Kerala
അവിശ്വാസം പാസായി; കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്
കോന്നി | കോന്നി കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. യു ഡി എഫ് ഭരണ സമിതിക്കെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസാവുകയായിരുന്നു. അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബി ആണ് പ്രമേയം അവതരിപ്പിച്ചത്. യു ഡി എഫിലെ ജിജി സജി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ എല്‍ ഡി എഫ് – ഏഴ്, യു ഡി എഫ് ആറ് എന്നിങ്ങനെയായി കക്ഷി നില.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ എം വി അമ്പിളിയ്ക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പാസായത്. എല്‍ ഡി എഫിലെ ആറംഗങ്ങളാണ് അവിശ്വാസ നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗവും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് അധികാരം കിട്ടിയതു മുതല്‍ വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി നടന്ന പിടിവലിയാണ് അവിശ്വാസത്തില്‍ എത്തിയത്.
കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലെ അന്തഃഛിദ്രം മുതലെടുത്താണ് എല്‍ ഡി എഫ് അവിശ്വാസ നീക്കം നടത്തിയത്. ഇളകൊള്ളൂര്‍ ഡിവിഷന്‍ മെമ്പറായ ജിജി സജി പ്രസിഡന്റ് സ്ഥാനത്തിന് ആദ്യമേ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശ് എം പിയുടെ നോമിനിയായി എം വി അമ്പിളിയെ ഉപാധികളില്ലാതെ പ്രസിഡന്റാക്കി. മറ്റൊരു വനിതാ മെമ്പര്‍ മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ഈശോയും പ്രസിഡന്റ് സ്ഥാനത്തിന് അവകാശം ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ ആരെയും പരിഗണിക്കാതെ അമ്പിളി പ്രസിഡന്റായി അഞ്ചു വര്‍ഷവും തുടരുമെന്ന നിലപാടിലായിരുന്നു നേതൃത്വം.
അവിശ്വാസത്തിനു നോട്ടീസ് നല്‍കിയതിനു പിന്നാലെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ക്ക് ജിജി വഴങ്ങിയില്ലെന്നാണ് വിവരം. ഭരണ സമിതി അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴാണ് അവിശ്വസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. അവിശ്വാസം പാസായതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ താത്ക്കാലിക ചുമതല വൈസ് പ്രസിഡന്റ് ദേവകുമാറിന് നല്‍കി. സി പി എമ്മിലെ തുളസീ മണിയമ്മയെ പ്രസിഡന്റാക്കി ഭരണം ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് ഇടതു മുന്നണി. കോന്നി റീജ്യണല്‍ സഹകരണ ബേങ്ക് പ്രസിഡന്റു കൂടിയാണ് തുളസീ മണിയമ്മ.