Connect with us

Editorial

ദുരന്തങ്ങളായി മാറുന്ന പ്രണയങ്ങള്‍

Published

|

Last Updated

പ്രണയ നൈരാശ്യത്തില്‍ ഇണയുടെ ജീവന്‍ അപകടപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജനായ മാനസ, പ്രണയത്തിന്റെ ആദ്യ ഇരയല്ല. അവസാനത്തേതാകാനും സാധ്യതയില്ല. ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ, തൃശൂരിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി നീതു, മലക്കപ്പാറയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ട എറണാകുളത്തെ പതിനേഴുകാരി, പെരിന്തല്‍മണ്ണ ഏളാട് കുത്തേറ്റു മരിച്ച ദൃശ്യ, ഒന്നരക്കൊല്ലം മുമ്പ് കാക്കനാട് അത്താണിയില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് തീയിട്ടു കൊലപ്പെടുത്തിയ ദേവിക എന്നിങ്ങനെ സംസ്ഥാനത്തെ ഇത്തരം ഇരകളുടെ പട്ടിക നീണ്ടതാണ്. പ്രണയം നിഷേധിച്ച കാമുകിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് നമ്മുടെ നാട്. കമിതാക്കളുടെ ആത്മഹത്യ, മാനസിക രോഗം തുടങ്ങിയവയായിരുന്നു മുന്‍കാലങ്ങളില്‍ പ്രണയ നൈരാശ്യത്തിന്റെ അനന്തര ഫലമെങ്കില്‍ ഇന്നത് പകയായി വളര്‍ന്ന് കത്തിയും തോക്കുമെടുപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളുടെ കാരണങ്ങളില്‍ മൂന്നാമത് പ്രണയമാണെന്നാണ് 2019 നവംബറില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2001-2017 കാലത്ത് രാജ്യത്ത് പ്രണയത്തെ തുടര്‍ന്ന് കൊല്ലപ്പട്ടവരുടെ എണ്ണം 44,412 വരുമെന്നും ഈ കാലയളവില്‍ പ്രണയക്കൊലകളില്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജനങ്ങള്‍ വിദ്യാഭ്യാസപരമായി ഏറെ ഉയര്‍ന്ന സാഹചര്യത്തില്‍ ഞെട്ടിക്കുന്നതാണ് ഈ കണക്ക്. പലപ്പോഴും പ്രണയം നിരസിക്കുകയോ, കാമുകിയുടെയോ ഭാര്യയുടെയോ മറ്റൊരു ബന്ധം വെളിച്ചത്തു വരികയോ ചെയ്യുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന വികാരക്ഷോഭമാണ് കമിതാവിനെ അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് നയിക്കുന്നതെങ്കില്‍, കോതമംഗലത്തെ ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയുടെ കൊലപാതകം ആസൂത്രിതവും ഒരു മാസത്തോളം നീണ്ട തയ്യാറെടുപ്പിനു ശേഷവുമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ആദ്യം മാനസ താമസിക്കുന്ന വീടിന് അമ്പത് മീറ്റര്‍ മാറി മുറി വാടകക്കെടുത്തു താമസമാക്കി കാമുകന്‍ രഗില്‍. ഇവിടെ നിന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം നിരീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അതിനിടെ ബിഹാറില്‍ പോയി തോക്ക് സംഘടിപ്പിച്ചു. ജൂലൈ 12 മുതല്‍ 20 വരെ ബിഹാറില്‍ വിവിധ സ്ഥലങ്ങളില്‍ രഗില്‍ താമസിച്ചിരുന്നതായി സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പണം കൊടുത്താലും കേരളത്തില്‍ തോക്ക് ലഭിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടായിരിക്കണം തോക്കിനായി ബിഹാറിലേക്ക് വണ്ടി കയറിയത്. അവിടെ തോക്കുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ ധാരാളമുണ്ട്. തിരിച്ചെത്തിയ ശേഷം മാനസ കൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവിടെയെത്തി ഒരു മുറിയിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോയി വെടിയുതിര്‍ത്തത്. തോക്ക് ലഭ്യമായതിനൊപ്പം വെടിയുതിര്‍ക്കാനുള്ള പരിശീലനവും രഗിലിനു ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

