Kerala
പ്ലസ് വണ്‍: സംസ്ഥാനത്ത് 26,481 സീറ്റുകളുടെ കുറവുണ്ട്, പരിഹരിക്കും: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം | ഉപരി പഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെ 26,481 സീറ്റുകളുടെ കുറവുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം 2,700 സീറ്റുകള്‍ ഇനിയും ആവശ്യമാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സീറ്റല്ല, ബാച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കേണ്ടതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.
എസ് എസ് എല്‍ സിക്ക് ഒലുലക്ഷത്തിലധികം പേര്‍ക്ക് ഇത്തവണ എ പ്ലസ് കിട്ടിയെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ജിനല്‍ സീറ്റ് വര്‍ധനക്കു ശേഷവും മലബാറില്‍ സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്ക് പോലും പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി വേണം.