Connect with us

National

ഐ ടി നിയമത്തിലെ റദ്ദാക്കിയ 66 എ വകുപ്പ് ഉപയോഗിക്കുന്നത് തുടരുന്നു; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ഐ ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയിട്ടും ഉപയോഗം തുടരുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പീപിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്.

2015 മാര്‍ച്ചില്‍ ഈ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ വകുപ്പിന്റെ ഉപയോഗം തുടരാതിരിക്കാന്‍ സമഗ്രമായ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാനും ബി ആര്‍ ഗവായിയും ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. റദ്ദാക്കിയ വകുപ്പില്‍ പോലീസ് കേസെടുക്കുക മാത്രമല്ല, രാജ്യത്തെ പല കോടതികളിലും വിചാരണ നടക്കുന്ന കേസുകളില്‍ ഈ വകുപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഹരജിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജൂഡിഷ്യറിയെ വേറെത്തന്നെ പരിഗണിക്കാമെന്നും പോലീസിനായി വ്യക്തമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബഞ്ച് വ്യക്തമാക്കി. ഈ വിഷയത്തില്‍ കൂടുതല്‍ വാദം നാലാഴ്ച കഴിഞ്ഞ് കേള്‍ക്കും.

നേരത്തേ ഈ വകുപ്പ് ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു. ഏതെങ്കിലും കേസുകളില്‍ 66 എ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. വകുപ്പ് റദ്ദാക്കിയിട്ടും തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ജൂലൈ അഞ്ചിന് സുപ്രീം കോടതി ഞെട്ടല്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ഈ കത്തയച്ചത്. ആര്‍ട്ടിക്കിള്‍ 19 (1) ന്റെ ലംഘനമാണ് ഈ വകുപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് 66 എ റദ്ദാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയുരുന്നത്.

Latest