Kerala
ചെന്നിത്തല വര്‍ക്കിങ് പ്രസിഡന്റായേക്കും; ഹൈക്കമാന്‍ഡിന് ലക്ഷ്യങ്ങള്‍ രണ്ട്
കോഴിക്കോട് | രമേശ് ചെന്നിത്തലയെ എ ഐ സി സി വര്‍ക്കിങ് പ്രസിഡന്റാക്കി ഡല്‍ഹിക്കു കൊണ്ടുപോകുന്നതോടെ ഹൈക്കമാന്‍ഡിന് രണ്ടു ലക്ഷ്യങ്ങള്‍. പാര്‍ട്ടിയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം കേരളത്തിലെ ഗ്രൂപ്പ് പോരിന് ശാശ്വതമായ അന്ത്യം കുറിക്കലും കൂടിയാണ് ഉദ്ദേശ്യം. ചെന്നിത്തലക്ക് ദേശീയ തലത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കാനുള്ള ആലോചനയുടെ ഭാഗമായാണ് നാല് വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന നിര്‍ദേശം ഉയര്‍ന്നത്.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സുശക്തരായ നാല് വര്‍ക്ക് പ്രസിഡന്റുമാരെ നിയമിച്ചാല്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഉമ്മന്‍ ചാണ്ടി ഏറെക്കുറെ വിശ്രമത്തിലേക്കു പ്രവേശിക്കുകയും ചെന്നിത്തല ദേശീയ നേതൃത്വത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതോടെ കേരളത്തില്‍ ഏറെക്കാലമായി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അന്ത്യംകുറിക്കാമെന്നും നേതൃത്വം കരുതുന്നു.
ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കൊപ്പം രമേശ് ചെന്നിത്തലയേയും വര്‍ക്കിങ്ങ് പ്രസിഡന്റാക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയ രമേശ് ചെന്നിത്തലക്ക് അര്‍ഹമായ പരിഗണന നല്‍കുക എന്ന സമവായവും നീക്കത്തിനു പിന്നിലുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രവര്‍ത്തന പരിചയമുള്ള നേതാവാണ് ചെന്നിത്തല. പദവികള്‍ തേടിപ്പോയ ചരിത്രം തനിക്കില്ലെന്നും പദവികള്‍ തന്നെ തേടി വരികയായിരുന്നുവെന്നുമാണ് ചെന്നിത്തല എപ്പോഴും പറയാറുള്ളത്.
ഇന്ധിരാ ഗാന്ധി മുതല്‍ ആ കുടുംബവുമായി ആഴത്തില്‍ ബന്ധമുള്ള നേതാവാണ് ചെന്നിത്തല. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമായും ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. പിന്നീട് രാഹുല്‍ ഗാന്ധിയുമായും. ദേശീയ രാഷ്ട്രീയത്തില്‍ മികച്ച അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. 1984ലെ എന്‍ എസ് യു ദേശീയ സമ്മേളനത്തിലെ മൂന്ന് മണിക്കൂര്‍ നീണ്ട ഹിന്ദി പ്രസംഗവും അതിനുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രശംസയുമാണ് ചെന്നിത്തലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു യുവ നേതാവ് മുണ്ട് ധരിച്ച് ഹിന്ദിയില്‍ നന്നായി സംസാരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ഇന്ദിരാ ഗാന്ധി അന്ന് പറഞ്ഞത്. 1982- ല്‍ ഹരിപ്പാട് മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് ഇന്ദിരാ ഗാന്ധി നേരിട്ടെത്തി. കേരളത്തില്‍ കരുണാകരനുമായുള്ള ആത്മബന്ധംകൂടി ആയതോടെ ചെന്നിത്തലക്ക് രാഷ്ട്രീയത്തില്‍ അനായാസം പറന്നുയരാന്‍ കഴിഞ്ഞു.
1985-ല്‍ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളിലെ യുവജന സമ്മേളനത്തിന്റെ സെക്രട്ടറി ജനറലാകാന്‍ രാജീവ് ഗന്ധി അവസരം നല്‍കിയതോടെ ആ യുവനേതാവ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. രാജീവ് ഗാന്ധി ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും നല്‍കി. ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള ചെന്നിത്തലയുടെ വഴികാട്ടി രാജീവ് ഗാന്ധിയായിരുന്നു. 1982ല്‍ അപ്രതീക്ഷിതമായി എന്‍ എസ് യു ദേശീയ അധ്യക്ഷനാകുന്നത് ആ ആത്മബന്ധത്തിലൂടെയാണ്.
പദവികള്‍ തേടിവന്ന ചരിത്രമാണ് തനിക്കുള്ളതെന്നും ഒതുക്കാം പക്ഷേ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല ട്വീറ്റുകളിലൂടെ പറഞ്ഞുവെയ്ക്കുന്നു. കൃത്യമായ കണക്കൂകൂട്ടലും ഓര്‍മപ്പെടുത്തലുമെല്ലാം അദ്ദേഹത്തിന്റെ ടീറ്റില്‍ പ്രകടമാണ്. പരിചയസമ്പത്ത് വെളിവാക്കുക വഴി ഒപ്പം നിന്ന് കാല് വാരിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഡൗണ്‍ മെമ്മറി ലൈന്‍ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസ് വിട്ട യുവ രക്തവും രാഹുല്‍ ബ്രിഗേഡിന്റെ കരുത്തുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിച്ചതോടെ കോണ്‍ഗ്രസിലെ യുവാക്കളെല്ലാം പല ഓപ്ഷനുകള്‍ നോക്കിയേക്കാമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതാണ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതു വരെ ഒന്നിലേറെ വര്‍ക്കിങ് പ്രസിഡന്റുമാരെ വച്ച് പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കുകയാണ് ലക്ഷ്യം. അധ്യക്ഷയായി സോണിയ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ഏല്‍പ്പിക്കാനാണ് ആലോചന. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം സംഘടനാ രംഗത്തുവരുത്തിയ മാറ്റങ്ങളാണ് മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി മാതൃകയാക്കുന്നത്.
കോണ്‍ഗ്രസ് ദീര്‍ഘകാലം കേന്ദ്രത്തില്‍ അധികാരത്തില്‍ തുടര്‍ന്ന കാലത്ത് സംസ്ഥാനങ്ങളില്‍ നിന്നു വിവിധ കാരണങ്ങളാല്‍ പുറത്താകുന്ന നേതാക്കളെ കേന്ദ്രത്തില്‍ കുടിയിരുത്തുന്നതിന് അനവധി സ്ഥാനമാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം സാഹചര്യമില്ലാത്തതിനാല്‍ ചെന്നിത്തലയേ പോലെ ഒരു മുതിര്‍ന്ന നേതാവിനെ എങ്ങിനെ പരിഗണിക്കും എന്നതു പാര്‍ട്ടിക്കു തലവേദനയായിരുന്നു.
ഗ്രൂപ്പ് വഴക്കിന്റേയും മറ്റും ഭാഗമായി സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടവരെ കേന്ദ്രത്തില്‍ അക്കൊമഡേറ്റ് ചെയ്ത നിരവധി ചരിത്രം പാര്‍ട്ടിക്കുണ്ട്. 1962 -ല്‍ കെ പി സി സി അധ്യക്ഷ പദത്തില്‍ നിന്ന് ഒഴിഞ്ഞ സി കെ ഗോവിന്ദന്‍ നായര്‍ക്ക് അന്ന് ഹൈക്കമാന്‍ഡ് ആദ്യം നല്‍കിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനമായിരുന്നു. 1964 -ല്‍ അദ്ദേഹം എ ഐ സി സി പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭാംഗവുമായി തിരഞ്ഞടുക്കപ്പെട്ടു.
1992 -ലെ കെ പി സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിയോട് തോറ്റ ആന്റണിയെ ഉടന്‍ തന്നെ രാജ്യസഭാ സീറ്റ് നല്‍കി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയും നരസിംഹ റാവുവിന്റെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്തു. 1995- ല്‍ കരുണാകരന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഉടന്‍ രാജ്യസഭയിലൂടെ റാവു മന്ത്രിസഭയില്‍ പ്രവേശം നല്‍കി. റാവു മന്ത്രിസഭയില്‍ നിന്ന് പഞ്ചസാര കുംഭകോണക്കേസിനെ തുടര്‍ന്ന് രാജിവച്ച ആന്റണി കേരളത്തിലേക്ക് മടങ്ങി മുഖ്യമന്ത്രി പദമേറ്റെടുത്തു.
2004 -ലെ ലോക്‌സഭാ തിരഞ്ഞടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയെ യാത്രയയച്ച ഉടനെ വിമാനത്താവളത്തില്‍ വച്ചായിരുന്നു ആന്റണിയുടെ രാജി. ഉടന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആന്റണി പിന്നീട് 2006 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന രണ്ട് യു പി എ സര്‍ക്കാരുകളിലും പ്രതിരോധ മന്ത്രിയായി.
കേന്ദ്രത്തില്‍ അധികാരമില്ലെങ്കിലും പഴയ പരീക്ഷണങ്ങള്‍ തുടരുന്നതിനപ്പുറം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ആത്മാര്‍ഥമായ ലക്ഷ്യവും ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ ഉണ്ടെന്നാണ് കരുതുന്നത്.