Kerala
ജി സുധാകരനെതിരെ സി പി എം അന്വേഷണം
തിരുവനന്തപുരം | പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ ജി സുധാകരനെതിരെ സി പി എം അന്വേഷണം. അമ്പലപ്പുഴയില്‍ മത്സരിച്ച സി പി എം സ്ഥാനാര്‍ഥി എച്ച് സലാമിന് വേണ്ട പിന്തുണ ജി സുധാകരന്‍ നല്‍കിയില്ലെന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സമിതിയിലെത്തിയിരുന്നു. ഇത് പരിശോധിച്ച സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റുമാണ് സുധാകരന്റെ വീഴ്ച അന്വേഷിക്കാന്‍ തീരുമാനമെടുത്തത്. രണ്ടംഗ അന്വേഷണ കമ്മീഷനാണ് വസ്തുത പരിശോധിക്കുക. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനിലുള്ളത്.
ആലപ്പുഴയിലെ സി പി എമ്മില്‍ ഏറ്റവും കരുത്തനായ വ്യക്തിയാണ് ജി സുധാകരന്‍. രണ്ട് പതിറ്റാണ്ടോളം ആലപ്പുഴയിലെ പാര്‍ട്ടിയേയും ബഹുജന സംഘടനയേയും മുന്നില്‍ നിന്ന് നയിച്ച വ്യക്തി. 1967 മുതല്‍ പാര്‍ട്ടി അംഗം. അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമ. ഇത്തരം ഒരു നേതാവിനെതിരെയാണ് സി പി എം അന്വേഷണ നടപടികളിലേക്ക് കടക്കുന്നതെന്ന് ആ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്. പാര്‍ട്ടി അച്ചടക്കവും മാര്‍കിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വവുമാണ് സി പി എമ്മിന്റെ മുഖമുദ്ര എന്നത് നേതാക്കളേയും അണികളേയും ഓര്‍മിപ്പിക്കുന്നതാണ്.
ജി സുധാകരന്റേ വിശദീകരണവും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേയും സ്ഥാനാര്‍ഥി അടക്കമുള്ളവരുടെ പരാതികളും കേട്ട ശേഷമാകും അന്വേഷണ കമ്മീഷന്‍ സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അച്ചടക്ക നടപടി അടക്കമുള്ള തുടര്‍നീക്കങ്ങള്‍.