Connect with us

Health

ഇന്ന് ലോക ശ്വാസകോശ കാന്‍സര്‍ ദിനം; അറിയണം ഈ മാരക രോഗത്തെ

Published

|

Last Updated

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സര്‍. ഏതുസമയത്തും ആര്‍ക്കുവേണമെങ്കിലും ശ്വാസകോശ കാന്‍സര്‍ വരാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സറാണിത്. ശ്വാസകോശ അര്‍ബുദബാധിതരില്‍ 67 ശതമാനവും പുരുഷന്മാരാണ്. അഞ്ചുശതമാനം യുവാക്കളിലും രോഗം കണ്ടുവരുന്നുണ്ട്. ചികിത്സയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതുകൊണ്ട് തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. വര്‍ഷംതോറും പുകയില ഉപയോഗത്താല്‍ 50 ലക്ഷം ആളുകളാണ് മരണമടയുന്നതെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. 90 ശതമാനം ശ്വാസകോശ കാന്‍സറും പുകയില ഉപയോഗം മൂലമുണ്ടാകുന്നതാണ്. സിഗരറ്റ്, പുകയില, ബീഡി തുടങ്ങിയവയില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി കാര്‍സിനോജനുകളുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരാറുണ്ട്. അന്തരീക്ഷ മലിനീകരണം, ജനിതകകാരണങ്ങള്‍, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിവയാണ് ഇവരില്‍ കാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുന്നത്.

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക കാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ കാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. ചിലര്‍ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ പോലും പരാചയപ്പെടുന്നുണ്ട്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.

ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

നിര്‍ത്താതെയുളള ചുമ നിസാരമായി കാണരുത്. അത് ചിലപ്പോള്‍ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത് ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കില്‍ പരിശോധന നടത്തുകയും വേണം. ശ്വാസംമുട്ടല്‍ ഇല്ലാത്ത വ്യക്തിക്ക് ശ്വസിക്കാനുളള ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നടക്കുമ്പോള്‍ കിതപ്പ് ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശ്വാസതടസവും ചുമയും ഉള്ളപ്പോള്‍ നെഞ്ചുവേദന ഉണ്ടാകുന്നുണ്ടെങ്കില്‍ നിസാരമായി കാണരുത്. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക, പെട്ടെന്ന് ശരീരഭാരം കുറയുക എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ പ്രയാസം അനുഭവപ്പെടുന്നവര്‍ ഡോക്ടറുടെ ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്.

ശ്വാസകോശ കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം

പുകവലി നിര്‍ത്തുന്നതിലൂടെ നല്ലൊരു ശതമാനം ശ്വാസകോശ കാന്‍സറുകളും തടയാന്‍ സാധിക്കും. വായു മലിനീകരണം തടയുക, ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നിവയും പ്രതിരോധ മാര്‍ഗമാണ്. ശ്വാസകോശാര്‍ബുദം സുഖപ്പെടുത്താന്‍ ഭക്ഷണത്തിലൂടെ കഴില്ലെങ്കിലും വിറ്റാമിനുകള്‍, ധാതുക്കള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഭക്ഷ്യനാരുകള്‍, തൈര് തുടങ്ങിയവ ഉള്‍പ്പെടുത്തിയ ആഹാരം ശ്വാസകോശ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രോസസ്ഡ് ഫുഡ്, ചുവന്ന മാംസം എന്നിവ ശ്വാസകോശ കാന്‍സര്‍ സാധ്യത കൂട്ടുന്നതിന് കാരണമാകുന്നു.

ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ അര്‍ബുദ സാധ്യത തടയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
തക്കാളിയാണ് ശ്വാസകോശ കാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന “ലൈക്കോപീന്‍” ആണ് ഇതിന് സഹായിക്കുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.

കാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റിലടങ്ങിയ വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍, ബീറ്റാ ക്രിപ്റ്റോ സാന്തിന്‍, ലൈക്കോപീന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ എന്നിവ ശ്വാസകോശാര്‍ബുദ സാധ്യതയെ കുറയ്ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്തു്നനതും നല്ലതാണ്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ ശ്വാസകോശ കാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ഉള്ളിയും വെളുത്തുള്ളിയും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
ഇഞ്ചിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടീയിലടങ്ങിയ സംയുക്തങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബ്ലൂബെറി കഴിക്കുന്നത് ശ്വാസകോശ ആരോഗ്യത്തിന് ഉത്തമമാണ്.

