Kerala
കൊവിഡ് പ്രത്യാഘാതം: 5600 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം | കൊവിഡ് രണ്ടാം തരംഗം തീര്‍ത്ത സാമ്പത്തിക പ്രത്യാഘാതം മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്കായി 5600 കോടിയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ വാടകക്ക് നല്‍കിയ മുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് ഇളവ് നല്‍കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കെ എഫ് സി പലിശ ഇളവ് അനുവദിച്ചു. കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനമായും കുറച്ചു. കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനംവരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു.ചെറുകിട വ്യവസായങ്ങള്‍ ആരോഗ്യപരിപാലനം ടൂറിസം വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്