Kerala
സ്ത്രീത്വത്തെ അപമാനിച്ചതായി എം എസ് എഫിനെതിരെ ഹരിത; ലീഗ് നേതൃത്വം ഇടപെടുന്നു
കോഴിക്കോട് | മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എം എം എസ് എഫ് നേതൃത്വത്തിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി കാണിച്ച് വനിതാ വിഭാഗമായ ഹരിത ഉയര്‍ത്തിയ പരാതിയില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നു. സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയും ചേര്‍ന്ന് അഞ്ച് പേജുള്ള പരാതി പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയത്.
എം എസ് എഫില്‍ വ്യക്തികള്‍ തമ്മിലുള്ള ചില പ്രശ്നങ്ങളാണ് ഉള്ളതെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പാര്‍ട്ടി ഇടപെടുക എന്നത് സ്വാഭാവികമാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം സിറാജ് ലൈവിനോടു പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതായി കാണിച്ച് ഹരിതയുടെ പരാതി പാര്‍ട്ടിക്കു ലഭിച്ചിട്ടില്ല. അവര്‍ ഓണ്‍ലൈന്‍ വഴി അയച്ചു എന്നു പറയുന്നുണ്ടെങ്കിലും പരാതി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു പി എം എ സലാമിന്റെ മറുപടി.
ഹരിതയുടെ നേതാക്കളാരും പാര്‍ട്ടി നേതൃത്വത്തിന് ഇങ്ങനെ ഒരു പരാതി അയച്ചിട്ടില്ലെന്നായിരുന്നു എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പ്രതികരണം. മാധ്യങ്ങള്‍ക്കു ലഭിച്ച പരാതി ആരോ രഹസ്യമായി തയാറാക്കിയതാണെന്നും ഭാരവാഹികളുടെ ഒപ്പ് വ്യാജമായി ഉപയോഗിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്‍ പറഞ്ഞതുപോലെ ഒരു പരാമര്‍ശം സ്ത്രീകള്‍ പങ്കെടുത്ത യോഗത്തില്‍ നടത്തിയതായി ആരും വിശ്വസിക്കില്ലെന്നും നവാസ് വ്യക്തമാക്കി. എന്നാല്‍, അഞ്ച് പേജുള്ള പരാതി അയച്ചതായി ഹരിത ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറ സ്ഥിരീകരിച്ചു. പരാതി പാര്‍ട്ടി നേതൃത്വത്തിനാണ് അയച്ചത്. അതെങ്ങിനെ മാധ്യമങ്ങള്‍ക്കു ലഭിച്ചു എന്നറിയില്ലെന്ന് അവര്‍ സിറാജ് ലൈവിനോടു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് പരാതി അയച്ചതെന്നും പരാതി ലഭിച്ചതായി മുതിര്‍ന്ന നേതാക്കള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം ബുധനാഴ്ച കോഴിക്കോട്ട് യോഗം വിളിച്ചിട്ടുണ്ടെന്നും നജ്മ വിശദീകരിച്ചു.
എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് നിലവിലെ ഭാരവാഹികള്‍ എം എസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ജൂണ്‍ 22ന്് എം എസ് എഫ് സംസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍ വച്ച് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അധിക്ഷേപം ഉണ്ടായതെന്നാണ് പരാതി. ഈ പ്രശ്നങ്ങള്‍ എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഹരിത സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചപ്പോള്‍ “വേശ്യയുടെ ചാരിത്ര്യ പ്രസംഗം” എന്ന് എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വേശ്യക്കും ന്യായീകരണം ഉണ്ടാവുമെന്നതിനാലാണ് ഹരിതയോട് വിശദീകരണം ആവശ്യപ്പെട്ടത് എന്നായിരുന്നു പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു.
“സംഘടനക്കുള്ളില്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രചാരണം നടക്കുന്നു. ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്ന് അകറ്റും. ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്സ് മെസേജുകള്‍ ഉണ്ട്. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തില്‍ എം എസ് എഫ് നേതാക്കള്‍ പ്രസംഗിച്ചു.” തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്.
ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത് പാര്‍ട്ടിക്കും എം എസ് എഫിനും തലവേദനയായിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു സംഘം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും പരസ്യ പ്രസ്താവന ഇറക്കിയിരുന്നു.
2018 ജൂലൈയില്‍ തിരഞ്ഞെടുക്കപ്പെട്ട നജ്വ ഹനീന പ്രസിഡന്റും എം ഷിഫ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ കമ്മിറ്റിയെന്നും സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ യോഗം വിളിച്ചാണ് അഡ്വ. കെ തൊഹാനി പ്രസിഡന്റും എം പി സിഫ്വ ജനറല്‍ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ഹരിത സംസ്ഥാന കമ്മിറ്റിയെ അറിയിക്കാതെ ജില്ലാ എം എസ് എഫ് കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ഹരിത സംസ്ഥാന കമ്മിറ്റിയും എം എസ് എഫിലെ ഒരു വിഭാഗം നേതാക്കളും ആരോപിച്ചു.
പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ പലരും കെ എസ് യു പ്രവര്‍ത്തകരാണെന്നും എതിര്‍പക്ഷം ആരോപിച്ചു. പുതിയ പ്രസിഡന്റായ അഡ്വ. തൊഹാനി കോഴിക്കോട് ലോ കോളജില്‍ പഠിക്കുമ്പോള്‍ കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു എന്നായിരുന്നു ആക്ഷേപം. ഹരിതയുടെ പ്രായപരിധി 30 വയസാണ്. തൊഹാനി 30 വയസ് പിന്നിട്ട ആളാണെന്നും ഇവര്‍ പറഞ്ഞു. തൊഹാനി ഇപ്പോള്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പഠിക്കുന്ന ലോ കോളജിലെ അധ്യാപികയാണ്. പുതിയ ജനറല്‍ സെക്രട്ടറി സിഫ്വ മണിപറമ്പത്ത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തെന്നല പഞ്ചായത്ത് പെരുമ്പുഴ ആറാം വാര്‍ഡില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളായ പി സി ഹാജിഷ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു എന്നും തെളി
വുകള്‍ നിരത്തി. അതിനിടെ പുതിയ ഭാരവാഹികളില്‍ ഒരാളായ ഷനു ഫര്‍സാന, കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്നും കമ്മിറ്റിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടു.
ഹരിത സംസ്ഥാന കമ്മിറ്റി അറിയാതെ നിലവില്‍ വന്ന മലപ്പുറം ജില്ലാ കമ്മിറ്റിയെ പുറത്ത് നിര്‍ത്തി സംഘടനയുടെ സംസ്ഥാന നേതൃത്വം മുന്നോട്ടു പോയത് ലീഗിനു തലവേദനയായിരുന്നു. ജില്ലാ കമ്മിറ്റിക്ക് അംഗീകാരമില്ലെന്ന് പരസ്യമായി പ്രസ്താവനയിറക്കിയ ഹരിത സംസ്ഥാന കമ്മിറ്റിയുടെ നടപടിയും ലീഗില്‍ വിവാദമായി. മുന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും അംഗീകരിച്ചാണ് ഇവര്‍ മുന്നോട്ടു പോയത്. സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും എം എസ് എഫ് സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണ പുതിയ കമ്മിറ്റിക്കുണ്ടെങ്കിലും അതിനെ ഹരിത നേതൃത്വം തള്ളിക്കളഞ്ഞതാണ് പാര്‍ട്ടിയെ ഞെട്ടിച്ചത്.
എം എസ് എഫിലെയും ഹരിതയിലെയും വിഭാഗീയതയാണ് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കാത്തതിനു പിന്നിലുള്ള യഥാര്‍ഥ കാരണമെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. പുതിയ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. വനിതാ ലീഗും പുതിയ കമ്മിറ്റിയെയാണ് പിന്തുണച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് അടക്കമുള്ള നേതാക്കള്‍ പുതിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു.
ലീഗിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മലപ്പുറത്ത് പാണക്കാട് കുടുംബത്തിന്റെ അറിവോടെ രൂപവത്ക്കരിച്ച ഹരിത ജില്ലാ കമ്മിറ്റിക്കെതിരെയാണ് ഔദ്യോഗികമല്ലെന്ന ആരോപണം ഹരിത സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നത് എന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. അതിനിടെ ഹരിതയെ എം എസ് എഫില്‍ നിന്ന് മാറ്റി വനിതാ ലീഗിന്റെ കീഴിലാക്കണമെന്ന ചര്‍ച്ചയും ലീഗില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ലീഗില്‍ തന്നെ നേതൃമാറ്റം അടക്കമുള്ള ചര്‍ച്ചകള്‍ ഒരു വിഭാഗം ഉയര്‍ത്തുന്നതിനിടയിലാണ് എം എസ് എഫും ഹരിതയും മലപ്പുറത്ത് പാര്‍ട്ടിക്ക് തലവേദനയാവുന്നത്.