Connect with us

Editorial

വാഹനം കെട്ടിവലിക്കലും പോലീസ് സല്യൂട്ടും

Published

|

Last Updated

ഉദ്യോഗസ്ഥ മേഖലകളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രണ്ട് വാർത്തകൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്ഥലം പിടിച്ചു. സ്ഥാനമൊഴിഞ്ഞ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാഹനം കെട്ടിവലിച്ചതായിരുന്നു ഒന്ന്. വിരമിക്കുന്ന ഓഫീസറെ ഡിന്നറിനു ശേഷം കസേരയിൽ ഇരുത്തി സഹപ്രവർത്തകർ ചേർന്നു എടുത്തു ചുമന്നു ഓഫീസ് കോമ്പൗണ്ടിന് പുറത്തെത്തിക്കുന്ന പതിവും “യൂനിഫോം ഫോഴ്‌സു”കളിലുണ്ടത്രേ. ഔദ്യോഗിക പദവിയിൽ നിന്ന് പിരിയുന്ന ദിവസം മുഴുവൻ സേനാംഗങ്ങളും ചേർന്ന് അദ്ദേഹത്തെ ചുമലിലേറ്റുന്നുവെന്ന സന്ദേശം നൽകുകയാണത്രേ ഇതിന്റെ താത്പര്യം. വെളുത്ത കയറ് കൊണ്ടാണ് വാഹനം കെട്ടിവലിക്കുന്നത്. പണ്ട് രഥം പോലുള്ള വാഹനങ്ങളായിരുന്നുവത്രേ കെട്ടിവലിച്ചിരുന്നത്. പിന്നീട് ജീപ്പുകളിലേക്കു മാറി.
പുതുതായി സ്ഥാനമേൽക്കുന്ന സംസ്ഥാന പോലീസ് മേധാവിക്കു, സ്ഥാനമൊഴിയുന്ന മേധാവി ദണ്ഡ് കൈമാറുന്ന ചടങ്ങും നിലവിലുണ്ട്. പുതിയ പോലീസ് മേധാവിയുടെ പേര് ആലേഖനം ചെയ്ത ഈ ദണ്ഡ് പിന്നീട് അദ്ദേഹം ഇരിക്കുന്ന ഔദ്യോഗിക കസേരയുടെ പിന്നിൽ സ്ഥാപിക്കും. എല്ലാവരും നിർബന്ധമായി ആചരിക്കുന്ന, സ്ഥിരമായ ചടങ്ങല്ല ഇതൊന്നും. ചില ഉദ്യോഗസ്ഥർക്ക് ഇത്തരം ആചാരങ്ങളോട് താത്പര്യമില്ല. സെൻകുമാർ വിരമിച്ചപ്പോൾ വാഹനം കെട്ടിവലിച്ചിരുന്നില്ല. അതേസമയം ജേക്കബ് പുന്നൂസ് വിരമിച്ചപ്പോൾ ഈ ആചാരമുണ്ടായിരുന്നു. ദണ്ഡ് കൈമാറുന്ന ചടങ്ങ് സ്ഥാപിച്ചതും ജേക്കബ് പുന്നൂസാണ്. അതിനു മുന്നേ ഔദ്യോഗിക രേഖകളിൽ ഒപ്പിടുക മാത്രമായിരുന്നു പോലീസ് ചീഫ് അധികാരമേൽക്കുമ്പോഴുണ്ടായിരുന്ന ചടങ്ങ്. കൊളോണിയൽ ഭരണത്തിന്റെ തുടർച്ചകളാണ് ഇവയെല്ലാം.

തന്നെ കാണുമ്പോൾ പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയർ എം കെ വർഗീസിന്റെ പരാതിയാണ് മറ്റൊരു വാർത്ത. ഔദ്യോഗിക കാറിൽ പോകുമ്പോൾ സല്യൂട്ട് തരാൻ നിർദേശം നൽകണമെന്ന് ഡി ജി പിയോട് ആവശ്യപ്പെട്ടിരിക്കുകയുമാണ് അദ്ദേഹം. പ്രോട്ടോകോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാം സ്ഥാനമുണ്ട് കോർപറേഷൻ മേയർക്ക്. സല്യൂട്ട് നൽകാത്ത വിഷയം പലതവണ പരാതിപ്പെട്ടിട്ടും പോലീസ് ഗൗനിക്കുന്നില്ല. എം പിക്കും എം എൽ എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നിരിക്കെ തനിക്കു സല്യൂട്ട് നൽകാത്തത് അപമാനിക്കലാണെന്നും ഡി ജി പിക്കു നൽകിയ പരാതിയിൽ എം കെ വർഗീസ് പറയുന്നു. മേയറെ കാണുമ്പോൾ പോലീസുകാർ തിരഞ്ഞുനിൽക്കുകയാണത്രേ. നേരത്തേ സർക്കാർ സർവീസിലെ വനിതാ ഡോക്ടറായ ഡോ. നീനയും പോലീസുകാരുടെ സല്യൂട്ട് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഹരജിക്കാരിക്ക് ഉചിതമായി മറുപടി നൽകാൻ ആവശപ്പെട്ടു മുഖ്യമന്ത്രി ആ കത്ത് പോലീസ് മേധാവിക്കു കൈമാറുകയും ചെയ്തു. പിന്നീട് അതേക്കുറിച്ചു വിവരമൊന്നുമില്ല.

