Articles
കൊവിഡ്: അതിജീവനത്തിന് വഴികള്‍ തുറക്കണം
കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതിലെ വിവാദങ്ങള്‍ ഒരുവഴിക്കു നടക്കുമ്പോള്‍ കൊവിഡിനു ശേഷം, കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന മരണങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ദിവസമാണ് ഒരു വ്യവസായി തന്റെ കടയില്‍ തൂങ്ങി മരിച്ചത്. ഇതിനു പിന്നിലെ കാരണങ്ങള്‍ പരിശോധിച്ചാല്‍ വരും ദിവസങ്ങളിലും ഇത്തരം ആത്മഹത്യകളുടെ എണ്ണം ഉയരാന്‍ തന്നെയാണ് സാധ്യത. പത്രങ്ങളിലെ മരണ വാര്‍ത്താ പേജുകളില്‍ കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ആത്മഹത്യകള്‍ കൂടുതലായി ഇടം പിടിക്കുന്നു. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവരിലേറെയും കടം വാങ്ങിയും ബേങ്കുകളില്‍ നിന്ന് ലോണെടുത്തും തുടങ്ങിവെച്ച സംരംഭങ്ങളുടെ ഉടമസ്ഥരും മറ്റുമാണ്. പ്രതീക്ഷയുടെ തിരിനാളം കണ്ട് യാത്രതിരിച്ചവരുടെ മങ്ങിയ ജീവിത യാഥാര്‍ഥ്യത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.
എവിടെ തിരിഞ്ഞാലും കേള്‍ക്കുന്നത് കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലുകളുടെയും ബുദ്ധിമുട്ടിന്റെയും കഥകളാണ്. കൊവിഡ് കാലം വലിയ ചില മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുന്നു. കൊവിഡിന്റെ ആദ്യ കാലങ്ങളില്‍ നാമിത് പ്രതീക്ഷിച്ചതല്ല. ഒരു വര്‍ഷം കഴിഞ്ഞും കൊവിഡ് അശ്വമേധം നടത്തുന്നു. നമ്മുടെ സംസ്ഥാനത്ത് രണ്ടാമതും മൂന്നാമതുമൊക്കെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഒരു തിരിച്ചുവരവിന്റെ സാധ്യതയെയാണ് ഇതെല്ലാം ഇല്ലാതാക്കിയത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണെങ്കിലും കഴിഞ്ഞ ദിവസം അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിക്കേണ്ടി വന്നത്, ഇനിയും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോയാല്‍ അത് ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബാധിക്കുമെന്നത് തിരിച്ചറിഞ്ഞിട്ടുതന്നെയാണ്. സംസ്ഥാനത്ത് 33,000 റെസ്റ്റോറന്റുകളാണ് പൂട്ടിക്കിടക്കുന്നത്. അതില്‍ പകുതിയോളം ഏതാണ്ട് പ്രവര്‍ത്തനം നിര്‍ത്തിയ മട്ടാണ്. 12,000 റെസ്റ്റോറന്റുകള്‍ ജി എസ് ടി രജിസ്ട്രേഷന്‍ നിര്‍ത്തലാക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. റെസ്‌റ്റോറന്റുകള്‍ പൂട്ടിപ്പോകുമ്പോള്‍ വലിയ പ്രതിസന്ധിയായി മുന്നില്‍ വന്നുനില്‍ക്കുന്നത് ഈ 33,000 റെസ്റ്റോറന്റുകളില്‍ ജോലിചെയ്തവരുടെ ഭാവിയാണ്.
ഈ പ്രതിസന്ധി കാലത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് ജനദ്രോഹ നടപടികള്‍ എന്ന് പരാതിയുയരുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളില്‍ നിരാശയുണ്ടാകുന്നു. എന്നാല്‍ കൊവിഡ് വിഷയങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കാന്‍ പോലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അത് ഏതുവിധേനയും അവര്‍ക്ക് നടപ്പാക്കേണ്ടിവരുന്നു. മാത്രമല്ല, ഈ മഹാമാരിക്കാലത്ത് മറ്റുള്ളവര്‍ക്ക് അകലം പാലിക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും അവസരം ലഭിക്കുമ്പോള്‍ അത് കിട്ടാതെ പോകുന്ന വിഭാഗങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും. അതിനവരെ അഭിനന്ദിക്കുക തന്നെ വേണം. അവര്‍ ചെയുന്ന നല്ല കാര്യങ്ങള്‍ മാധ്യമങ്ങളിലോ പൊതുസഭകളിലോ ചര്‍ച്ചചെയ്യപ്പെടാറില്ല. അതിനിടയില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് വലിയ ചര്‍ച്ചയാകുകയും ചെയ്യുന്നു. ഇങ്ങനെ സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനേക്കാള്‍ പോലീസ് ശ്രദ്ധിക്കേണ്ടത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരോട് ചേര്‍ന്നു നില്‍ക്കാനാണ്. നാടിനും പൊതുജനത്തിനും ബുദ്ധിമുട്ടുണ്ടാകാത്തപക്ഷം നിയമത്തിനെ അന്ധമായി പിന്തുടരാതെ അതിന്റെ അന്തസ്സത്ത മനസ്സിലാക്കി, മാനുഷികമായ പരിഗണന സാധാരണക്കാര്‍ക്ക് നല്‍കിക്കൊണ്ട് തണലാകാന്‍ പോലീസുകാര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ക്രമസമാധാനപാലനം ഒരു സേവനമെന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ.
അജ്ഞാതമായ പല കാരണങ്ങള്‍ കൊണ്ട് ഇനിയും കുറവില്ലാതെ തുടരുകയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍. കൊവിഡ് പിടിച്ചുലച്ച തൊഴില്‍ സംരംഭങ്ങളും ജീവിതങ്ങളും തുടര്‍ക്കഥകളായി പത്രങ്ങളിലും വാരികകളിലും വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് കൊവിഡ് മാറ്റിമറിച്ച സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ സാധ്യതകളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി, നൂറ് ശതമാനം തൊഴില്‍ സാധ്യതകളുള്ള ഹ്രസ്വകാല കോഴ്സുകള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നല്ലതു തന്നെ; പക്ഷേ പുതിയ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം ഇപ്പോള്‍ നിരത്തിലുള്ള പഴയ വാഹനങ്ങള്‍ കൂടി എങ്ങനെ സംരക്ഷിച്ചു കൊണ്ടുപോകാന്‍ കഴിയും എന്ന് ചിന്തിക്കുന്ന പോലെ നിലവില്‍ പ്രതിസന്ധിയിലായ തൊഴില്‍ മേഖലകളെക്കൂടി രക്ഷിച്ചെടുക്കാന്‍ പ്രത്യേകം പാക്കേജുകള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്. സര്‍ക്കാറിനെ കുറ്റം പറയാനാകില്ല. സാമ്പത്തിക പ്രതിസന്ധി ഓരോ മനുഷ്യരെപ്പോലെയും സര്‍ക്കാറിനെയും ബാധിച്ചിട്ടുണ്ട്. വ്യവസായരംഗം തകര്‍ന്ന് അതുവഴി നികുതിയുടെ ഒഴുക്ക് നിലച്ചപ്പോള്‍ സര്‍ക്കാര്‍ പോലും പ്രതിസന്ധിയിലായി. ഈയവസരത്തില്‍ സര്‍വം സര്‍ക്കാറില്‍ പഴിചാരാതെ, സര്‍ക്കാറിനെ അധികം ആശ്രയിക്കാതെ തന്നെ ജനം സ്വയം തൊഴില്‍ മേഖലകള്‍ ക്രമീകരിക്കേണ്ടതുണ്ട്.
ഈ കൊവിഡ് കാലം മാറിവരുമ്പോള്‍ കാണാനിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരിക്കും. ഇവിടെ അവശേഷിക്കുന്നവര്‍ കനല്‍ വഴികള്‍ താണ്ടിയവരായിരിക്കും. ശാരീരികമായും മാനസികമായും പരീക്ഷണങ്ങളുടെ പേമാരിയെ അതിജീവിച്ച ജനങ്ങളാണ് കൊവിഡാനന്തരം അവശേഷിക്കുക. ആ നല്ല കാലത്തിനായി കാത്തിരിക്കാം. അതുവരെ ചൂഴ്ന്നുനില്‍ക്കുന്ന പ്രതിസന്ധികളെ സധൈര്യം നേരിടുക തന്നെ വേണം.
(അസിസ്റ്റന്റ് പ്രൊഫസര്‍,
സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി, കൊച്ചി സര്‍വകലാശാല)
ഡോ. അബേഷ് രഘുവരന്‍