International
ജോ ബൈഡന്റെ മകന് ആദരമര്‍പ്പിച്ച് കൊസോവോ
പ്രിസ്റ്റീന | അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മരിച്ചുപോയ മകന്‍ ബ്യൂ ബൈഡന് ആദരമര്‍പ്പിച്ച് തെക്കേ യൂറോപ്പ്യന്‍ രാജ്യമായ കൊസോവോ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി കൊസോവോ പ്രസിഡന്റ് മെഡല്‍ സമര്‍പ്പിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് അവസാനിച്ച യുദ്ധത്തിന് ശേഷം കൊസോവോയിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായി നടത്തിയ പരിശ്രമങ്ങള്‍ക്കായാണ് ആദരം. 1998-99 കാലത്ത് നടന്ന യുദ്ധങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രദേശിക ന്യായാധിപന്മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും യൂറോപ്പുമായി സഹകരണത്തിലെത്താനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ പരിശീലനം നല്‍കിയത് ബ്യൂ ബൈഡന്‍ ആയിരുന്നു. ഡെലാവെയറിലെ അറ്റോണി ജനറല്‍ കൂടിയായിരുന്ന അദ്ദേഹം 2015 ല്‍ 46 ാം വയസില്‍ അര്‍ബുദ ബാധിതനായി മരണപ്പെടുകയായിരുന്നു.
കൊസോവോയിലെ ബ്യൂ ബൈഡന്റെ പ്രവൃത്തികള്‍ ഹൃദയംഗമമായിരുന്നുവെന്നും രാജ്യത്തോട് അവന്‍ ഇഷ്ടം വച്ചു പുലര്‍ത്തിയിരുന്നതായും ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ ജോ ബൈഡന്‍ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 2016 ല്‍ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കെ കൊസോവോയില്‍ ബ്യൂ ബൈഡന്റെ സ്മരണാര്‍ഥം ഒരു പ്രധാന പാതക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. 2008 ല്‍ കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ സെര്‍ബിയ തയ്യാറായിട്ടില്ല.