Editorial
ലോക്ക്ഡൗണിലും ഗാര്‍ഹിക പീഡകര്‍ക്ക് അവധിയില്ല
എല്ലാം സ്തംഭിച്ച ലോക്ക്ഡൗണ്‍ കാലത്തും ഗാര്‍ഹിക പീഡനങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കും മാറ്റമുണ്ടായില്ല, വര്‍ധിക്കുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ 1,149 കേസുകളാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള നാല് മാസത്തിനിടെ ഇതിന്റെ പകുതിയോളം അഥവാ 572 കേസുകള്‍ ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇക്കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മൊത്തം പോക്‌സോ കേസുകളുടെ എണ്ണം 1,225 വരും. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം 2020 മുതല്‍ കുട്ടികള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം 1,807 എണ്ണമാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍. അതേസമയം ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള നാല് മാസങ്ങള്‍ക്കിടെ തന്നെ 784 കേസുകള്‍ ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,807 കേസുകളില്‍ 1,080 എണ്ണവും ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃബന്ധുക്കളില്‍ നിന്നോ നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ പേരിലുള്ള കേസുകളാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വാട്ട്‌സ്ആപ്പ് വഴി 9400080292 എന്ന നമ്പറിലും ചൈല്‍ഡ് ലൈന്‍ നമ്പറായ 1098ലും സ്ത്രീകള്‍ക്കുള്ള ഹെല്‍പ്പ് ലൈന്‍ (മിത്ര) നമ്പര്‍ 181ലും പരാതികള്‍ നല്‍കാവുന്നതാണെന്ന് വിളംബം ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനുമുണ്ട് ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് അടിയന്തര സഹായം ലഭിക്കുന്നതിനുള്ള വാട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. ഇതൊന്നും പീഡനം തടയുന്നതിന് ഫലപ്രദമായില്ലെന്നാണ് മേല്‍റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത്.
കേരളത്തിന്റെ മാത്രം അവസ്ഥയല്ല ഇത്. ദേശീയ തലത്തിലും ആഗോളതലത്തിലും ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് നേരേയുള്ള ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഒരു വീട്ടമ്മ ഭര്‍തൃസഹോദരന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 12 കി.മീറ്റര്‍ നടന്ന് മാതാപിതാക്കളുടെ സമീപത്തേക്ക് പോയ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍ സ്വന്തം വീടെങ്കിലുമുണ്ടായെങ്കില്‍ രാജ്യത്ത് പല പ്രദേശങ്ങളിലും നിരവധി സ്ത്രീകള്‍ക്ക് വീട്ടിലേക്ക് പോകാന്‍ സാധ്യമല്ല. വിവാഹത്തോടെ സ്വന്തം കുടുംബത്തിലുള്ള എല്ലാ അവകാശവും അവര്‍ക്ക് നഷ്ടമാകുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നല്ലൊരു വിഭാഗം സ്ത്രീകളും കുട്ടികളും കുറ്റവാളികളുടെ കൈയില്‍ അകപ്പെട്ട തടവുകാരെപ്പോലെ ആയി മാറിയിരിക്കുകയാണ്. കൊറോണ ലിംഗഭേദമില്ലാതെ പടര്‍ന്നു പിടിച്ചു കൊണ്ടിരുന്നപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രതിരോധിക്കേണ്ടത് വൈറസിനെ മാത്രമായിരുന്നില്ല, ഗാര്‍ഹിക പീഡനത്തെയും ഞരമ്പു രോഗികളെയും കൂടിയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍ പ്രകാരം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട് ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍. “നിഴല്‍ മഹാമാരി” എന്നാണ് ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഗാര്‍ഹിക പീഡനത്തെ യു എന്‍ വിശേഷിപ്പിക്കുന്നത്. ചൈന, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി ലോകത്തെങ്ങും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സില്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ സൗജന്യ താമസവും ഭക്ഷണവും സജ്ജീകരിച്ചിരുന്നു. സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റിത്താമസിപ്പിക്കുകയല്ല, അക്രമകാരികളായ പുരുഷന്മാരെ മാറ്റുകയാണ് പരിഹാരമെന്നാണ് ഈ നടപടിയോട് ഫ്രാന്‍സിലെ വനിതാ സംഘടനകള്‍ പ്രതികരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനം നടക്കുന്നത് ഫ്രാന്‍സിലാണ്. ഇവിടെ 18-75 പ്രായമുള്ള രണ്ട് ലക്ഷത്തിലേറെ സ്ത്രീകള്‍ ജീവിത പങ്കാളിയുടെയോ മുന്‍പങ്കാളിയുടെയോ പീഡനത്തിനും ആക്രമണത്തിനും ഇരയാകുന്നുവെന്നാണ് കണക്ക്. പാശ്ചാത്യന്‍ നാടുകളില്‍ ജീവിത പങ്കാളിയാണ് ഗാര്‍ഹിക പീഡന കേസുകളില്‍ വില്ലനെങ്കില്‍ ഇന്ത്യയില്‍ ഭര്‍തൃ മാതാവും പിതാവും സഹോദരങ്ങളുമെല്ലാം പ്രതിസ്ഥാനത്ത് വരുന്നു.