സാമൂഹിക തലത്തിൽ കടുത്ത വിമർശങ്ങൾക്കും പരിഹാസത്തിനും വഴിവെക്കുകയുണ്ടായി മേയർ എം കെ വർഗീസിന്റെയും ഡോ. നീനയുടെയും പരാതികൾ. “ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യപ്രകടന” മെന്നാണ് സല്യൂട്ട് എന്ന പദത്തിന്റെ അർഥം. ഒരാൾക്ക് മറ്റൊരു വ്യക്തിത്വത്തോട് മനസ്സിൽ ബഹുമാനം തോന്നുമ്പോൾ അയാളുടെ ബാഹ്യചലനങ്ങളിൽ സ്വാഭാവികമായും അത് പ്രകടമാകും. ചോദിച്ചു വാങ്ങുകയോ തച്ചു പഴുപ്പിക്കുകയോ ചെയ്യേണ്ട ഒന്നല്ല അത്. പോലീസ്, ഭരണതലത്തിലെ ഉന്നതരെയും ദേശീയ പതാകയെയും സല്യൂട്ട് ചെയ്യുന്ന സമ്പ്രദായവും ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ്. ബ്രിട്ടീഷ് സൈനികർ തങ്ങളുടെ തലയിലെ തൊപ്പി അൽപ്പമൊന്നു ഉയർത്തിയായിരുന്നു ഉന്നത സ്ഥാനീയരോട് ആദരവ് പ്രകടിപ്പിച്ചിരുന്നത്. ഇത് പരിഷ്‌കരിച്ചാണ് ഇന്നത്തെ സല്യൂട്ടിൽ എത്തിയത്.

ആദരസൂചകമായി പോലീസ് സല്യൂട്ട് ചെയ്യുന്നതിന് ചില മാനദണ്ഡങ്ങളും വ്യവസ്ഥകളുമെല്ലാമുണ്ട്. തനിക്കു സല്യൂട്ട് വേണമെന്നാഗ്രഹിക്കുന്നവർക്കൊക്കെ നൽകാനുള്ളതല്ല അത്. കേരള പോലീസ് സ്റ്റാൻഡിംഗ് ഓർഡർ അധ്യായം 18 പ്രകാരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ഡി ജി പി, എ ഡി ജി പി, ഐ ജി, ഡി ഐ ജി, സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർക്കും ദേശീയപതാക, സേനാ വിഭാഗങ്ങളുടെ പതാകകൾ, വിശിഷ്ട മൃതദേഹങ്ങൾ തുടങ്ങിയവക്കുമാണ് സല്യൂട്ട് അർപ്പിക്കേണ്ടത്.
അതുതന്നെ സർക്കാർ പരിപാടികളിൽ മാത്രം. എം എൽ എമാരും മേയർമാരും മേൽ പറഞ്ഞ സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം പോലീസ് സല്യൂട്ടിനു അർഹരല്ല. മേയർക്ക് അർഹതയുണ്ടെന്ന വാദം ശുദ്ധ വിവരക്കേടാണെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പോലീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ചൂണ്ടക്കാട്ടിയത് പോലെ തെരുവോരങ്ങളിൽ പോലീസുകാർ യൂനിഫോമിൽ നിൽക്കുന്നത്, ട്രാഫിക് നിയന്ത്രണം പോലെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ്. അല്ലാതെ അതുവഴി ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ കടന്നുപോകുന്നുണ്ടോയെന്ന് നോക്കി അവർക്ക് സല്യൂട്ട് അർപ്പിക്കാനല്ല. സേനാംഗങ്ങൾ വലിയ മൂല്യം നൽകുന്ന ആചാരമാണ് സല്യൂട്ടെന്നും അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂവെന്നും അസോസിയേഷൻ വ്യക്തമാക്കുകയും ചെയ്തു. ഒരു കോർപറേഷൻ മേയറിൽ നിന്ന് പോലീസിന്റെ സല്യൂട്ടിനു വേണ്ടിയുള്ള യാചന പുരോഗമനപരമായ സാമൂഹിക വീക്ഷണവും സാംസ്‌കാരിക കാഴ്ചപ്പാടുമുള്ള കേരളീയ സമൂഹം ഒട്ടും പ്രതീക്ഷിച്ചില്ല. ഇത് അദ്ദേഹം സമൂഹത്തിൽ പരിഹാസ്യനാകാൻ ഇടവരുത്തിയിരിക്കയാണ്. ഔദ്യോഗിക പദവിയിലിരുന്നത് കൊണ്ട് ആർക്കും ജനങ്ങളുടെ ആദരവും സ്‌നേഹവും പിടിച്ചു പറ്റാനാകില്ല. നിസ്വാർഥവും മാതൃകാപരവുമായ പ്രവർത്തനത്തിലൂടെയേ ജനങ്ങളുടെ പ്രീതിയും ആദരവും ആർജിക്കാനാകൂ. അത്തരക്കാർ ആവശ്യപ്പെടാതെ തന്നെ സമൂഹം മൊത്തം ആദരം അർപ്പിക്കും.

ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ബാക്കിപത്രമായ പോലീസ് സല്യൂട്ട് പോലുള്ള ആദര പ്രകടനം, സ്ഥാനമൊഴിയുന്ന പോലീസ് മേധാവിയുടെ വാഹനം കെട്ടിവലിക്കൽ തുടങ്ങിയ ആചാരങ്ങൾ സ്വതന്ത്ര ഇന്ത്യ ഇനിയും പിന്തുടരേണ്ടതുണ്ടോ എന്ന കാര്യവും ഇവിടെ ചർച്ചക്കു വിഷയീഭവിക്കേണ്ടതുണ്ട്.

Latest