Kerala
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസുകാര്‍ക്ക് മര്‍ദനം; പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി | മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതി കോവില്‍ക്കടവ് സ്വദേശി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജൂണ്‍ ഒന്നിന് ഇടുക്കി മറയൂരിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മറയൂര്‍ പോലീസ് സ്റ്റേഷനിലെ അജീഷ് പോളിനും രതീഷിനുമാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയേറ്റ് അജീഷ് പോളിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു.
ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുമ്പോള്‍ അജീഷിന്റെ സംസാരശേഷിയും വലതു കൈകാലുകളുടെ ചലന ശേഷിയും നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് അജീഷിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്.
ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആറു ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഒരു പരിധി വരെ തിരിച്ചുകിട്ടിയിട്ടുണ്ട്.