Covid19
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കൊവിഡിനാല്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. നഷ്ടപരിഹാര തുക എത്രയെന്ന് സര്‍ക്കാറിന് തീരുമാനിക്കാം. എത്രയായാലും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം നഷ്ട പരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. ആറ് മാസത്തിനകം ഇത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മരണ സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് മൂലമാണ് മരിച്ചതെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇതില്‍ വീഴ്ചകള്‍ വരുത്തരുത്. മരണ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൊവിഡില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.
രാജ്യത്ത് 3.98 ലക്ഷത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെങ്കില്‍ പതിനാറായിരം കോടിയിലേറെ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കൊവിഡിനെ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ഒന്നായി കാണാന്‍ കഴിയില്ലെന്നും ഇതിനാല്‍ നഷ്ട പരിഹാരം നല്‍കാനാകില്ലെന്നുമായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഈ വാദങ്ങളെല്ലാം തള്ളിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.