Connect with us

Editorial

വൈദ്യുതി നിയമ ഭേദഗതി: സമവായം വേണം

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമന്യേ കേരള നിയമ സഭാംഗങ്ങള്‍ കൈകോര്‍ത്തു. ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യാഴാഴ്ച അവതരിപ്പിച്ച പ്രമേയം ഏകകണ്‌ഠേനയാണ് നിയമസഭ പാസ്സാക്കിയത്. വൈദ്യുതി കണ്‍കറന്റ് ലിസ്റ്റിലുള്ളതാണെന്നിരിക്കെ, ഭേദഗതി കൊണ്ടുവരുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിച്ചേ അന്തിമ തീരുമാനമെടുക്കൂവെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ദോഷകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതി ബില്ലുമായി കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ടു പോകുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

2003ലെ വൈദ്യുതി നിയമമാണ് ഭേദഗതി ചെയ്യുന്നത്. വൈദ്യുത മേഖലയെ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്നതിന്റെ മുന്നോടിയാണെന്നാണ് ഭേദഗതി ബില്ലിനെതിരെ ഉയരുന്ന മുഖ്യ ആരോപണം. ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ കൂടുതല്‍ വൈദ്യുതി വിതരണ കമ്പനികളെ അനുവദിക്കാമെന്നാണ് ബില്ലിലെ ഒരു വ്യവസ്ഥ. പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്ക് ലൈസന്‍സ് വേണ്ടതില്ല. സംസ്ഥാന റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നടത്താം. വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ കടന്നു വരുമ്പോള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന മത്സരം ആത്യന്തികമായി ഉപഭോക്താവിന് ഗുണം ചെയ്യുമെന്നുമാണ് ഇതുസംബന്ധമായി കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ ആത്യന്തികമായി അത് ഉപഭോക്താവിന് ദോഷകരമായാണ് ബാധിക്കുക. പുതുതായി വരുന്ന സ്വകാര്യ കമ്പനികള്‍ നല്ല തോതില്‍ ലാഭം ലഭിക്കുന്ന വന്‍കിട ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കളെയായിരിക്കും കൈയടക്കുന്നത്. അതോടെ പൊതുമേഖലയിലെ വൈദ്യുത കമ്പനികള്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കാര്‍ഷിക, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും പിന്നാക്ക വിദൂര ഗ്രാമീണ മേഖലകള്‍ക്കും വൈദ്യുതി നല്‍കുന്ന സ്ഥാപനമായി മാറുകയും നഷ്ടത്തിലേക്കും തകര്‍ച്ചയിലേക്കും കൂപ്പുകുത്തുകയും ചെയ്യും. ക്രോസ് സബ്‌സിഡി സമ്പ്രദായം ഇല്ലാതാകുകയായിരിക്കും ഇതിന്റെ പരിണതി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ചില വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് ക്രോസ് സബ്‌സിഡിയിലൂടെയാണ്. അഥവാ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടിയ നിരക്ക് ഈടാക്കി അതുവഴി ലഭിക്കുന്ന ലാഭം ഇതിലേക്ക് മാറ്റിവെക്കുന്നു. ശരാശരി വൈദ്യുതി വിലയേക്കാള്‍ രണ്ട് മുതല്‍ നാല് രൂപ വരെ കുറവാണ് കേരളത്തില്‍ ഗാര്‍ഹിക, കാര്‍ഷിക ഉപയോക്താക്കളുടെ നിരക്ക്. വാണിജ്യ ഉപയോക്താക്കള്‍ക്ക് ശരാശരി വിലയേക്കാള്‍ ഒരു രൂപയിലേറെ കൂടുതലുമാണ്. വാണിജ്യ ഉപയോക്താക്കളില്‍ നിന്നുള്ള അധിക വരുമാനം കൊണ്ടാണ് ഗാര്‍ഹിക ഉപയോക്താക്കളുടെയും കാര്‍ഷിക ഉപയോക്താക്കളുടെയും നിരക്കുകള്‍ കുറച്ചു നിര്‍ത്തുന്നത്. വാണിജ്യ ഉപയോക്താക്കള്‍ പുതുതായി വരുന്ന കമ്പനികളുടെ കീഴിലേക്ക് മാറിയാല്‍ അത് ക്രോസ് സബ്‌സിഡിക്ക് അന്ത്യം കുറിക്കുകയും ഗാര്‍ഹിക, കാര്‍ഷിക നിരക്ക് കുത്തനെ ഉയര്‍ത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുകയും ചെയ്യും. കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി ലഭിക്കാതെ വരുന്നത് രാജ്യത്തിന്റെ ഉത്പാദന മേഖലയെ മുരടിപ്പിക്കും. തൊഴിലില്ലായ്മ കുതിച്ചുയരുന്നതിനും ഇടയാക്കും.

