Kerala
പെഗാസസ്; വേറിട്ട പ്രതിഷേധ ആസൂത്രണത്തിനായി പ്രതിപക്ഷം ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി | പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായി പത്ത് ദിവസം പാര്‍ലിമെന്‍്‌റ് നടപടികള്‍ തടസ്സപ്പെട്ടിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം വേറിട്ട സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിനായി ഇന്ന് 14 പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരും. മോക്ക് പാര്‍ലിമെന്റ് നടത്തി വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ ആലോചന. പാര്‍ലിമെന്റില്‍ ഇനി സര്‍ക്കാറിനോട് സ്വീകരിക്കേണ്ട സമീപനവും ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ചയും റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു. കൊവിഡ് സാഹചര്യം ആദ്യം ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെയാണ് പുറത്ത് മോക്ക് പാര്‍ലമെന്റ് നടത്തി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്.
ഇതിനിടെ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം വേണമെന്ന എന്‍ ഡി എ കക്ഷിയായ ജെ ഡി യു നിലപാടില്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. പെഗാസസ് ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് ജെ ഡി യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. നിതീഷിന്റെ ആവശ്യത്തില്‍ ഇതുവരെ ബി ജെ പി നേതൃത്വം വ്യക്തായി പ്രതികരിച്ചിട്ടില്ല. നിതീഷിന്റേത് അടക്കമുള്ള ആവശ്യം ഉയര്‍ത്തി സര്‍ക്കാറിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.