ലോക്ക്ഡൗണില്‍ പുത്തിറങ്ങാന്‍ പറ്റാത്ത വിധം പുരുഷന്മാര്‍ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിതരാകുന്നതാണ് ഗാര്‍ഹിക പീഡനം വര്‍ധിക്കാന്‍ മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം. ലോക്ക്ഡൗണ്‍ അല്ലാത്ത കാലത്ത് പുരുഷന്മാര്‍ പകലില്‍ മിക്കവാറും ജോലി സ്ഥലത്തും കൂട്ടുകാരോടൊത്തുമൊക്കെയായി വീടിനു വെളിയിലായിരിക്കും. വീട്ടിലെ സ്ത്രീകളെ അഭിമുഖീകരിക്കുകയും ഇടപഴകുകയും ചെയ്യുന്ന അവസരം പൊതുവെ കുറവായിരിക്കും ഈ ഘട്ടത്തില്‍. ലോക്ക്ഡൗണില്‍ സദാസമയവും വീട്ടില്‍ ഒതുങ്ങിക്കഴിയുമ്പോഴുണ്ടാകുന്ന വിരസത, ജോലിയില്ലാത്തത് മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍, ജോലി നഷ്ടപ്പെടുമോ എന്ന ആധി, മറ്റു മാനസിക സമ്മര്‍ദങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മാനസിക അസ്വസ്ഥതയുടെ പ്രതിഫലനം വീട്ടിലെ സ്ത്രീകള്‍ക്കു നേരേ മാനസിക, കായിക പീഡനങ്ങളായി വന്നുപതിക്കുകയാണ്. എന്തിനും ഏതിനും ഭാര്യയെയും വീട്ടിലെ മറ്റു സ്ത്രീകളെയും പഴിപറഞ്ഞും മര്‍ദിച്ചുമൊക്കെയാണ് പല പുരുഷന്മാരും തങ്ങളുടെ ക്ഷോഭമടക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാനോ രോഗപ്പകര്‍ച്ചാ ഭീതി മൂലം അടുത്ത വീടുകളില്‍ അഭയം പ്രാപിക്കാനോ സാധിക്കില്ല. ഇത് പീഡനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷമേധാവിത്വ സാമൂഹിക വ്യവസ്ഥിതി, സ്ത്രീകള്‍ക്ക് സ്വന്തം നിലയില്‍ ജീവിക്കാനാവശ്യമായ ജോലിയില്ലായ്മ തുടങ്ങിയവയാണ് ഗാര്‍ഹിക പീഡനത്തിന്റെ കാരണങ്ങളായി സാമൂഹിക ശാസ്ത്രജ്ഞര്‍ എടുത്തു പറയാറുള്ളത്. എന്നാല്‍ അടിസ്ഥാനപരമായി ധാര്‍മികതയുടെ അഭാവമാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് മുഖ്യ കാരണം.