Editorial
ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങുമ്പോൾ
ട്രോളിംഗ് നിരോധം അവസാനിക്കുമ്പോൾ ആവേശവും പ്രതീക്ഷയുമാണ് തീരദേശ മേഖലകളിൽ സാധാരണ പ്രകടമാകാറ്. ഇത്തവണ രണ്ട് മാസത്തെ ഇടവേളക്കു ശേഷം ഇന്ന് മത്സ്യബന്ധന മേഖല വീണ്ടും സജീവമാകുമ്പോൾ മീൻപിടിത്ത തൊഴിലാളികൾക്കിടയിൽ പഴയ ഉണർവും ആവേശവും പ്രകടമല്ല. കൊവിഡ് നിയന്ത്രണങ്ങൾ, ഡീസലിന്റെ വിലയിലുണ്ടായ കുതിച്ചു കയറ്റം, മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, മത്സ്യങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മൂലം ബോട്ടുകളിൽ നല്ലൊരു പങ്കും കടലിൽ ഇറക്കുന്നില്ല. ബോട്ടുകൾക്ക് വർഷത്തിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ സാമ്പത്തിക പ്രയാസം മൂലം പലരും നടത്തിയിട്ടില്ല. വീടിന്റെ ആധാരവും ഇത്തിരി പൊന്നുമൊക്കെ പണയപ്പെടുത്തിയാണ് അറ്റകുറ്റപ്പണികൾ നടത്തി കഴിഞ്ഞ കൊവിഡ് കാലത്ത് ബോട്ടുകൾ കടലിൽ ഇറക്കിയത.് ആ കടം വീട്ടാൻ കഴിയാതെ കടുത്ത പ്രതിസന്ധിയിലാണ് നല്ലൊരു പറ്റം മത്സ്യത്തൊഴിലാളികളും.
മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും പ്രയാസം സൃഷ്ടിക്കും. പല കുടുംബങ്ങളിലും കൊറോണ അവശേഷിപ്പിച്ച അവശതകൾ വേറെയും. കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മീനുകൾ കുറഞ്ഞതിനാൽ പഴയ പോലെ മത്സ്യ ലഭ്യത പ്രതീക്ഷിക്കുന്നുമില്ല. ജോലിക്കാരുടെ കുറവാണ് മറ്റൊരു പ്രശ്‌നം. നിരോധന കാലത്ത് തമിഴ്‌നാട്ടിലേക്ക് പോയ ജോലിക്കാരിൽ പകുതി പേർ മാത്രമേ തിരിച്ച് എത്തിയിട്ടുള്ളൂ. മറ്റുള്ളവർ അവിടെ പല സ്ഥലങ്ങളിലായി വിവിധ ജോലികൾ ചെയ്തു കൊണ്ടിരിക്കുകയാണ്.
ലൈസൻസ് ഫീസ് 25,000 രൂപയായി വർധിപ്പിച്ചതും തിരിച്ചടിയാണ്. ഇത് കൃത്യമായി അടച്ചെങ്കിൽ മാത്രമേ ബോട്ടുകൾ കടലിൽ ഇറക്കാൻ പറ്റൂ. മറ്റു പല സംസ്ഥാനങ്ങളിലും 3,000 രൂപയാണ് ഫീസ്.
സംസ്ഥാനത്തുള്ള മത്സ്യബന്ധന ബോട്ടുകളിൽ പകുതിയോളമേ ഇന്ന് കടലിൽ ഇറക്കുകയുള്ളൂവെന്നാണ് വിവരം. അറ്റകുറ്റപ്പണി, മത്സ്യബന്ധനോപകരണങ്ങൾ വാങ്ങൽ, ഇന്ധനം എന്നിങ്ങനെ ഒരു ബോട്ട് കടലിൽ ഇറക്കാൻ നാല് ലക്ഷത്തോളം ചെലവ് വരുമെന്നും ഇത്രയും തിരിച്ചുകിട്ടാൻ പ്രയാസമാണെന്നുമാണ് ബോട്ടുടമകൾ പറയുന്നത്. ഇതിനെല്ലാം പുറമേ ഇടനിലക്കാരായ വ്യാപാരികൾ മത്സ്യത്തൊഴിലാളികളുടെ അധ്വാനശേഷിയുടെ ഫലം കവർന്നെടുക്കുകയും ചെയ്യുന്നു. മണ്ണെണ്ണയുടെ ലഭ്യത മുമ്പത്തെ അപേക്ഷിച്ചു കുറയുകയും വില വർധിക്കുകയും ചെയ്തതും പ്രതികൂല ഘടകമാണ്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ മികച്ച പങ്ക് വഹിക്കുന്നുണ്ട് മത്സ്യബന്ധന മേഖല. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന ഘടകമെന്ന നിലയിലും ഈ മേഖല കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മത്സ്യബന്ധന സംസ്‌കരണ കയറ്റുമതി വ്യവസായത്തിൽ രണ്ട് ലക്ഷം മത്സ്യത്തൊഴിലാളികളും എട്ട് ലക്ഷം അനുബന്ധ തൊഴിലാളികളും ഉപജീവനം നടത്തി വരുന്നുണ്ട് കേരളത്തിൽ. രാജ്യത്തെ മത്സ്യസമ്പത്തിന്റെ 15 ശതമാനത്തിൽ പരം കരയിലെത്തിക്കുന്നത് കേരളത്തിലെ തൊഴിലാളികളാണ്. കേരളത്തിന്റെ കടലോരം 7.5 ശതമാനമാണെങ്കിലും രാജ്യത്തെ മൊത്തം കടലോര തൊഴിലാളികളിൽ 17 ശതമാനവും കേരളീയരാണ്.
