Connect with us

Kerala

അഖിലേന്ത്യാ ലീഗ് പുനരുജ്ജീവിപ്പിക്കാന്‍ രഹസ്യ നീക്കം; 'നൊസ്റ്റാള്‍ജിയ' വാട്‌സാപ്പ് ഗ്രുപ്പിലേക്ക് ലീഗ് അസംതൃപ്തരുടെ പ്രവാഹം

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗില്‍ പഴയ അഖിലേന്ത്യാ ലീഗുകാരും അവരുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരും പ്രത്യേകം സംഘടിക്കുന്നു. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് 1974 ല്‍ പിളര്‍ന്നു പോവുകയും 1985 ല്‍ ലീഗില്‍ തിരിച്ചെത്തുകയും ചെയ്ത വിഭാഗമാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. ഇവര്‍ രൂപീകരിച്ച നൊസ്റ്റാള്‍ജിക് ഗാതറിങ്ങ് (എ ഐ എം എല്‍ ) എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ മുസ്‌ലിം ലീഗിലെ നിരവധി നേതാക്കള്‍ അംഗങ്ങളാണ്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാത്തവര്‍, മുതിര്‍ന്ന ലീഗ് നേതാക്കളുടെ അടുത്ത ബന്ധുക്കള്‍, ഐ എന്‍ എല്ലിലും മറ്റു പാര്‍ട്ടികളിലും പോയവര്‍ തുടങ്ങി പഴയ അഖിലേന്ത്യാ ലീഗുമായി ബന്ധമുണ്ടായിരുന്നവരാണ് ഗ്രൂപ്പിലെ അംഗങ്ങള്‍.

ഈ ഗ്രൂപ്പില്‍ മുസ്‌ലിം ലീഗിന്റെ അവസ്ഥയെ വിശകലനം ചെയ്യുന്ന നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. എല്ലാ ജില്ലയില്‍ നിന്നുള്ളവരും അംഗങ്ങളാണെങ്കിലും കാസര്‍ക്കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരും. ഗ്രൂപ്പിനെതിരെ മുസ്‌ലിം ലീഗ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതോടെ ചന്ദ്രിക മുന്‍ പത്രാധിപര്‍ അടക്കം ചിലര്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായതായും വിവരമുണ്ട്.

അഖിലേന്ത്യാ ലീഗ് ഉണ്ടായിരുന്ന കാലത്ത് അതിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഗ്രൂപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി, മുന്‍ നഗര സഭാ ചെയര്‍മാനും കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റുമായ അഡ്വ. എന്‍ എ ഖാലിദ്, ഉദുമ മണ്ഡലം ലീഗ് പ്രസിഡന്റ് കെ ഇ എ ബക്കര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, അഹമ്മദ് പെരിങ്ങാടി, നാഷണല്‍ യൂത്ത് ലീഗ് നേതൃസ്ഥാനത്തുണ്ടായിരുന്ന ഇ കെ കെ പടന്നക്കാട്, തുടങ്ങിയവരാണ് ഗ്രൂപ്പില്‍ സജീവമായവര്‍. ഇ ടി മുഹമ്മദ് ബഷീറിന്റെ ബന്ധു കെ പി യു അലി, പി എം എ സലാമിന്റെ സഹോദരന്‍ പി എം എ ജലീല്‍, എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ് മമ്മു തുടങ്ങി നിരവധി പേര്‍ ഈ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി എംഎ ലത്തീഫ്, ഐ എന്‍ എല്‍ ജില്ലാ ജന. സെക്രട്ടറി അസീസ് കടപ്പുറം അടക്കം നിരവധി നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്.

