Editorial
വി ഐ പി രഹിത സംസ്‌കാരം അനിവാര്യം
ജനാധിപത്യ ഇന്ത്യയുടെ നെഞ്ചിനേറ്റ മുറിവാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ കുരുങ്ങി രോഗിയായ ഒരു സ്ത്രീ മരിക്കാനിടയായ സംഭവം. കാണ്‍പൂരില്‍ വന്ദന മിശ്ര എന്ന അമ്പതുകാരിയാണ് മരിച്ചത്. കടുത്ത രോഗബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു വന്ദന മിശ്രയെ. അന്നേരം ജന്മനാട് സന്ദര്‍ശിക്കാനായി ഉത്തര്‍ പ്രദേശില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി വന്ദനയും കുടുംബവും. ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അവര്‍ മരണപ്പെട്ടു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസിന്റെ കാണ്‍പൂര്‍ മേഖലയിലെ വനിതാ വിഭാഗം മേധാവിയായിരുന്നു വന്ദന.
സംഭവത്തില്‍ രാഷ്ട്രപതിയും കാണ്‍പൂര്‍ പോലീസും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഖേദപ്രകടനം കൊണ്ട് പക്ഷേ ആ കുടുംബത്തിനുണ്ടായ നഷ്ടവും ദുഃഖവും പരിഹരിക്കാനാകില്ലല്ലോ. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി വി ഐ പികളുടെ സന്ദര്‍ശനത്തെ ചൊല്ലിയുള്ള ഗതാഗതക്കുരുക്കും സാധാരണക്കാരന്റെ ദുരിതങ്ങളും ഇതാദ്യത്തേതല്ല. ആശുപത്രിയിലേക്കു പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളും അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വി ഐ പി സന്ദര്‍ശനത്തെ തുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി കഷ്ടതകളനുഭവിച്ചിട്ടുണ്ട് മുമ്പും. ഒരു വി വി ഐ പി സന്ദര്‍ശനത്തിനെത്തുമ്പോള്‍ മണിക്കൂറുകള്‍ക്കു മുമ്പേ വിമാനത്താവളം മുതല്‍ സന്ദര്‍ശന സ്ഥലം വരെയുള്ള റോഡുകളില്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ഗതാഗതത്തിനു വിലക്കേര്‍പ്പെടുത്തും. ആ സമയത്ത് അത് വഴി യാത്രക്കിറങ്ങിത്തിരിച്ചവര്‍ മണിക്കൂറുകളോളം റോഡില്‍ കാത്തുകിടക്കണം. പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹികളായി മുദ്രകുത്തിയെങ്കിലോ എന്ന ഭയത്താല്‍ ആരും പരസ്യമായി പ്രതികരിക്കാറില്ല. തങ്ങളിതൊക്കെ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന മട്ടില്‍ മനസ്സാലെ ശപിച്ച് മൗനം പാലിക്കുകയാണ് പതിവ്. കാണ്‍പൂരില്‍ മരണപ്പെട്ടത് പ്രാദേശിക നേതാവായ ഒരു സ്ത്രീയായതു കൊണ്ടാണ് അവരുടെ മരണം വാര്‍ത്തകളില്‍ ഇടം നേടിയതും കാണ്‍പൂര്‍ പോലീസ് മേധാവി അസിം അരുണ്‍ ഖേദപ്രകടനം ട്വീറ്റ് ചെയ്തതും.
ജനാധിപത്യ സംസ്‌കാരവുമായി പൊരുത്തപ്പെടുന്നതല്ല വി ഐ പി സംസ്‌കാരം. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കും സാധാരണക്കാരനും എല്ലാ രംഗത്തും തുല്യതയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അധികാരി വര്‍ഗത്തിന്റെ ജീവനും സമയത്തിനും തുല്യം വിലപ്പെട്ടതാണ് ഭരണീയരുടെ ജീവനും സമയവും. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ യാത്രാ സൗകര്യത്തിനു വേണ്ടി സാധാരണക്കാരന്റെ യാത്രക്കു തടസ്സം സൃഷ്ടിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് യോജിച്ചതല്ല. മധ്യപ്രദേശ് ലോകായുക്തയുടെ ഒരു കേസില്‍, ജനപ്രതിനിധികള്‍ക്ക് പാര്‍ലിമെന്റിലോ നിയമസഭയിലോ മാത്രം മതി പ്രത്യേക പരിരക്ഷയെന്നും സഭക്ക് പുറത്ത് അവര്‍ സാധാരണ പൗരന്മാര്‍ മാത്രമാണെന്നും 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതാണ്. സഭാ നടപടികള്‍ സുഗമമായി നടക്കുന്നതിനാണ് ജനപ്രതിനിധികള്‍ക്ക് സഭക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതെന്നും സഭക്ക് പുറത്ത് സാധാരണ ജനങ്ങള്‍ നേരിടുന്ന എല്ലാ നിയമപരമായ നടപടികള്‍ക്കും ജനപ്രതിനിധികള്‍ വിധേയരാകണമെന്നും ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗോഗോയി, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ അവരുടെ മേധാവിത്വം പ്രകടിപ്പിക്കാന്‍ കൊണ്ടുവന്നതാണ് വി ഐ പി സംസ്‌കാരം. സ്വതന്ത്ര ഇന്ത്യയില്‍ ഇനിയതിന്റെ ആവശ്യമുണ്ടോ?
