Connect with us

Ongoing News

അവസാന ദിനം മഴ കളിച്ചു; ആദ്യ ടെസ്റ്റ് സമനിലയില്‍

Published

|

Last Updated

നോട്ടിംഗ്ഹാം | ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ജയിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷക്ക് വിരാമമിട്ട് നോട്ടിംഗ്ഹാമില്‍ മഴ. ഒരു ബോള്‍ പോലും എറിയാന്‍ സാധിക്കാത്ത വിധം മഴയായിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റ് സമനിലയായി പ്രഖ്യാപിച്ചു.

നാലാം ദിവസം കളി അവസാനിച്ചപ്പോൾ ഒമ്പത് വിക്കറ്റ് കൈയിലുണ്ടായിരുന്ന ഇന്ത്യക്ക് 157 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് ഇന്ത്യയെടുത്തത്. 12 വീതം റണ്‍സെടുത്ത രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയുമായിരുന്നു ക്രീസില്‍. 26 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ മികച്ച തുടക്കം നല്‍കി പുറത്തായി. സ്റ്റുവർട്ട് ബ്രോഡിനാണ് വിക്കറ്റ്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 303 റണ്‍സില്‍ ഒതുങ്ങിയിരുന്നു. 208 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. സെഞ്ചുറി നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിന് വലിയ പരുക്കേല്‍പ്പിക്കുകയും ചെയ്തു.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 25 റണ്‍സ് എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് നാലാം ദിവസം കളി ആരംഭിച്ചത്. റോറി ബേണ്‍സും ഡോം സിബ്ലിയുമായിരുന്നു ക്രീസില്‍. വൈകാതെ ബേണ്‍സിന്റെ വിക്കറ്റ് മുഹമ്മദ് സിറാജെടുത്തു. 18 റണ്‍സാണ് അദ്ദേഹം എടുത്തത്. പിന്നീടെത്തിയ സാക് ക്രോളി ആറ് റണ്‍സിന് ബുംറക്ക് മുന്നില്‍ കീഴടങ്ങി. 28 റണ്‍സെടുത്ത ഡോം സിബ്ലിയുടെ വിക്കറ്റും ബുംറയെടുത്തു.

എന്നാല്‍, ക്യാപ്റ്റന്‍ ജോ റൂട്ട് ഒരു ഭാഗത്ത് നിലയുറപ്പിക്കുകയായിരുന്നു. 172 ബോളില്‍ 14 ബൗണ്ടറികള്‍ അടക്കം 109 റണ്‍സെടുത്ത് ടീമിന് മികച്ച നില സമ്മാനിക്കാന്‍ റൂട്ടിന് സമ്മാനിച്ചു. ബുംറയുടെ ബോളില്‍ പന്ത് ക്യാച്ചെടുത്ത് റൂട്ട് മടങ്ങി. ജോണി ബെയര്‍സ്‌റ്റോ 30ഉം ഡാന്‍ ലോറന്‍സ് 25ഉം ജോസ് ബട്‌ലര്‍ 17ഉം സാം കറന്‍ 32ഉം ഒലി റോബിന്‍സണ്‍ 15ഉം റണ്‍സെടുത്തു.

മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് രണ്ട് വീതവും മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റും ലഭിച്ചു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 183ഉം ഇന്ത്യ 278ഉം റണ്‍സാണെടുത്തത്.