Connect with us

Kerala

FULL TEXT മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (2021 ജൂലെെ 10)

Published

|

Last Updated

കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടിപിആര്‍ 10.5 ശതമാനം ആണ്. 10.2 ല്‍ നിന്നാണ് ഉയര്‍ന്നത്. ഇന്ന് 14,087 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,31,682 പരിശോധന നടത്തിയപ്പോഴാണിത്. 109 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1,15,226 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

അനന്തമായി ലോക്ക് ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ളസാഹചര്യമൊരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തുന്നത്. ആ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ല.

കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പറയാന്‍ കഴിയും

മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോള്‍ 10 നടുത്ത് ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു.

പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ 10-14 ആയിരമായികുറഞ്ഞിട്ടുണ്ടെങ്കിലും ടി പി ആര്‍ താഴാതെ നില്‍ക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തില്‍ പോലും കോവിഡ് ആശുപത്രികളിലും ഐ സി യു കളിലും രോഗികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനായിട്ടുണ്ട്. കോവിഡ് ആശുപത്രികിടക്കളുടെ 60 -70 ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്.

കാസ്പില്‍ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. . മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്.

ഗുരുതരമായ രോഗലക്ഷണമില്ലാതെ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കില്‍ അവര്‍ക്ക് മാറി താമസിക്കാനാണ് ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങള്‍ (ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ ) സംഘടിപ്പിച്ചത്. ഒന്നാം തരംഗത്തിന്‍റെ അവസാനത്തോടെ ഐ സി എം ആര്‍ നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്‍റെ (21.6) ഏതാണ്ട് പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. ആ സാഹചര്യത്തില്‍ ടെസ്റ്റിംഗിന്‍റെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ഐസിഎംആറിന്‍റെ സെറോ പ്രിവലന്‍സ് പഠനം ഇന്ത്യയിലെ പല നഗരങ്ങളിലും 70 മുതല്‍ 80 ശതമാനം പേര്‍ക്ക് രോഗം വന്നു പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മരണങ്ങളുടെ റിപ്പോര്‍ട്ടിംഗ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല. എങ്കിലും മിക്ക സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ റിപ്പോര്‍ടിംഗ് ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആര്‍ന്‍റെ പഠനങ്ങള്‍ തെളിയിക്കുന്നു. ഒരുദാഹരണം മധ്യപ്രദേശാണ്. അധിക മരണങ്ങള്‍ കണ്ടെത്താന്‍ ഈ മെയ് മാസത്തില്‍ നടത്തിയ എക്സസ് ഡെത്ത് അനാലിസിസ് പ്രകാരം 2019 മെയ് മാസത്തേക്കാള്‍ 1,33,000 അധിക മരണങ്ങളാണ് മധ്യപ്രദേശില്‍ ഉണ്ടായതായി കണക്കാക്കപ്പെട്ടത്. എന്നാല്‍ 2461 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്തതിന്‍റെ 54 ഇരട്ടിയാണ് അവിടെ സംഭവിച്ച മരണങ്ങളുടെ കണക്ക് എന്ന് കാണാം. അത്തരം പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ല.

കോവിഡിന്‍റെ ആദ്യ തരംഗ സമയത്തു ഇന്ത്യയില്‍ ഒന്നാകെ 21 പേരില്‍ രോഗബാധ ഉണ്ടാകുമ്പോള്‍ ആയിരുന്നു ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഏകദേശം 30 കേസുകള്‍ ഉണ്ടാകുമ്പോള്‍ ആയിരുന്നു ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കേരളത്തില്‍ 3 കേസുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ നമുക്കു സാധിച്ചു. ആ ജാഗ്രതയാണ് നാം ഇപ്പോഴും തുടരുന്നത്.

രണ്ടാംതരംഗത്തില്‍ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെല്‍റ്റ വൈറസ് വകഭേദമാണ് കേരളത്തില്‍ എത്തിയത്. ജനസാന്ദ്രത കൂടുതലായതുകൊണ്ട് ഡെല്‍റ്റ വൈറസ് വ്യാപനം കേരളത്തില്‍ കൂടുതലായി സംഭവിച്ചു. മാത്രമല്ല ഗ്രാമനഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്ന്പിടിക്കുന്ന സാഹചര്യമുണ്ടായി.
ഡെല്‍റ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് റീ ഇന്‍ഫക്ഷനും വാക്സിന്‍ എടുത്തവര്‍ക്ക് ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനും വരാനിടയായി. ഇപ്പോള്‍ പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണ സാധ്യത ഇല്ലെന്നതും ആശ്വാസകരമാണ്.

