Gulf
എം എ യൂസഫലി അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍
അബൂദബി | അബ്ദുല്ല മുഹമ്മദ് അല്‍ മസ്രൂയി ചെയര്‍മാനായി, അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുനസ്സംഘടിപ്പിച്ചു. ഡോ. അലി ബിന്‍ ഹര്‍മല്‍ അല്‍ ദാഹിരിയെ ഒന്നാം വൈസ് ചെയര്‍മാനായും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ രണ്ടാം വൈസ് ചെയര്‍മാനായും നിയമിച്ചു. ട്രഷററായി മസൂദ് റഹ്മ അല്‍ മസൂദിനേയും, ഡെപ്യൂട്ടി ട്രഷററായി സയീദ് ഗുമ്രാന്‍ അല്‍ റെമിതിനെയും നിയോഗിച്ചു.
അബൂദബിയിലെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെ പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ഷേംസ് അലി അല്‍ ദാഹേരി, ജാസിം താബെറ്റ്, വസീം അല്‍ ഹലാബി, നൗര്‍ അല്‍ തമീമി, ഖാദിജ അല്‍ അമീരി, അമീര്‍ കാക്കിഷ്, ജാസിം അല്‍ സിദ്ദിഖി, സയീദ് ദാഹിരി, ഖാലിദ് അല്‍ ഫാഹിം, ഖലീഫ അല്‍ കെത്ബി, ഖാലിദ് അനിബ്, യാസര്‍ നാസര്‍ സാഗ് ഹലോല്‍, കാള്‍ മാഗ്‌നസ് ഓള്‍സണ്‍, അഹമ്മദ് അല്‍മെഹൈരി, അലാ മുഹമ്മദ് എറൈകത്ത്, തെലാല്‍ ഷാഫിക് അല്‍ ദിയേബി, മാര്‍വ അബ്ദുല്ല അല്‍ മന്‍സൂരി, സയ്യിദ് ഷൂബ്, ഹതീം ദോവിദാര്‍, റാഷെഡ് മിക്കതി, ബസ്സാം ആദിബ് ചില്‍മരന്‍, ഫൗദ് ഫാഹ്മി ഡര്‍വിഷ് എന്നിവരാണ് മെമ്പര്‍മാര്‍. ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരന്‍ യൂസഫലിയാണ്.
അബൂദബി ചേംബര്‍
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബൂദബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബൂദബി ചേംബര്‍. അബൂദബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള ചേംബര്‍ ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്. അബൂദബി എമിറേറ്റിലെ സുസ്ഥിര വികസനം സാക്ഷാത്ക്കരിക്കുന്നതിന് എമിറേറ്റില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും സംഭാവന ചെയ്യുക, സ്വകാര്യ മേഖലയിലെ കമ്പനികളുടെ മത്സരശേഷി വര്‍ധിപ്പിക്കുക, ഉയര്‍ന്ന ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതിലൂടെ അവയുടെ അവസരങ്ങള്‍ വിപുലീകരിക്കുക തുടങ്ങിയവയാണ് അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ലക്ഷ്യം.
ദീര്‍ഘദര്‍ശികളായ ഭരണാധികാരികള്‍ക്ക് നന്ദി: എം എ യൂസഫ് അലി
വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് എം എ യൂസഫലി പ്രതികരിച്ചു. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ആത്മാര്‍ഥമായി പ്രയത്‌നിക്കും. യു എ ഇ യുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യൂസഫലി വ്യക്തമാക്കി.
അബൂദബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായി യു എ ഇ യുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ അംഗീകാരം. 28,000-ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുള്ള ലുലു ഗ്രൂപ്പിന് യു എസ് എ, യു കെ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് എന്നിവയടക്കം 14 രാജ്യങ്ങളില്‍ ഭക്ഷ്യസംസ്‌ക്കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ച ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു. തിരുവനന്തപുരം, ലക്നൗ, ബാംഗ്‌ളൂര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം തന്നെ തുറന്നു കൊടുക്കും.
യൂസഫ് അലിയുടെ സ്ഥാനലബ്ധി ഇന്ത്യക്ക് അഭിമാനം
അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലിയെ നിയമിച്ചത് ഇന്ത്യക്ക് അഭിമാനമായി. ആദ്യമായാണ് ഒരു വിദേശ പൗരനെ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിക്കുന്നത്. ഇതോടെ വൈസ് ചെയര്‍മാനായി നിയമിതനാകുന്ന ആദ്യത്തെ വിദേശ പൗരനും ആദ്യത്തെ ഇന്ത്യക്കാരനുമായി മലയാളിയായ യൂസഫ് അലി മാറി.