ശ്വാസകോശ അര്‍ബുദ ചികിത്സ

ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ടുവന്നിരുന്ന രോഗമായിരുന്നു ശ്വാസകോശ അര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ രോഗം കണ്ടുവരുന്നു. നെഞ്ചിന്റെ എക്സറേ എടുക്കുന്നതാണ് പരിശോധനയുടെ ആദ്യഘട്ടം. കഫം പരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. രാവിലത്തെ കഫമാണ് പരിശോധനയ്ക്കെടുക്കേണ്ടത്. ശ്വാസനാളിയിലൂടെ ട്യൂബ് കടത്തി നടത്തുന്ന ബ്രോങ്കോസ്‌കോപ്പിയിലൂടെ കാന്‍സര്‍ നേരിട്ടുകാണാന്‍ സാധിക്കും. സി.ടി സ്‌കാനിലൂടെ കാന്‍സറിന്റെ ഘട്ടവും വ്യാപ്തിയും ഏതു ചികിത്സയാണ് സ്വീകരിക്കേണ്ടതെന്നും തീരുമാനിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. പരിശോധനകള്‍ക്കുശേഷം കാന്‍സര്‍ കോശങ്ങളില്‍ നടത്തുന്ന ബയോപ്സിയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക. ശരീരത്തില്‍ മറ്റെവിടെയെങ്കിലും രോഗം വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ തലമുതല്‍ പാദം വരെ വരിശോധിക്കുന്ന പെറ്റ് സിടി സ്‌കാനിങിനും രോഗികളെ വിധേയരാക്കുന്നു.

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി എന്നിവയാണ് രോഗത്തിനുള്ള സാധാരണ ചികിത്സ. ആദ്യ സ്റ്റേജിന്് ശസ്ത്രക്രിയയാണ് നല്‍കുക. ശ്വാസകോശം പൂര്‍ണ്ണമായും എടുത്തുമാറ്റുന്ന ന്യൂമോണക്റ്റമി അല്ലെങ്കില്‍ രോഗം ബാധിച്ച ലോബ് മാത്രം എടുത്തുമാറ്റുന്ന ലോബറ്റമി എന്നിവയാണ് ശസ്ത്രക്രിയയില്‍ പ്രധാനമായുള്ളത്. ലോബറ്റമിയാണെങ്കില്‍ ശ്വാസകോശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. ഓപ്പറേഷന്‍ കഴിഞ്ഞാലും രോഗിക്ക് ജീവിതരീതിയില്‍ വലിയ പ്രയാസമുണ്ടാകില്ല.
രണ്ടാം സ്റ്റേജില്‍ ശസ്ത്രക്രിയയും റേഡിയേഷനുമാണ് നല്‍കുക. കീമോ തെറാപ്പിയും റേഡിയേഷനും ചേര്‍ന്നതാണ് മൂന്നാം സ്റ്റേജ്. നാലാം സ്റ്റേജിലാണ് രോഗിയെങ്കില്‍ കീമോ തെറാപ്പി മാത്രമാണ് നല്‍കുക. രോഗിയുടെ ആരോഗ്യസ്ഥിതിയും രോഗത്തിന്റെ തീവ്രതയും അനുസരിച്ചാണ് ചികിത്സകള്‍ നല്‍കുക.

ശ്വാസകോശ കാന്‍സര്‍, കവിള്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന
ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ പോലുള്ള ലഹരിവസ്തുക്കള്‍ ഒഴിവാക്കുകയെന്നതാണ് ശ്വാസകോശ അര്‍ബുദം പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സ്വീകരിക്കേണ്ട പ്രധാന മാര്‍ഗം. ഒപ്പം ചിട്ടയായ വ്യായാമവും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള നടത്തവും രോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും

---- facebook comment plugin here -----

Latest