രോഗം പിടിപെടാതെ പരാമവധി ആളുകളെ സംരക്ഷിക്കുക എന്ന നയമാണ് നമ്മുടെ സംസ്ഥാനം ആദ്യം മുതല്‍ സ്വീകരിച്ചത്. എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതല്ല, മറിച്ചു വാക്സിന്‍ ലഭ്യമാകുന്നത് വരെ രോഗം പരമാവധി ആളുകള്‍ക്ക് വരാതെ നോക്കി മരണങ്ങള്‍ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടര്‍ന്നത്. രോഗത്തെ നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കാന്‍ വിട്ടാല്‍ അതു പെട്ടെന്ന് ഉച്ചസ്ഥായിയില്‍ എത്തി പെട്ടെന്ന് തന്നെ വ്യാപനം കുറയും. അത്തരത്തില്‍ കുറെയേറെ മരണങ്ങള്‍ ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാന്‍ അല്ല സംസ്ഥാനം ശ്രമിച്ചത്. മറിച്ച് പരമാവധി ജീവനുകള്‍ സംരക്ഷിക്കാന്‍ ആണ്. ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം നേടാനാണ് ശ്രമിക്കുന്നത്.

18 വയസ്സിനു മുകളില്‍ ഉള്ള 43 ശതമാനം ആളുകള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 12 ശതമാനം ആളുകള്‍ക്കു രണ്ടാമത്തെ ഡോസ് വാക്സിനും നല്‍കി. ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിന്‍ വിതരണം ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നാം മുന്‍പന്തിയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകള്‍ക്ക് പുറമേ റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിനും ചില ആശുപത്രികള്‍ നല്‍കിവരുന്നു. അധികം വൈകാതെ ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികളുടെ മറ്റ് വാക്സിനുകളും ലഭ്യമായി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

18 വയസ്സിന് മുകളില്‍ 43 ശതമാനം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അത് 70 ശതമാനമെങ്കിലും ആയാല്‍ മാത്രമേ ഹേര്‍ഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്സിനേഷന്‍ എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താല്‍ 60 ശതമാനം പേരെങ്കിലും ഇപ്പോള്‍ ഹേഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15ശതമാനം പേര്‍ക്ക് കൂടി വാക്സിനേഷന്‍ എത്രയും പെട്ടെന്ന് തന്നെ നല്‍കാനാനുള്ള നടപടികള്‍ എടുക്കും

നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍റെ ശുപാര്‍ശ പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ എടുക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഗര്‍ഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാല്‍ കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതിനു പുറമേ ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്സിന്‍ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്സിന്‍ എടുക്കുന്നതിന് തയ്യാറാകണം. വാക്സിന്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താന്‍ കഴിയും.

ലഘൂകരിച്ച ലോക്ക് ഡൌണ്‍ വിജയിപ്പിക്കുന്നതോടൊപ്പം അര്‍ഹമായ മുറക്ക് വാക്സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് മഹാമാരിയെ നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയും.

മാസ്ക് മാറ്റുന്ന അവസരങ്ങളില്‍ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോള്‍) ശരീരംദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്ക് ധരിക്കണം. വാക്സിന്‍ എടുത്തവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്. അടഞ്ഞമുറികള്‍, പ്രത്യേകിച്ച് എ.സി മുറികള്‍ ഉപയോഗിക്കരുത്, മുറികളുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിചേരലുകളും ഒഴിവാക്കണം.

മദ്യവില്പന സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ക്യു പലപ്പോഴും പ്രശ്നമാവുകയാണ്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും.

വാക്സിനേഷന്‍ പൂര്‍ത്തിയാവും വരെ ശക്തമായ നടപടികള്‍ തുടരും. രണ്ട് ഡോസ് വാക്സിനേഷന്‍ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പരമാവധി അയ്യായിരം ആളുകളെ വെര്‍ച്ച്വല്‍ ക്യു സംവിധാനം ഉപയോഗിച്ച് ദിവസേന ശബരിമല മാസപൂജയ്ക്ക് പ്രവേശനം അനുവദിക്കും.

കോവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് ബാധിതരില്‍ അല്പ കാലത്തിനു ശേഷം പ്രമേഹം പുതുതായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശസ്ത മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റില്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിക്കാത്തവരേക്കാള്‍ 39 ശതമാനം അധിക സാധ്യതയാണ് കോവിഡ് ബാധിച്ചവരില്‍ കണ്ടെത്തിയത്.
അതുകൊണ്ട്, 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ കോവിഡ് രോഗബാധയ്ക്ക് ശേഷം പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സാമൂഹ്യ സുരക്ഷ മിഷന്‍റെ കീഴിലുള്ള മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ടൈപ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണത്. ഈ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യചികിത്സയും മാനസികാരോഗ്യ പിന്തുണയും നല്‍കും.

