഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയില്‍ വ്യാപാര, വ്യവസായ, വാണിജ്യ മേഖലക്ക് വന്‍ സാമ്പത്തിക – സമയലാഭമുണ്ടാകും. സാധാരണ കൊച്ചി തുറമുഖത്തെത്തുന്ന ചരക്കുകള്‍ റോഡുമാര്‍ഗമാണ്് എത്തിക്കുന്നത്. ഇത് കപ്പല്‍ വഴിയാകുമ്പോള്‍ ചരക്കുകടത്തുനിരക്കില്‍ 40 ശതമാനത്തോളം ലാഭമുണ്ടാകും. വൈകാതെ ദുബായ്, ഷാര്‍ജ, ഒമാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളിലെക്കും കൊച്ചിയെ ബന്ധപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കും. മുഖ്യമായും ടൈല്‍സ്, ടയര്‍, സിമന്റ്, മാര്‍ബിള്‍, എഡിബിള്‍ ഓയില്‍, പ്ലൈവുഡ് തുടങ്ങിയ ഇനങ്ങളാണ് കണ്ടെയിനര്‍ വഴി എത്തുന്നത്.
ബേപ്പൂര്‍ തുറമുഖത്ത് ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൊബൈല്‍ ക്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇടത്തരം തുറമുഖങ്ങളുടെ സംപൂര്‍ണ പ്രവര്‍ത്തനച്ചുമതലയുള്ള കേരള മാരിടൈം ബോര്‍ഡും കപ്പല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയാണ് കണ്ടെയിനര്‍ കപ്പല്‍ ഗതാഗതത്തിനു വഴിയൊരുങ്ങിയത്. ബോര്‍ഡ് ചെയര്‍മാന്‍ പി ജെ മാത്യുവും മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനിക്കുവേണ്ടി ജെ എം ബക്‌സി ഗ്രൂപ്പും നടത്തിയ ചര്‍ച്ചയിലാണ് ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, കൊച്ചി തുറമുഖങ്ങളില്‍ മുംബൈയില്‍നിന്ന് കണ്ടെയിനര്‍ കപ്പല്‍ വരുത്താന്‍ ധാരണയായത്.
ബേപ്പൂര്‍ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നേരില്‍ കാണാനും തുറമുഖ അധികൃതരുമായി ചര്‍ച്ച നടത്താനും റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനി സി ഇ ഒ കിരണ്‍ ബി നന്ദ്രേ കോഴിക്കോട്ട് എത്തിയിരുന്നു. കണ്ടെയ്നര്‍ കപ്പല്‍ എത്തുന്നതിനു മുമ്പായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള എഫ് ആര്‍ ആര്‍ ഒ വിന്റെ എന്‍ ഒ സി ലഭ്യമാക്കിയിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിങ് കമ്പനിയുടെ കണ്ടെയ്‌നര്‍ കപ്പലാണ് ആദ്യമായി ബേപ്പൂര്‍ തുറമുഖത്ത് ചരക്കുമായെത്തിയത്. തുടര്‍ന്ന് “ഗ്രേറ്റ് സീ വേമ്പനാട്” എന്ന കണ്ടൈയ്നറും എത്തി.
ഒരു പുതിയ വന്‍കിട ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കുമെന്നതാണ് കേരളം കാത്തിരിക്കുന്ന മറ്റൊരു നടപടി. അഴീക്കല്‍ ഒരു നദീമുഖ ഹാര്‍ബറാണ്. ഇതിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മിക്കുന്നതിനു വേണ്ടി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണവും പൂര്‍ത്തീകരിക്കും.
ഉള്‍നാടന്‍ ജലഗതാഗതവും ഇതോടൊപ്പം വളരുമെന്നാണു പ്രതീക്ഷ. പശ്ചിമ കനാല്‍ ശൃംഖലയുടെ ഭാഗമായി മാഹിക്കും വളപട്ടണത്തിനും ഇടയ്ക്കുള്ള 26 കിലോമീറ്റര്‍ കനാലുകള്‍ പുതുതായി കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തി 2022ല്‍ പൂര്‍ത്തീകരിക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലപാതകളുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. നാലു ദേശീയ ജലപാതകള്‍ ഉള്‍പ്പെടെ സഞ്ചാരയോഗ്യമായ 1548 കിലോമീറ്റര്‍ ജലപാതകള്‍ കേരളത്തിലുണ്ട്. 24 മണിക്കൂറും ഗതാഗതയോഗ്യമായ ആദ്യ ദേശീയ ജലപാതയാണ് കൊല്ലം-കോട്ടപ്പുറം. 1993ലാണ് ഈ പാത ദേശീയ ജലപാതയായി പ്രഖ്യാപിച്ചത്.
കോവളം മുതല്‍ കാസര്‍കോടു വരെ ജലപാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന കേരളം വെറും സ്വപ്നമല്ല. കോവളം മുതല്‍ കൊല്ലം വരെ 74 കിലോമീറ്ററും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ 183 കിലോമീറ്ററും യഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷ.