Connect with us

Kerala

ശിവന്‍കുട്ടിയുടെ രാജിയില്‍ ഉറച്ച് പ്രതിപക്ഷം; രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ഫയല്‍ ഫോട്ടോ

തിരുവനന്തപുരം | നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധിച്ചു.രാവിലെ സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ സ്പീക്കര്‍ ഇത് അനുവദിച്ചില്ല. ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സ്പീക്കര്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം മുഴക്കി.

വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടു പോലും സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മന്ത്രി ശിവന്‍കുട്ടി രാജിവക്കുന്ന പ്രശ്‌നമില്ലെന്ന് തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ പ്രതിയായി എന്നതുകൊണ്ട് മാത്രം മന്ത്രി രാജവെക്കേണ്ട ആവശ്യമില്ല. നിയമസഭയില്‍ നടന്ന ഒരു പ്രതിഷേധത്തില്‍ പോലീസ് കേസെടുത്തതുകൊണ്ടാണ് ഇത്തരമൊരു സ്ഥിതിയുണ്ടായത്. തെറ്റായ കീഴ്വഴക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയതെന്നും കേസില്‍ വിചാരണ നേരിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി

Latest