Connect with us

Kerala

പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം; വികസന പദ്ധതികള്‍ക്ക് പിന്തുണ ഉറപ്പ് നല്‍കി: മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികള്‍ക്ക് പ്രധാന മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. പ്രധാന മന്ത്രിയെ കാണുക എന്നതായിരുന്നു ഡല്‍ഹി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നത്.
പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനം പ്രധാന മന്ത്രിയില്‍ നിന്ന് ലഭിച്ചു. ജലഗതാഗതത്തിന്റെ കൂടുതല്‍ സാധ്യതകളും അദ്ദേഹം തേടി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായ വിവരം പ്രധാന മന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വാക്‌സീന്‍ പാഴാക്കാത്ത സംസ്ഥാനമാണെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തി. കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതും ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പാക്കിയതും പ്രധാന മന്ത്രിയെ അറിയിച്ചു. ഈ വര്‍ഷം 60 ലക്ഷവും ഈമാസം 25 ലക്ഷവും ഡോസ് വാക്‌സീന്‍ വേണ്ടിവരും. കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രധാന മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് എയിംസ് ആശുപത്രി അനുവദിക്കുന്നതില്‍ അനുകൂല പ്രതികരണമാണുണ്ടായത്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാന മന്ത്രി ചോദിച്ചറിഞ്ഞു. ശബരി, തലശ്ശേരി-മൈസൂര്‍ പാത നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.

സിറ്റി ഗ്യാസ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ജി എസ് ടി നഷ്ടപരിഹാരമായ 4,521 കോടി ആവശ്യപ്പെട്ടു. കോഴിക്കോട് ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ പരിശോധിച്ച ശേഷം നടപടിയുണ്ടാകും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി തേടി. ഇതിനായി 263 കോടി ആവശ്യപ്പെട്ടു. കോഴിക്കോട്ട് വലിയ വിമാനം ഇറങ്ങുന്നതിലെ പ്രശനം പരിഹരിക്കണമെന്ന് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ഉടന്‍ അനുമതി ലഭിക്കും. കണ്ണൂര്‍ വിമാനത്താവള പ്രശ്‌നവും ശ്രദ്ധയില്‍ പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

Latest