National
ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ജയിലില്‍ കഴിയുന്ന കൊടുംകുറ്റവാളിയിലേക്ക്
റാഞ്ചി | ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ജയിലില്‍ കഴിയുന്ന യു പിയിലെ കൊടുംകുറ്റവാളിയിലേക്ക് നീങ്ങുന്നു. അമന്‍സിങ് ഗൗതം ഡേ എന്ന ഗുണ്ടാ നേതാവിന്റെ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ധന്‍ബാദ് സെഷന്‍ കോടതി ജഡ്ജി ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാതസവാരിക്കിടെ ആളൊഴിഞ്ഞ റോഡില്‍ അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിച്ച് ഉത്തം ആനന്ദ് കൊല്ലപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ധന്‍ബാദ് എംഎല്‍എ സഞ്ജീവ് സിങ്ങിന്റെ സഹായി രഞ്ജയ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമന്‍ സിങ്ങിന്റെ കേസ് 2017 ജനുവരി 29ന് ജഡ്ജി ഉത്തം ആനന്ദ് കേട്ടിരുന്നു. സഞ്ജീവ് സിങ്ങിന്റെ ജയില്‍ ശിക്ഷ്‌ക്ക് കാരണമായ കൊലപാതകത്തില്‍ അറസ്റ്റിലായ സംഘത്തിലെ ഷാര്‍പ് ഷൂട്ടര്‍മാരായ അഭിനവ് സിങ്ങിന്റെയും രവി ഠാക്കുറിന്റെയും ജാമ്യാപേക്ഷ ആനന്ദ് റദ്ദാക്കിയിരുന്നു. അമന്‍ സിങ്ങിന്റെ അനുയായികളായ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചെതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.