അതേസമയം ഇവരിൽ ഗണ്യമായ വിഭാഗം കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമാണ്. പലർക്കും സ്വന്തമായി ഭൂമിയില്ല. ഉള്ളവർക്കു തന്നെ മൂന്നോ നാലോ സെന്റ് മാത്രം. തീരദേശ സംരക്ഷണ പദ്ധതികളുടെ അശാസ്ത്രീയത മൂലം കടൽ അടിച്ചു കയറി തീരം എടുത്തു പോകുന്നതും പതിവാണ്. സ്വന്തമായി തൊഴിലുപകരണങ്ങൾ ഉള്ളവരും കുറവ്. വിദ്യാഭ്യാസപരമായും വളരെ പിന്നിൽ. മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ടാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്. അത് തടസ്സപ്പെട്ടാൽ പലരുടെയും അടുപ്പിൽ തീ പുകയില്ല.
അമിത മത്സ്യബന്ധനം, അശാസ്ത്രീയ മത്സ്യബന്ധന രീതികൾ, കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, കണ്ടൽ കാടുകളുടെ നശീകരണം തുടങ്ങി വിവിധ കാരണങ്ങളാൽ കേരളീയ തീരങ്ങളിൽ മത്സ്യ ഉത്പാദനവും ലഭ്യതയും നാൾക്കു നാൾ കുറഞ്ഞു വരികയാണ്. വിദേശ യാനങ്ങളുടെ കടന്നു കയറ്റത്തോടെ ഇത് കൂടുതൽ രൂക്ഷമാവുകയും കേരളീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യം കൂടുതൽ കഷ്ടത്തിലാകുകയും ചെയ്തിട്ടുണ്ട്. മൺസൂൺകാലം പ്രജനന ഘട്ടമായതിനാൽ മത്സ്യസമ്പത്ത് കുറയാതിരിക്കാനാണ് ഈ കാലവയളവിൽ യന്ത്രബോട്ടുകളുപയോഗിച്ചുളള മത്സ്യബന്ധന നിരോധമെന്നാണ് പറയപ്പെടുന്നത്.
സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഈ വിലക്ക് പക്ഷേ വിദേശ ട്രോളറുകൾക്ക് ബാധകമല്ലാത്ത മട്ടാണ്. ട്രോളിംഗ് നിരോധ കാലത്ത് ഇന്ത്യൻ സമുദ്രതീരങ്ങളിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ പോലും അതിക്രമിച്ചു കയറി മത്സ്യബന്ധനം നടത്താറുണ്ട് വിദേശയാനങ്ങൾ. ആധുനിക മത്സ്യബന്ധന ഉപകരണങ്ങളും സൗകര്യങ്ങളുമായി എത്തുന്ന കുത്തകകൾ കടലിനെ ഊറ്റിയെടുക്കുന്നത് കാരണം കേരള തീരങ്ങളിൽ ഇപ്പോൾ മത്സ്യലഭ്യത വൻതോതിൽ കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാടിന്റെ ഫൈബർ ബോട്ടുകളും നിരോധന കാലത്ത് കേരളക്കരയിൽ വന്നു മീൻ തൂത്തുവാരിക്കൊണ്ടു പോയിരുന്നു. കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.
മഹാമാരി സൃഷ്ടിച്ച ദുരിതവും ദൈന്യാവസ്ഥയും മറികടക്കാൻ പല സംസ്ഥാനങ്ങളും മത്സ്യ ബന്ധന മേഖലക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ട്. കേരള സർക്കാർ കൊവിഡ് വ്യാപനത്തിനു ശേഷം മൂന്ന് തവണ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും മത്സ്യബന്ധന മേഖലയിൽ കാര്യമായ സഹായങ്ങളൊന്നും ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും നിലനിൽപ്പിനാധാരമായ മത്സ്യമേഖലയിൽ അടിയന്തരമായി പാക്കേജ് പ്രഖ്യാപിക്കണമെന്നു മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഈ മേഖല നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മത്സ്യ ജനിതക സമ്പത്ത് വരും തലമുറകൾക്കായി നിലനിർത്തുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിൽ വരുത്തുകയും കേരളത്തിന്റെ കടലോരങ്ങളെ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന സർക്കാർ നയം അടിമുടി തിരുത്തുകയും ചെയ്യേണ്ടതുണ്ട്.