നിലവില്‍ റഗുലേറ്ററി കമ്മീഷനുകള്‍ നിര്‍ണയിക്കുന്ന വൈദ്യുതി നിരക്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സബ്സിഡി നല്‍കാന്‍ അധികാരമുണ്ട്. അതിനുള്ള പണം സര്‍ക്കാര്‍ ബോര്‍ഡിന് നല്‍കിയാല്‍ മതി. കേരളത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം നല്‍കുന്നത് ഈ വിധേനയാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് നിരക്കിളവ് നല്‍കുന്ന നിലയില്‍ സര്‍ക്കാര്‍ എന്തെങ്കിലും സബ്സിഡി അനുവദിക്കുകയാണെങ്കില്‍ അത് ഉപയോക്താവ് അടക്കുന്ന നിരക്കില്‍ കുറവ് വരുത്തിയാകരുത്, പാചക വാതക സബ്സിഡിയുടെ മാതൃകയില്‍ നേരിട്ട് സബ്‌സിഡി ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുയാണ് വെണ്ടതെന്നാണ് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. ബോര്‍ഡ് എത്ര രൂപ നിശ്ചയിക്കുന്നുവോ ഉപയോക്താവ് അത് നല്‍കിക്കൊള്ളണം എന്ന സ്ഥിതിയാണ് വരാന്‍പോകുന്നത്. ഈ വ്യവസ്ഥയും സാധാരണ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുന്നു.

സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളില്‍ കേന്ദ്രം പിടിമുറുക്കുന്നതുള്‍പ്പെടെ വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനും വഴിയൊരുക്കുന്നു വൈദ്യുതി ഭേദഗതി നിയമം. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കായിരിക്കുമെന്ന് നിയമ ഭേദഗതിയില്‍ പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന അഞ്ചോ ആറോ അംഗങ്ങളുള്ള ഒരു സെലക്്ഷന്‍ കമ്മിറ്റിയാണ് കമ്മീഷനിലേക്കുള്ള അംഗങ്ങളെയും ചെയര്‍മാനെയും നിര്‍ണയിക്കുക. ഫലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.

സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വൈദ്യുതി വിതരണത്തില്‍ കൈകടത്താനുള്ള ഈ ശ്രമം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് കടകവിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വൈദ്യുതി മേഖലയിലുണ്ടായിരുന്ന പരിമിതമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കുന്നതാണ് ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും. വിശദമായ ചര്‍ച്ചകളിലൂടെ സംസ്ഥാന സര്‍ക്കാറുകളുടെ ആശങ്കകള്‍ പരിഹരിച്ചും അഭിപ്രായങ്ങള്‍ മാനിച്ചുമായിരിക്കണം ഒരു ഫെഡറല്‍ ഭരണ വ്യവസ്ഥയില്‍ ഇത്തരം നിയമ ഭേദഗതികള്‍ അവതരിപ്പിക്കേണ്ടതും പാസ്സാക്കേണ്ടതും.