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 43 ശതമാനം പേര്‍ക്കാണ് (1,14,54,325) (ഇന്നലത്തെ കണക്ക്) ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. 16.49 ശതമാനം പേര്‍ക്ക് (39,58,115) രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,54,12,440 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആകെ 1,46,14,580 ഡോസ് വാക്സിനാണ് ലഭിച്ചത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,18,31,810 ഡോസ് കോവിഷീല്‍ഡ് വാക്സിനും 14,40,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,32,72,040 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്.
പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

രജിസ്ടേഷൻ ‍ഡ്രൈവ്

സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി “വേവ്” (വാക്സിന്‍ സമത്വത്തിനായി മുന്നേറാം) എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്‍റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിന്‍ . വാര്‍ഡ് തലത്തിലായിരിക്കും രജിസ്ട്രേഷന്‍. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 10,047 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5,790 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 31,65,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

സിക വൈറസ്

കേരളത്തില്‍ സിക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിക കേരളത്തിലെത്തിയത് തീരെ അപ്രതീക്ഷിതമായല്ല, ഡങ്കി, ചിക്കുന്‍ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കേരളത്തില്‍ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്‍റെ പ്രധാനപ്രശ്നം ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് തലച്ചോറിന്‍റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതാണ്. അപൂര്‍വ്വമായി സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം സിക രോഗികളില്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയില്‍ ആരോഗ്യപ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്നത്. ഇത്തരം കൊതുകുകള്‍ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പേരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും വേണ്ടത്. വീട്ടിലും പരിസരത്തിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം.
കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകള്‍ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാനോ, തുറന്നിടുകയാണെങ്കില്‍ കൊതുകുവലകള്‍ ഉപയോഗിച്ച് മറയ്ക്കാനോ ശ്രമിക്കേണ്ടതാണ്.

പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെല്‍ത്ത് സര്‍വീസസിന്‍റെ കീഴില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ചേര്‍ത്തലയിലും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ ട്രോളിന്‍റെയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്സെന്‍ററിന്‍റെ സഹായവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തും.

കാലാവസ്ഥ

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെയും കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ജൂലൈ 12 നും അതിശക്തമായ മഴ മുന്നറിയിപ്പും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അപകട സാദ്ധ്യതകള്‍ ലഘൂകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളുടെ ചില മേഖലകളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ നദിക്കരകളില്‍ താമസിക്കുന്ന ആളുകള്‍ പ്രത്യേകമായി ജാഗ്രത പാലിക്കണം. വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അധികൃതര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മാറി താമസിക്കാന്‍ തയ്യാറാവണം.

മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജൂലൈ 14 വരെ കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണം.

സഹായം

നോര്‍ക്കയുടെ കെയര്‍ കേരള ഇനിഷ്യേറ്റീവ് മുഖാന്തിരം യു എസില്‍ നിന്നും ലഭിച്ച സഹായങ്ങള്‍

ന്യൂ ഇംഗ്ലണ്ട് മലയോളി അസോസിയേഷന്‍ (നെമ) 20 ഓക്സിജ്ന്‍ കോണ്‍സെന്‍ട്രേറ്റകള്‍

കേരള അസോസിയേഷന്‍ ഓഫ് നാഷ് വില് 110 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 500 പള്‍സ് ഓക്സിമീറ്ററുകളും

വാച്ചസ് ഫോര്‍ ഗുഡ്സ് 54 ഓക്സിജന്‍കോണ്‍സെന്‍ട്രേറ്റകള്‍

ഫൗണ്ടേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്, (ഫോമ) 10 വെന്‍റിലേറ്ററും, വെന്‍റ് സെര്‍ക്ക്യൂട്ടും 500 പള്‍സ് ഓക്സി മീറ്ററുകളും

ആര്‍ട്സ് ലൗവേഴ്സ് ഓഫ് അമേരിക്ക 35 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 1000 ഓക്സിജന്‍ ഫ്ലോ മീറ്ററുകളും 100 വെന്‍റിലേറ്റര്‍ ട്യൂബിങ്സും

നോര്‍ത്ത് അമേരിക്കന്‍ നെറ്റ് വര്‍ക്ക് ഓഫ് മലയാളി മുസ്ലീം അസോസിയേഷന്‍ 65 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 22 പള്‍സ് ഓക്സിമീറ്ററുകളും