വിദ്യാലയങ്ങളിലെ, ജോലിസ്ഥലത്തെ, പൊതുഗതാഗതത്തിനിടയിലെ കൂടിക്കാഴ്ചയാണ് പ്രണയമായി പരിണമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടെ പ്രണയത്തിനു കൂടുതല്‍ സൗകര്യം കൈവന്നു. നാടിനെ നടുക്കിയ കോതമംഗലം കൊലപാതകത്തിലേക്ക് നയിച്ച പ്രണയത്തിലെ കഥാപാത്രങ്ങളായ രഗിലും മാനസയും പരിചയപ്പെട്ടത് തുടക്കത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു. ഏറെ നാളത്തെ ബന്ധത്തിനു ശേഷമാണ് മാനസ പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ തുടങ്ങിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒരു പക്ഷേ, തന്റെ വീട്ടിലെയും കുടുംബത്തിലെയും പ്രതികൂല സാഹചര്യങ്ങളായിരിക്കാം, അല്ലെങ്കില്‍ രഗിലുമായി കൂടുതല്‍ അടുത്തപ്പോള്‍ അയാളുമായി ഭാവിയില്‍ ഒത്തുപോകാന്‍ സാധ്യമല്ലെന്ന തിരിച്ചറിവു കൊണ്ടായിരിക്കാം ഈ പിന്മാറ്റം. ഇതുപക്ഷേ, രഗിലിന് സഹിച്ചില്ല. മാനസ മറ്റൊരാളുടെ കൂടെ ജീവിക്കേണ്ടെന്ന് അവന്‍ തീരുമാനിക്കുകയായിരുന്നു. മിക്കപ്പോഴും സിനിമകളും സീരിയലുമൊക്കെയാണ് കാമുകിയുടെ സ്‌നേഹ നിരാസത്തിന് തോക്കുകൊണ്ട് പകരം ചോദിക്കാന്‍ യുവതക്കു പ്രചോദനം നല്‍കുന്നത്.

പല പ്രണയങ്ങളും മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെല്ലാത്ത തൊലിപ്പുറ സ്പര്‍ശി മാത്രമായിരിക്കും. അത്തരം ബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിച്ചാല്‍ തന്നെ പെണ്‍കുട്ടിയുടെ ഭാവി ശോഭനമായിരിക്കണമെന്നില്ല. പ്രണയകാലം നിറമുള്ള സ്വപ്‌നങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അന്ന് പങ്കാളിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ പ്രണയികള്‍ സന്നദ്ധമാകും. കണ്ടുമുട്ടുന്ന ചുരുങ്ങിയ സമയങ്ങളില്‍ ഇണയെ സന്തോഷിപ്പിക്കാന്‍ ഉത്സാഹിക്കും. സ്വന്തം വ്യക്തിത്വത്തിന്റെ ഏറ്റവും നല്ല വശമാകും ഇഷ്ടപ്പെടുന്നയാള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക. പ്രണയാനന്തരം വിവാഹം ചെയ്ത് ഒന്നിച്ചു താമസിക്കുമ്പോഴാണ്, താന്‍ മനസ്സിലാക്കിയ കഴിവിനും ഗുണങ്ങള്‍ക്കുമൊപ്പം ഇണക്ക് പരിമിതികളും ചില ദോഷവശങ്ങളും ഉണ്ടെന്നു തെളിഞ്ഞുവരുന്നത്. പ്രണയകാലത്ത് നല്ല വാക്കുകള്‍ മാത്രം പറഞ്ഞിരുന്നവര്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ താമസമാകുന്നതോടെ കുത്തുവാക്കുകള്‍ പ്രയോഗിച്ചു തുടങ്ങും. നുള്ളിനോവിക്കാത്തയാള്‍ തല്ലിയെന്നുവരും. കലഹത്തിന്റെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെതുമായിരിക്കും പിന്നീടുള്ള നാളുകള്‍. പ്രണയം മരിക്കുന്ന ഈ ദുരവസ്ഥ വലിയ ദുരന്തമായി മാറിയേക്കും.

സ്ത്രീയും പുരുഷനും തമ്മില്‍ സ്‌നേഹം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ തനിക്കു പ്രഥമദൃഷ്ട്യാ ഇഷ്ടം ജനിച്ച വ്യക്തി, തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാന്‍ മാത്രം കഴിവും സ്വഭാവ ശുദ്ധിയുമുള്ളയാളാണോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷമേ അയാളുമായി അടുക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടാവൂ. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെയും തന്നെ സ്‌നേഹിക്കുന്ന ബന്ധുജനങ്ങളുടെയും കൂടി അഭിപ്രായം തേടുകയും കണക്കിലെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവരുടെ കണ്‍വെട്ടത്തു നിന്ന് മറഞ്ഞുനിന്നുള്ള ബന്ധങ്ങള്‍ മിക്കപ്പോഴും ദുരന്തമായി പര്യവസാനിക്കാനാണ് സാധ്യത.

Latest