Editors Pick
അവരുടെ അതിജീവനം നമ്മുടെ കൈയിലാണ്
ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ആവാസ വ്യവസ്ഥയുടെ ആരോഗ്യവും വൈവിധ്യവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ലോക വന്യജീവി ഫണ്ടിന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ആകെ 3,900 കടുവകള്‍ മാത്രമാണുള്ളത്. കടുവകള്‍ നേരിടുന്ന അപകടങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് മനുഷ്യരില്‍ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാ വര്‍ഷവും ജൂലൈ 29 ന് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നത്. വെളുത്ത കടുവകള്‍, കറുത്ത വരകളുള്ള തവിട്ടു നിറത്തിലുള്ളവ, കറുത്ത വരകളുള്ള വെളുത്ത കടുവകള്‍, സ്വര്‍ണ നിറത്തിലുള്ളവ എന്നിങ്ങനെ വിവിധ തരം കടുവകളുണ്ട്. ബാലി ടൈഗര്‍, കാസ്പിയന്‍ ടൈഗര്‍, ജവാന്‍ ടൈഗര്‍, ടൈഗര്‍ ഹൈബ്രിഡ്‌സ് എന്നിവയുള്‍പ്പെടെ നാല് ഇനങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചിട്ടുള്ളത്.
“അവരുടെ അതിജീവനം നമ്മുടെ കൈയിലാണ്” എന്നാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കടുവ ദിനത്തിന്റെ സന്ദേശം. ലോകത്ത് ആകെയുള്ള കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ്. അതുകൊണ്ട് ആഘോഷങ്ങളില്‍ രാജ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കടുവ സംരക്ഷണ കേന്ദ്രങ്ങളുടെയും പരിസ്ഥിതി വകുപ്പിന്റെയും ഒറ്റക്കെട്ടായ പരിശ്രമത്താല്‍ 2022 നു മുമ്പ് ഇന്ത്യ കടുവകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാട്ടിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവരാണ് കടുവകള്‍. സസ്യഭുക്കുകളുടെയും സസ്യജാലങ്ങളുടെയും സന്തുലിതാവസ്ഥ അവ നിലനിര്‍ത്തുന്നുണ്ട്. വനനശീകരണം, കാടുകള്‍ വെട്ടിത്തെളിക്കുന്നതിലൂടെ വാസസ്ഥലം നഷ്ടപ്പെടുക, വേട്ടയാടലുകള്‍ക്ക് ഇരയാവുക, ശരീരഭാഗങ്ങള്‍ അനധികൃതമായി വ്യാപാരം ചെയ്യുക ഇതെല്ലാം ഇവയുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണമാകുന്നു.
2010 ജൂലൈ 29 മുതലാണ് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് കടുവ ഉച്ചകോടിയിലാണ് ഇതിനായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ആഗോളതലത്തില്‍ കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുക, കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിലുണ്ടായിരുന്നത്. 2022 അവസാനത്തോടെ കടുവകള്‍ ഉള്ള രാജ്യങ്ങള്‍ അവയുടെ എണ്ണം ഇരട്ടിയാക്കുമെന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
കേരളത്തിലെ ടൈഗര്‍ റിസര്‍വുകളിലും വന്യജീവി സങ്കേതങ്ങളിലും കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2018ലെ കണക്ക് പ്രകാരം കേരളത്തില്‍ 150 കടുവകള്‍ ഉണ്ട്. വയനാട് വന്യജീവി സങ്കേതത്തിലും വടക്ക്, തെക്ക് വനം ഡിവിഷനുകളിലുമായി 75 കടുവകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നാല് വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ കടുവകളുടെ സെന്‍സസ് നടത്തുന്നത്.