ഫൊക്കാന 5 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 5 വെന്‍റിലേറ്ററുകളും കൈമാറി

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗവും കേരളീയനുമായ കെവന്‍ തോമസ് 250 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍

ജെയ് ഫൗണ്ടേഷന്‍ 150 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 75 ഓക്സിജന്‍ റെഗുലേറ്ററുകളും കൈമാറി

യു എ ഇയില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഫോര്‍ കേരള ഇനിഷ്യേറ്റീവ് 80 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 5010 പള്‍സ് ഓക്സി മീറ്ററുകളും 377 മെഡിക്കള്‍ ഓക്സിജന്‍ സിലിഡറുകളും 1 വെന്‍റിലേറ്ററും കൈമാറി

ഖത്തറിലെ ഡയറക്റ്റര്‍സ് ഓഫ് ബിര്‍ല പബ്ലിക്ക് സ്കൂള്‍ 6 വെന്‍റിലേറ്റര്‍ കൈമാറി

കുവൈറ്റിലെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഫോര്‍ കേരള ഇനിഷ്യേറ്റീവ് 110 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ 768 സിലിണ്ടര്‍ 256 ഹൈ ഫ്ലോ നേസല്‍ ക്യാനുല 871 പള്‍സ് ഓക്സി മീറ്റര്‍ എന്നിവ കൈമാറി

കാനഡയിലെ ഡോക്ടര്‍ നിഗില്‍ ഹാറൂണ്‍ 1,42,000 എന്‍ 95 മാസ്ക്കുകള്‍ കൈമാറി

ഒമാനിലെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഫോര്‍ കേരള ഇനിഷ്യേറ്റീവ് 20 ഓക്സിജന്‍ കോണ്‍സെട്രേറ്ററുകള്‍ കൈമാറി.

കോവിഡ് ആവശ്യങ്ങള്‍ക്കുള്ള ആംബുലന്‍സുകള്‍ക്ക് റിലയന്‍സ് ഉള്‍പ്പെടുന്ന ആര്‍ ബി എം എല്‍ മെയ് 15 മുതല്‍ സൗജന്യമായി പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കിയിരുന്നു. ജൂണ്‍ 30 വരെ 92,36,405 രൂപയുടെ പെട്രോളും ഡീസലും സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഒമാനിലെ സീ പ്രൈഡ് കമ്പനിയുടെ എം ഡിയും കൊച്ചി സ്വദേശിയുമായ മുഹമ്മദ് അമീന്‍ സേട്ട്, മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിക്ക് ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. 60 ലക്ഷം രൂപ ചിലവു വരുന്ന പ്ലാന്‍റാണ് സ്ഥാപിക്കുന്നത്. തന്‍റെ സഹ പ്രവര്‍ത്തകരുടെ വിഹിതം എന്ന നിലയില്‍ 4,25,000 രൂപയും ആദ്ദേഹം സംഭാവന നല്‍കി.

മസ്കറ്റിലെ ബിസിനസ്സ് സംരംഭമായ ബാബില്‍ ഗ്രൂപ്പിന്‍റെ എം ഡി, എസ് എം ബഷീര്‍ 10 ലക്ഷം രൂപ വയനാട് ജില്ലാ ആശുപത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കൈമാറി.

ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാഴ് വസ്തുകള്‍ ശേഖരിച്ചും, വെട്ട് കല്ല് ചുമന്നും, മീന്‍ വില്‍പന നടത്തിയും സമാഹരിച്ച തുക ഉപയോഗിച്ച് 1584 സ്മാര്‍ട്ട് ഫോണുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ വാങ്ങി നല്‍കി.

ദുരിതാശ്വാസനിധി

കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി 61,10,050 രൂപ

കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച 41,82,270 രൂപ

ലണ്ടനിലെ ഇടതുപക്ഷ കലാസാംസ് കാരിക സംഘടനയായ സമീക്ഷ യുകെ, 23 ബ്രാഞ്ചുകളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച് നല്‍കിയത് 25 ലക്ഷം രൂപ

റബര്‍ ബോര്‍ഡിലെ ജീവനക്കാര്‍ 25 ലക്ഷം രൂപ

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 20 ലക്ഷം രൂപ

കോഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ 20 ലക്ഷം രൂപ

തിരുവനന്തപുരം ജില്ലാ സഹകരണ ആഡിറ്റ് വിഭാഗം ജീവനക്കാര്‍ 19,75,140 രൂപ

ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10,00,297 രൂപ

സംസ്ഥാന ഹജ്ജ് കമ്മിറ്റി ആദ്യ ഗഡു 10 ലക്ഷം രൂപ

കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

വോക്കറോ ഗ്രൂപ്പ് 10 ലക്ഷം രൂപ

കൊരട്ടി ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ

സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന കമ്മിറ്റി 8,22,500 രൂപ

പന്നി കര്‍ഷകരുടെ അസോസിയേഷന്‍ 6 ലക്ഷം രൂപ

ബാങ്ക് എംപ്ലോയീസ് കോഓപറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം 5,24,462 രൂപ