രാജ്യത്ത് വി ഐ പിയെന്നോ അല്ലാത്തവരെന്നോ വേര്‍തിരിവ് വേണ്ടെന്നും ഇനി മുതല്‍ ഇ പി ഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) രീതി മതിയെന്നുമാണ് 2017 ഏപ്രിലിലെ മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ ഈ പ്രസ്താവന. ബീക്കണ്‍ മാറ്റിയതു പോലെ എല്ലാവരുടെയും മനസ്സില്‍ നിന്ന് വി ഐ പി ചിന്താഗതി മാറണമെന്നും മോദി അഭിപ്രായപ്പെട്ടു. എന്നാല്‍ വാഹനങ്ങളിലെ ബീക്കണ്‍ ഒഴിവാക്കിയെന്നല്ലാതെ രാജ്യത്തെ വി ഐ പി സംസ്‌കാരത്തിന് ഒരു മാറ്റവുമില്ല. അതിപ്പോഴും പൂര്‍വോപരി ശക്തമായി തുടരുന്നു. ഉന്നത സ്ഥാനീയര്‍ പോകുന്ന വഴിയില്‍ പോലീസുദ്യോഗസ്ഥന്മാര്‍ സല്യൂട്ട് ചെയ്യുക, താഴേക്കിട ജീവനക്കര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യുക തുടങ്ങി നിരവധി കീഴ് വഴക്കങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയമെന്നത് സുഗമമായ സാമൂഹിക ജീവിതത്തിന് വഴിയൊരുക്കാനുള്ള ഔദ്യോഗിക മാര്‍ഗം മാത്രമാണ്. ജനജീവിതം ക്ലേശരഹിതമാക്കുകയെന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. അവകാശ സംരക്ഷണവും ഹനിക്കപ്പെടാത്ത സ്വാതന്ത്ര്യവും അതിന്റെ അനിവാര്യഘടകങ്ങളാണ്. അത് പൗരന്റെ സഞ്ചാര സ്വാതന്ത്ര്യമടക്കം ഒരവകാശവും തടസ്സപ്പെടുത്താന്‍ കാരണമായിക്കൂടാ.
ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷയോ വി ഐ പി പരിഗണനയോ ഇല്ലാത്ത, മറ്റു പൗരന്മാരെ പോലെ മാത്രം പരിഗണിക്കുന്ന ഫിന്‍ലാന്‍ഡ് പോലുള്ള രാഷ്ട്രങ്ങളുണ്ട്. വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി പരിശോധന സ്ഥലത്തോ റോഡുകളില്‍ സഞ്ചരിക്കുമ്പോഴോ മറ്റോ ഭരണതലപ്പത്ത് ഇരിക്കുന്നവര്‍ക്കോ ഉന്നത സ്ഥാനീയര്‍ക്കോ അവിടങ്ങളില്‍ പ്രത്യേക പരിഗണനകളൊന്നുമില്ല. ഒരു സാധാരണ പൗരന്‍ മാത്രം. അവരുടെ സുരക്ഷയെ ചൊല്ലി റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യാറുമില്ല. ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമെന്നവകാശപ്പെടുന്ന ഇന്ത്യയിലും അനിവാര്യമായും നിലവില്‍ വരേണ്ടതാണ് ആര്‍ക്കും പ്രത്യേക പരിഗണനയില്ലാത്ത വി ഐ പി രഹിത സംസ്‌കാരം. ജനസേവനമാണല്ലോ രാഷ്ട്രീയം. ജനങ്ങളെ സേവിക്കുന്നവരെങ്കില്‍ ജനപ്രതിനിധികള്‍ക്ക് പ്രത്യേക സുരക്ഷാ സംവിധാനത്തിന്റെ ആവശ്യമില്ല. അവരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ രംഗത്തു വരും. അധികാര പദവികളിലെത്തിയാല്‍ ജനങ്ങളെ വിസ്മരിക്കുന്നവര്‍ക്കേ സ്വന്തം സുരക്ഷയില്‍ ആശങ്ക ഉണ്ടാകൂ.