Connect with us

Kerala

കോതമംഗലം കൊലപാതകവും ആത്മഹത്യയും അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു

Published

|

Last Updated

കോതമംഗലം | കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊന്ന ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. . മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി പോലീസ് സംഘം കണ്ണൂരിലെത്തി.

ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് മാനസയെ രഖില്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ രഖില്‍ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ മാറിയുള്ള വാടകമുറിയിലാണ് രഖില്‍ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സംഭവത്തിന് പിറകെ മാനസയുടേയും രഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകര്‍ന്നതാണ് സംഭവത്തിന് പിറകിലെന്നാണ് കരുതുന്നത്. 7.62 എം എം റൈഫിള്‍ ഉപോഗിച്ചാണ് പ്രതി കൊല നടത്തിയത്. ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്കാണിത്. സംഭവത്തിന്റെ ദൃക്സാക്ഷികളായ വിദ്യാര്‍ഥിനികള്‍, കോളജിലെ സഹപാഠികള്‍ അടക്കമുള്ളവരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ശേഖരിക്കും. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം
അതേസമയം, മാനസയുടെയും രഖിലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

Latest