Kerala
കൊടകര കള്ളപ്പണം; തിരഞ്ഞെടുപ്പ് അട്ടിമറി പോലീസ് വിശദമായി അന്വേഷിക്കും
തൃശൂര്‍ | കൊടകര കള്ളപ്പണവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അട്ടിമറി പോലീസ് വിശദമായി അന്വേഷിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. കോന്നിയിലെ പഞ്ചായത്തംഗങ്ങള്‍ക്ക് പണം വിതരണം ചെയ്തതും ബി ജെ പി അനുഭാവി ധര്‍മരാജന്‍ കൂടുതല്‍ പണം എത്തിച്ചെന്ന കണ്ടെത്തലും പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ഇ ഡിക്കും ഉടന്‍ സമര്‍പ്പിക്കും.
കൊടകരയില്‍ കള്ളപ്പണ കവര്‍ച്ച നടന്ന ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്ന് ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചത്. കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബി ജെ പിയുടെതാണെന്ന് ധര്‍മരാജന്‍ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. കവര്‍ച്ച നടന്ന ശേഷം പോലീസിന് നല്‍കിയ മൊഴിയിലാണ് കവര്‍ച്ച ചെയ്യപ്പെട്ടത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധര്‍മരാജന്‍ പറഞ്ഞത്. എന്നാല്‍ ഇരിങ്ങാലക്കുട കോടതിയില്‍ ധര്‍മരാജന്‍ നല്‍കിയ ഹരജിയില്‍ കവര്‍ച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാര്‍വാടി നല്‍കിയതാണെന്നായിരുന്നു പറഞ്ഞത്. മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.