Kerala
രാഖില്‍ ബിഹാറില്‍ പോയതിന് തെളിവ് ലഭിച്ചു; ഉത്തരേന്ത്യന്‍ ശൈലിയിലുള്ള കൊലപാതകം: മന്ത്രി എം വി ഗോവിന്ദന്‍
കണ്ണൂര്‍ | കോതമംഗലത്ത് നടന്നത് ഉത്തരേന്ത്യന്‍ ശൈലിയിലുള്ള കൊലപാതകമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖില്‍ ബിഹാറിലേക്ക് യാത്രചെയ്തെന്നും കേസില്‍ പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ് പിയുമായി സംസാരിച്ചിരുന്നുവെന്നും കൊല്ലപ്പെട്ട മാനസക്ക് അന്തിമോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ മന്ത്രി പറഞ്ഞു. രാഖില്‍ ബിഹാറില്‍പോയതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രാഖിലും സുഹൃത്തും ബിഹാറില്‍ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറല്‍ എസ് പി പറഞ്ഞത്. ബിഹാറിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിച്ചു. അവിടെ രാഖിലിന് പരിചയമുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയുണ്ടായിരുന്നു. ഇയാളെ അവിടെവെച്ച് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പയ്യാമ്പലത്തെ ശ്മശാനത്തില്‍ എത്തിച്ചു. നാറാത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്.