Connect with us

Covid19

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കാം: മന്ത്രി വീണ ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഏതെങ്കിലും ആശുപത്രിയില്‍ ഒരാള്‍ മരിച്ചാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍, അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ട് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ആയി തന്നെ അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ഇത് നടക്കണം. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ തന്നെ പ്രസിദ്ധീകരിക്കുകയും വേണം. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പുതിയ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സോഫ്റ്റ്വെയര്‍ നിര്‍മിച്ചു പരിശീലനം നല്‍കിയിട്ടുണ്ട്. കൊവിഡ് മരണങ്ങള്‍ മാത്രമല്ല, എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കൊവിഡ് മരണമാണോ എന്നത് ഡോക്ടര്‍മാര്‍ തന്നെയാണ് അവരുടെ മാര്‍ഗരേഖ അനുസരിച്ച് തീരുമാനമെടുക്കുക. കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാം. ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest