Connect with us

Kerala

INTERVIEW സ്‌കോളര്‍ഷിപ്പ് അനുപാതം: അനാവശ്യ ആശങ്കകൾ സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പ്രൊഫ. എപി അബ്ദുൽ വഹാബ് 

Published

|

Last Updated

കോഴിക്കോട് | കേരള സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച് സ്വീകരിച്ച സമീപനം സംബന്ധിച്ച് അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എപി അബ്ദുല്‍ വഹാബ്. വിവാദങ്ങള്‍ക്ക് പിന്നില്‍ ന്യുനപക്ഷ താല്‍പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണ്. കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട ഒരു സ്‌കോള്‍ഷിപ്പിന്റെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പുതിയ അനുപാതം നിശ്ചയിച്ചിട്ടുള്ളതെന്നും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കോ ആനുകൂല്യങ്ങള്‍ക്കോ ഇതു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിറാജ്‌ലൈവുമായി സംസാരിക്കുകയായിരുന്നു പ്രൊഫ. എപി അബ്ദുല്‍ വഹാബ്.

സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം ക്രമീകരിക്കുമ്പോള്‍ നിലവിലെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നഷ്ടമാകില്ല എന്ന സര്‍ക്കാര്‍വാദം നിലനില്‍ക്കില്ലെന്നു വിദഗ്ധര്‍ പറയുന്നുണ്ടല്ലോ?

സര്‍ക്കാര്‍ നിശ്ചയിച്ച അനുപാതം സംബന്ധിച്ച് ഓരോരുത്തരുടേയും കാഴ്ചപ്പാടിന്റെ പ്രശ്നമാണിത്. മുസ്‍ലിം ന്യുനപക്ഷത്തിന് എത്രയാണോ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് അത് ഒട്ടും കുറയില്ല എന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി നടപ്പാക്കേണ്ടി വന്നപ്പോള്‍ വ്യവസ്ഥ നിശ്ചയിക്കേണ്ടിവന്ന സാഹചര്യത്തില്‍ അതിനാവശ്യമായ ഫണ്ട് ഉയര്‍ത്തിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം ശരിയല്ല എന്നു പറയാന്‍ മറ്റൊരു വിഭാഗം വിദഗ്ധര്‍ക്കും അവകാശമുണ്ട്.

നിലവില്‍ ലഭിക്കുന്ന ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ വകയിരുത്തിയ അധിക തുക താല്‍ക്കാലികം മാത്രമാണെന്നു പറയുന്നുണ്ടല്ലോ?

സര്‍ക്കാറിനു മുമ്പില്‍ ഒരു പ്രശ്നം വരുമ്പോള്‍ വളരെ പെട്ടന്ന് അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എന്നതു പ്രധാനമാണ്. അങ്ങിനെയാണ് ഇപ്പോഴത്തെ സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിച്ചതും അതിനായി അധിക തുക അനുവദിച്ചതും. പിന്നീട് ഒരു മന്ത്രിസഭാ തീരുമാന പ്രകാരം ഇതു സ്ഥിരപ്പെടുത്താവുന്നതേ ഉള്ളൂ. ഇപ്പോള്‍ എടുത്ത തീരുമാനത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടായിരിക്കും അതു സ്ഥിരപ്പെടുത്തുക. ഇത് വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഒരു സാധാരണ നടപടിക്രമമാണ്.

സ്‌കോളര്‍ഷിപ്പിനു പുതുതായി അപേക്ഷിക്കുന്നവരെ പുതിയ അനുപാത പ്രകാരമായിരിക്കും പരിഗണിക്കുക എന്നത് ആശങ്കയില്ലേ?

പാലോളിക്കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം നിജപ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് എണ്ണത്തില്‍ കുറവു വരുന്ന പ്രശ്നമില്ല. ആര്‍ക്കും ആനുകൂല്യം കിട്ടാതെവരില്ലെന്നു സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പില്‍ വിശ്വസിക്കുകയാണ്.

ഒരു വിഭാഗത്തിന്റെ ആനുകൂലം അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കങ്ങളാണ് നടക്കുന്നത് എന്ന് ആക്ഷേപമുണ്ടല്ലോ?

ഒരു വിഭാഗത്തിന്റെ ആനുകൂല്യവും അട്ടിമറിക്കപ്പെടുന്നില്ല. സര്‍ക്കാറിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനാണ് പാലോളി കമ്മിറ്റിയെ വെച്ചത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ കാര്യം നോക്കാന്‍ ഒരു ന്യൂനപക്ഷ സെല്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെ ഒരു മന്ത്രാലയമായി വികസിപ്പിച്ചത് ഇടതു സര്‍ക്കാറാണ്. ന്യൂനപക്ഷത്തിന് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല ഉള്ളത്. സി എച്ച്, മദര്‍ തെരേസ, മുണ്ടശ്ശേരി തുടങ്ങി നിരവധി പേരുകളില്‍ സ്‌കോളര്‍പ്പുകള്‍ വേറെയുമുണ്ട്.

ന്യൂനപക്ഷങ്ങളുടെ ക്ഷേമ പദ്ധതികളെല്ലാം ഫലപ്രദമാക്കിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ പോലുള്ള നടപടികള്‍ കൊണ്ടുവന്നു. എന്നാല്‍ യു ഡി എഫ് കാലത്ത് ഇതെല്ലാം നിഷ്‌ക്രിയമായി.
ഇടതു സര്‍ക്കാറിന്റെ കാലത്ത് സക്രിയമായിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനെ നിരന്തര സമത്തിലൂടെയും രാഷ്ട്രീയ പ്രേരിതമായ ആരോപണത്തിലൂടെയും വേട്ടയാടാനാണ് യു ഡി എഫ് തയ്യാറായത്. അതിന്റെ തുടര്‍ച്ച എന്ന നിലിയിലാണ് ഇപ്പോള്‍ സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിച്ചതിന്റെ പേരിലും വിവാദം ഉയര്‍ത്തി വിടാന്‍ ശ്രമിക്കുന്നത്.

80 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്ന മുസ്‍ലിം വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാ അനുപാത പ്രകാരം 59.05 ശതമാനത്തില്‍ താഴെമാത്രം ലഭിക്കുമ്പോള്‍ 20 ശതമാനം ലഭിച്ചിരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 40.85 ശതമാനമായി വിഹിതം ഉയരും എന്നൊരു വിലയിരുത്തല്‍ ഉണ്ടല്ലോ?

കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട ഒരു സ്‌കോള്‍ഷിപ്പിന്റെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പുതിയ അനുപാതം നിശ്ചയിച്ചിട്ടുള്ളത്. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കോ ആനുകൂല്യങ്ങള്‍ക്കോ ഇതു ബാധകമല്ല. അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവ വിഭാഗങ്ങളില്‍ ചിലര്‍ക്കു മുന്നാക്ക വിഭാഗ ആനുകൂല്യവും മറ്റുള്ളവര്‍ക്കു പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടല്ലോ?

വിദ്യാഭ്യാസ കാര്യത്തില്‍ പ്രോത്സാഹനം നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങളെ സാമുദിയാകമായ അളവുകോലുകള്‍കൊണ്ടുമാത്രം വിലയിരുത്തുന്നതു ശരിയല്ല. ഇതിനെ അക്കാദമികമായാണ് വിലയിരുത്തേണ്ടത്. സാമുദായിക വിലയിരുത്തലുകള്‍ അവസാനം ചെന്നെത്തുന്നത് സംവരണ വിരുദ്ധര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ഏറ്റെടുക്കുന്നതിലേക്കായിരിക്കും. മുസ്‍ലിമും ക്രൈസ്തവരും മാത്രമല്ല ഇവിടെ ന്യൂനപക്ഷം. മുന്നാക്ക, പിന്നാക്ക ക്ഷേമ കോര്‍പറേഷനുകള്‍ ഏര്‍പ്പെടുത്തുന്ന ആനുകൂല്യങ്ങള്‍ മുസ്‍ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും വാങ്ങാവുന്നതാണ്. ഇത്തരം വിഷയങ്ങളെ സമുദായ വിഷയമായി ചുരുക്കാതെ അക്കാദമികമായി കാണുകയാണു വേണ്ടത്.

ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയില്ലെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇതര സ്‌കോളര്‍ഷിപ്പ് വിതരണം നിയമ നടപടി നേരിടുകയില്ലേ?

ഒരു സ്‌കോളര്‍ഷിപ്പിന് അര്‍ഹമായ വിദ്യാര്‍ഥി മറ്റൊന്നിന് അപേക്ഷിക്കുന്ന രീതി പൊതുവെ ഇല്ലാത്തതാണ്. അതിനാല്‍ ഇതിന്റെ പേരില്‍ നിയമ നടപടികളിലേക്കൊന്നും പോകേണ്ട സാഹചര്യം ഉണ്ടാവുന്നില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest