Kerala
ഒന്നിച്ചില്ലെങ്കില്‍ ഐ എന്‍ എല്ലിനെ മുന്നണിയില്‍ നിന്ന് പുറത്താക്കും
കോഴിക്കോട് | ഒന്നിച്ച് നിന്നില്ലെങ്കില്‍ ഐ എന്‍ എല്ലിലെ ഇരു വിഭാഗത്തേയും ഇടത് മുന്നണിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടാ വിഭാഗീയതയും സംഘര്‍ഷവും ഇടത് മുന്നണിക്ക് അപമാനമാണെന്നാണ് സി പി എം വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിഭാഗീയത നിലനിന്നപ്പോള്‍ ഐ എന്‍ എല്‍ നേതാക്കളെ മൂന്ന് ആഴ്ച മുമ്പ് എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ച് സി പി എം മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ശക്തമായ ഭാഷയില്‍ കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കളെ താക്കീത് ചെയ്തിരുന്നു. എന്നിട്ടും വിഭാഗീയതമായുമായി ഇവര്‍ മുന്നോട്ട് പോകുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ സംഭവം മുന്നണിക്ക് ഉണ്ടാക്കിയ നാണക്കേട് ഏറെ വലുതാണ്. എല്‍ ഡി എഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഘടകക്ഷിയിലെ പ്രവര്‍ത്തകര്‍ ഇങ്ങനെ പരസ്യമായി തെരുവില്‍ ഏറ്റുമുട്ടുന്നത്. ഇത് സി പി എം ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. കാസിം ഇരിക്കൂര്‍ വിഭാഗത്തിനാണ് സി പി എമ്മിന്റെ പിന്തുണ എന്ന തരത്തില്‍ ഇന്നലെ ചില കോണുകളില്‍ നിന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു വിഭാഗത്തേയും പിന്തുണക്കേണ്ടയെന്നാണ് സി പി എമ്മിന്റെ തീരുമാനം. മുന്നണിയുടെ അച്ചടക്കം പാലിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു വിഭാത്തേയും പുറത്താക്കുന്നത് അടക്കമുള്ള ശക്തമായ നടപടികളിലേക്ക് സി പി എം കടുക്കും.
ഐ എന്‍ എല്ലിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഏതെങ്കിലും വിഭാഗത്തിന്റെ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നും സി പി എം പരിശോധിക്കുന്നുണ്ട്. കൊച്ചിയിലെ സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ഓരോ ചലനങ്ങളും സി പി എം നിരീക്ഷിച്ച് വരുകയാണ്. നേരത്തെ എല്‍ ഡി എഫിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കൊപ്പം ഉറച്ച് നിന്നാണ് എസ് എ പുതിയവളപ്പിലും അബ്ദുല്‍ വഹാബുമെല്ലാം പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാല്‍ ഐ എന്‍ എല്‍ നേതൃത്വത്തില്‍ ഇടക്കുണ്ടായ ചില മാറ്റങ്ങള്‍ അധികാര ചേരികള്‍ രൂപപ്പെടാന്‍ കാരണമായെന്നാണ് സി പി എം വിലയിരുത്തല്‍. ഇത് കാസിം ഇരിക്കൂര്‍ വിഭാഗത്തിനെതിരെയാണ് വിരല്‍ ചൂണ്ടുന്നത്.
അതിനിടെ ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദവുമായി ഖാസിം ഇരിക്കൂര്‍ വിഭാഗം രംഗത്തെത്തി. എന്നാല്‍ ഇത് തെറ്റാണെന്നും ദേശീയ നേതൃത്വം നിലപാട് അറിയിച്ചിട്ടില്ലെന്നും അണികളുടെ വികാരത്തിനൊപ്പമാണ് അവര്‍ നില്‍ക്കുകയെന്നുമാണ് എതിര്‍ വിഭാഗം പറയുന്നത്.
അതിനിടെ കൊച്ചിയിലെ സംഘര്‍ഷത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് യോഗം നടത്താന്‍ അവസരം നല്‍കിയ ഹോട്ടലിനെതിരേയും കേസെടുത്തിട്ടുണ്ട്.