മുസ്‌ലിം ലീഗിന് തുടര്‍ച്ചയായി അധികാരം നഷ്ടപ്പെട്ടതും ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ ഓര്‍മകള്‍ പിന്‍തുടരുന്ന ഐ എന്‍ എല്‍ ഭരണത്തില്‍ എത്തിയതും മന്ത്രിയായതുമെല്ലാമാണ് ഇത്തരമൊരു ഗ്രൂപ്പിന്റെ പിറവിക്കുപിന്നില്‍. പഴയകാല രാഷ്ട്രീയം ചര്‍ച്ച ചെയ്യാനും ഓര്‍മകള്‍ പങ്കിടാനും വേണ്ടിയാണ് ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടായതെന്ന് ഗ്രൂപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

അഖിലേന്ത്യാ ലീഗിന്റെ പിറവി

1975 മെയ് 10ന് എം കെ ഹാജി പ്രസിഡന്റായി തലശ്ശേരിയില്‍ വച്ചാണ് അഖിലേന്ത്യാ മുസ്ലിംലീഗ് നിലവില്‍ വന്നത്. 1970ല്‍ അധികാരമേറ്റ ഐക്യ ജനാധിപത്യ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ്സുമായി മുസ്ലിം ലീഗിനുണ്ടായ അഭിപ്രായവ്യത്യാസമാണ് പിളര്‍പ്പിന് ഹേതുവെന്നാണ് മുസ്ലിം ലീഗിന്റെ ചരിത്രം പറയുന്നത്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിന് ഹേതുവെന്നും പറയപ്പെടുന്നു.

കോണ്‍ഗ്രസ്സില്‍നിന്ന് മുസ്ലിം ലീഗിന് നീതി കിട്ടുന്നില്ല എന്നായിരുന്നു ഒരു കൂട്ടം ലീഗ് നേതാക്കളുടെ പരാതി. അതോടൊപ്പം മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളുടെ പ്രവര്‍ത്തന ശൈലിയില്‍ തലമുതിര്‍ന്ന നേതാക്കളില്‍ നീരസം പ്രകടമായതും പിളര്‍പ്പിന് ആക്കം കൂട്ടി. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ മാവിലോട്ട് മഹ്മൂദ് എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വധിച്ചതും പ്രതിയെ പിടികൂടാന്‍ കാലതാമസം നേരിട്ടതും മുന്‍നിര്‍ത്തി ചെറിയ മമ്മുക്കേയി കോണ്‍ഗ്രസ്സിനെതിരെ പരസ്യ പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ് നിലപാടുകള്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് എം എല്‍ എ. ബി എം അബ്ദുര്‍റഹ്മാന്‍ പ്രസംഗിക്കുകയും ചെയ്തു. ഇതോടെ മുന്നണിയില്‍ വഴക്ക് പ്രകടമായി.

1975 മാര്‍ച്ച് 31ന് ലീഗിലെ ആറ് എം എല്‍ എമാര്‍, ഉമ്മര്‍ ബാഫഖി തങ്ങള്‍, പി.എം അബൂബക്കര്‍, എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി, കെ പി രാമന്‍, മുസ്ത്വഫാ പൂക്കോയ തങ്ങള്‍, ബി എം അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ രാജിവെച്ചു. നിയമസഭയിലെ ചില നടപടി പ്രശ്‌നങ്ങളുടെ പേരില്‍ സ്പീക്കര്‍ പദവിയിലിരുന്ന കെ മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയും രാജിവെച്ചു. തുടര്‍ന്നാണ് 1975 മെയ് 10ന് തലശ്ശേരിയില്‍ വച്ച് സുപ്രധാനമായ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുന്നത്. അഖിലേന്ത്യാ ലീഗ് നിലവില്‍ വന്നു മൂന്നു മാസത്തിനകം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ആ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചു.

ലയന സമ്മേളനം

സംഭവ ബഹുലമായ ഒരു പതിറ്റാണ്ടിനു ശേഷം 1985 ആഗസ്ത് 16 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ ചേര്‍ന്ന ലയന സമ്മേളനത്തില്‍ വെച്ച് അഖിലേന്ത്യാ ലീഗ് മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി്. അന്നു ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ “മറക്കുക പൊറുക്കുക” എന്ന പ്രഖ്യാപനത്തോടെയാണ് അവരെ ലീഗിലേക്കു സ്വീകരിച്ചത്.

ശരീഅത്ത് വിഷയം കൊടുമ്പിരി കൊള്ളുന്ന വേളയില്‍ തങ്ങളുടെ നിലപാടുമായി യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അഖിലേന്ത്യാ ലീഗിന് വേണമെങ്കില്‍ ബന്ധം വിഛേദിക്കാമെന്ന് ഇ എം എസ് പറഞ്ഞതായിരുന്നു ഇടതു ബന്ധം അവസാനിപ്പിച്ച് ലീഗില്‍ തിരിച്ചെത്താന്‍ അവരെ പ്രേരിപ്പിച്ചത്.

സി എച്ച് മുഹമ്മദ് കോയ, എം കെ ഹാജി എന്നിവര്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ ലയന നീക്കങ്ങള്‍ സജീവമായിരുന്നു. അഖിലേന്ത്യാ ലീഗിനെ കൂട്ടുപിടിച്ച് മുസ്ലിം ലീഗിനെ തകര്‍ക്കാനാണ് ഇ എം എസ്സും കൂട്ടരും ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ലീഗ് വിലയിരുത്തല്‍. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ലീഗ് ആരംഭിച്ച അറബി ഭാഷ സമരത്തോടൊപ്പം, മന്ത്രിസഭയില്‍ പങ്കാളിത്തം ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗുമായി ചില മധ്യസ്ഥന്മാര്‍ മുഖേന ലയന ചര്‍ച്ചകളും നടന്നു.

1983 ജനുവരി എട്ടിനു ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ലയനക്കാര്യം ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനമെടുക്കാന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അധികാരപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരിയില്‍ അഖിലേന്ത്യാ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി, മാര്‍ച്ചില്‍ ലയനം നടത്തുവാനും ധാരണ ഉണ്ടാക്കി.

രണ്ടു വര്‍ഷത്തിന് ശേഷമാണ് വീണ്ടും ലയനക്കാര്യം സജീവമായത്. 1985 ജൂലൈ 14 ന് മുസ്‌ലിം ലീഗ് കൗണ്‍സിലില്‍ ശിഹാബ് തങ്ങള്‍ അവതരിപ്പിച്ച ലയന പ്രമേയം ഏക കണ്ഠമായി പാസാക്കി. 20 ന് അഖിലേന്ത്യാ ലീഗും കൗണ്‍സില്‍ യോഗം ചേര്‍ന്നു മുസ്ലിം ലീഗ് തീരുമാനം സ്വാഗതം ചെയ്തു. അന്ന് തന്നെ അഖിലേന്ത്യാ ലീഗ് ഇടതു മുന്നണി വിട്ടു. ഉപാധിയില്ലാത്ത ലയനമായതിനാല്‍ യാതൊരു വ്യവസ്ഥയും അഖിലേന്ത്യാ ലീഗ് മുന്നോട്ട് വെച്ചിരുന്നില്ല.

1985 ആഗസ്ത് മൂന്നിന് ഇരു ലീഗുകളുടെയും സംയുക്ത യോഗം ചേര്‍ന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ലീഗ് സംസ്ഥാന പ്രസിഡന്റ് കെ മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയും ചേര്‍ന്ന് സംയുക്ത ലയന പ്രമേയം അവതരിപ്പിച്ചു. ഒരു പതിറ്റാണ്ടിലേറെക്കാലം രണ്ടായി കഴിഞ്ഞ മുസ്ലിം ലീഗുകള്‍ ഒന്നാവാന്‍ തീരുമാനിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ് ആയിരുന്നു.

ആഗസ്ത് 16 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ ലയന സമ്മേളനം നടന്നു. ശിഹാബ് തങ്ങളും ഉമര്‍ ബാഫഖി തങ്ങളും ചേര്‍ന്ന് ലയന പ്രഖ്യാപനം നടത്തി. ഇരു ലീഗുകളും ഒന്നായതിനെ തുടര്‍ന്ന് ഇരു വിഭാഗം നേതാക്കളെയും ഉള്‍പ്പെടുത്തി സംസ്ഥാന മുസ്ലിം ലീഗിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പോഷക സംഘടനാ ഭാരവാഹികളെയും അന്ന് തന്നെ നിശ്ചയിച്ചു. അഖിലേന്ത്യാ ലീഗിന്റെ എല്ലാ പോഷക ഘടകങ്ങളും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ ലയിച്ചു. അഖിലേന്ത്യാ ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി മാത്രം അതേ പേരില്‍ അറിയപ്പെട്ടു. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ ചന്ദ്രിക റീഡേര്‍സ് ഫോറം കെ എം സി സി യില്‍ ലയിക്കുകയായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest