Kerala
സര്‍ക്കാര്‍ സ്ഥാപനത്തിലെ സ്പിരിറ്റ് തിരിമറി: മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട | സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്കുള്ള സ്പിരിറ്റില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ജനറല്‍ മാനേജറടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ക്കെതിരെയാണ് നടപടി. കെ എസ് ബി സി എം ഡി യോഗേഷ് ഗുപ്തയാണ് ഉത്തരവിട്ടത്.
പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിര്‍മാണത്തിനായി പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്കെത്തിക്കൊണ്ടിരുന്നത്. മധ്യപ്രദേശില്‍നിന്നാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ എത്തിച്ച സ്പിരിറ്റില്‍ 20,687 ലിറ്ററിന്റെ കുറവ് കണ്ടെത്തിയിരുന്നു. ജനറല്‍ മാനേജരടക്കം ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. സ്പിരിറ്റ് എത്തിച്ച ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാരും അക്കൗണ്ടന്റും അടക്കം അറസ്റ്റിലായിരുന്നു.
അതിനിടെ കമ്പനിയില്‍ നിര്‍ത്തിവച്ച മദ്യഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജവാന്‍ റമ്മാണ് ഉത്പാദിപ്പിക്കുന്നത്.