പോസ്റ്റല്‍ ടെലികോം ആന്‍റ് ബി എസ് എന്‍ എല്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി 5,10,000 രൂപ

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ

പാലക്കാട്, ചിറ്റൂര്‍,
കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ

തിരുവനന്തപുരം റൂറല്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്ട് 4,04,650 രൂപ

ആള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 4,00,100 രൂപ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അദ്ധ്യാപകരുടേയും, മറ്റു ജീവനക്കാരുടേയും വിഹിതം ഉള്‍പ്പടെ 3,83,452 രൂപ

കെ ടി ഡി സി എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) 3,56,700 രൂപ

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ സന്നദ്ധരായ ജീവനക്കാര്‍ ചേര്‍ന്ന് 3,40,100 രൂപ

ജി വി എച്ച് എസ് എസ് നടക്കാവ് പി ടി എ 3,11,700 രൂപ

അയര്‍ലണ്ടിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് വാട്ടര്‍ഫോര്‍ഡ് ശാഖ 2,61,510 രൂപ

കേരള സംസ്ഥാന സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് യൂണിറ്റ് 2,60,000 രൂപ

മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസസൈറ്റി 2,25,000 രൂപ

മദിരാശി കേരള സമാജവും കേരള വിദ്യാലയം സ്കൂളും സംയുക്തമായി സമാഹരിച്ച 2,15,000 രൂപ

അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്‍റ് റിട്ടയറീസ് ഫോറം 2 ലക്ഷം രൂപ
ഹയര്‍ സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം, കോഴിക്കോട് 2,02,504 രൂപ

ചിന്ത പബ്ലിഷേഴ്സ് 2,16,400 രൂപ

അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍(സി ഐ ടി യു) 1,80,000 രൂപ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സെസിലെ ഡോ. കൃഷ്ണകുമാര്‍ 1,50,000 രൂപ

കേരള സംസ്ഥാന ഭാഷാ ന്യൂനപക്ഷ തമിഴ് അധ്യാപക സംഘടനയുടെ പലക്കാട് ജില്ലാ കമ്മിറ്റി 1,33,805 രൂപ

കേരള സംസ്ഥാന സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ പത്തനംതിട്ട പറക്കോട് ബ്ലോക്ക് യൂണിറ്റ് 1,25,000 രൂപ

കോഴിക്കോട് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 1,25,000 രൂപ

കേരള സംസ്ഥാന വ്യാപരി വ്യവസായ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി 1,11,111 രൂപ

കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍ (കെ എ പി സി ) മലപ്പുറം ജില്ലാ കമ്മിറ്റി 1,11,111 രൂപ

സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ 1,05,000 രൂപ

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും ചേര്‍ന്ന് 1,04,500 രൂപ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സെസ് , കോഴിക്കോട് 1,04,860 രൂപ

കെ ടി ഡി സി ഓഫീസേഴ്സ് അസോസിയേഷന്‍ 1,00,500 രൂപ

തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം 1,01,001 രൂപ

മലപ്പുറം വെട്ടിച്ചിറ മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് അരീക്കാടന്‍ പോക്കര്‍ എന്ന ബാവ ഹാജി 1 ലക്ഷം രൂപ

എ ഐ വൈ എഫ് വയനാട് ജില്ലാ കമ്മിറ്റി 1 ലക്ഷം രൂപ

താമരശ്ശേരി കോഓപറേറ്റീവ് അര്‍ബന്‍ സൊസൈറ്റി,
ജീവനക്കാരുടെ വിഹിതം ഉള്‍പ്പടെ 1 ലക്ഷം രൂപ

ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതി സംസ്ഥാന കമ്മിറ്റി 1 ലക്ഷം രൂപ

ദേവികുളം വ്യാപാരി വ്യവസായി സഹകരണ സംഘം 1 ലക്ഷം രൂപ

കേരള അഡ്വര്‍ട്ടൈസിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ 1 ലക്ഷം രൂപ

കുടുംബശ്രീ അരുവിക്കര പഞ്ചായത്ത് സി ഡി എസ് 1 ലക്ഷം രൂപ

കൊടകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് 1 ലക്ഷം രൂപ

 

Latest