National
ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി | പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ഒരു മറുപടി പോലും പറയാതെ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം കേന്ദ്രം അവസാനിപ്പിച്ചു. കേന്ദ്രത്തിന്റെ ശിപാര്‍ശയില്‍ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. നടപടികള്‍ അവസാനിപ്പിച്ച് രാജ്യസഭയും പിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
പെഗസസ് വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നടത്തിയ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന പെഗസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നിരവധി തവണ ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടു. അവസരം മുതലാക്കി ചര്‍ച്ചകള്‍ പോലും നടത്താതെ നിരവധി ബില്ലുകള്‍ ഭരണപക്ഷം അവതരിപ്പിച്ച് പാസാക്കി. സഭാ തലത്തില്‍ ഇറങ്ങി നിരവധി തവണ പ്രതിപക്ഷം പ്രതിഷേധിച്ചു.
ഭരണപക്ഷത്ത് നിന്ന് ജെ ഡി യു അടക്കമുള്ള കക്ഷികളും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. പാര്‍ലിമെന്റിന് പുറത്തും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം രൂപപ്പെട്ടു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തില്‍ കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചു. ഈ ഒരു സാഹചര്യത്തിലാണ് പാര്‍ലിമെന്റ് പിരിയാന്‍ കേന്ദ്രം തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വികാരാധീനനായി പ്രതികരിച്ചു. പാര്‍ലിമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങള്‍ അതിരുവിടുന്നെന്നും വെങ്കയ്യനായിഡു കുറ്റപ്പെടുത്തി. സഭയിലെ സംഭവം ഓര്‍ത്ത് തനക്കി ഉറക്കം വരുന്നില്ലെന്നും വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.